കേരള പ്രീമിയര്‍ ലീഗിന് ഇന്ന് കിക്കോഫ്

Posted on: April 7, 2018 6:06 am | Last updated: April 7, 2018 at 10:02 am

തൃശൂര്‍: കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ഐ സി എല്‍ ഫിന്‍കോര്‍പ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അഞ്ചാം സീസണ്‍ കേരള പ്രീമിയര്‍ ലീഗ് 2017-18 ന് ഇന്ന് തുടക്കമാകും. എഫ് സി തൃശൂരും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള ഉദ്ഘാടന മത്സരം വൈകിട്ട് നാലിന് തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് നടക്കുക. തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ അജിത ജയരാജന്‍ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിനു പുറമെ കോഴിക്കോട് ഇ എം എസ് സ്റ്റേഡിയം, തിരൂര്‍ രാജീവ് ഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം, എറണാകുളം ഡോ. അംബേദ്കര്‍ സ്റ്റേഡിയം, എറണാകുളം പനമ്പിള്ളി നഗര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മൈതാനം എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. സംസ്ഥാനത്തെ പത്ത് പ്രമുഖ ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുക. ഐ എസ് എല്‍ മാതൃകയില്‍ ഹോം, എവേ അടിസ്ഥാനത്തിലാണ് കെ പി എല്‍ സംഘടിപ്പിക്കുന്നത്. ഗ്രൂപ്പ് എയില്‍ കേരള പോലീസ്, എസ് എ ടി തിരൂര്‍, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, എഫ് സി തൃശൂര്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി (ആര്‍) എന്നീ ടീമുകളും ഗ്രൂപ്പ് ബിയില്‍ എസ് ബി ഐ കേരള, ഗോകുലം എഫ് സി, സെന്‍ട്രല്‍ എക്‌സൈസ്, ക്വാര്‍ട്‌സ് എഫ് സി, എഫ് സി കേരള എന്നിവയുമാണുള്ളത്. ജേതാക്കള്‍ക്കും റണ്ണേഴ്‌സ് അപ്പിനും സ്ഥിരം ട്രോഫിയും യഥാക്രമം രണ്ട് ലക്ഷം, ഒരു ലക്ഷം രൂപ കാഷ് പ്രൈസും നല്‍കും.

2014 മേയില്‍ നടന്ന ആദ്യ കെ പി എല്ലില്‍ ഈഗിള്‍സ് എഫ് സി എറണാകുളമാണ് ജേതാക്കളായത്. പിന്നീട് നടന്നവയില്‍ യഥാക്രമം എസ് ബി ടി തിരുവനന്തപുരം (തുടര്‍ച്ചയായി രണ്ടു തവണ), കെ എസ് ഇ ബി ടീമുകള്‍ വിജയകിരീടം ചൂടി.

അതിനിടെ, കഴിഞ്ഞ തവണത്തെ ജേതാക്കളായ കെ എസ് ഇ ബി ടീമും തിരുവനന്തപുരം ഏജീസും പിന്മാറിയത് ടൂര്‍ണമെന്റിന് മങ്ങലേല്‍പ്പിക്കുന്നതായി. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ടൂര്‍ണമെന്റില്‍ പങ്കെടുക്കേണ്ടതില്ലെന്ന് കെ എസ് ഇ ബി ബോര്‍ഡ് അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. യാത്രക്കുള്ളത് ഉള്‍പ്പടെ രണ്ടര ലക്ഷം രൂപയാണ് ടീമിന് വേണ്ടിവരിക. ടീമിനെ പങ്കെടുപ്പിക്കാന്‍ മന്ത്രി തലത്തില്‍ ഇടപെടണമെന്ന മുന്‍ താരങ്ങളും ഫുട്‌ബോള്‍ പ്രേമികളും ശക്തമായി ഉന്നയിക്കുന്നുണ്ട്.