പീരങ്കിപ്പട കസറി

Posted on: April 7, 2018 6:03 am | Last updated: April 7, 2018 at 12:05 am
ആഴ്‌സണലിനായി റാംസി ഗോള്‍ നേടുന്നു

ലണ്ടന്‍: ഇംഗ്ലീഷ് വമ്പന്‍മാരായ ആഴ്‌സണല്‍, ഇറ്റാലിയന്‍ ക്ലബ്ബ് ലാസിയോ എന്നിവര്‍ യൂറോപ്പ ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലിനരികെ.

ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ആധികാരിക വിജയമാണ് ഗണ്ണേഴ്‌സും ഇറ്റലിയില്‍ നിന്നുള്ള ലാസിയോയും സ്വന്തമാക്കിയത്. സ്പാനിഷ് ടീം അത്‌ലറ്റികോ മാഡ്രിഡും ഒന്നാംപാദത്തില്‍ ജയിച്ചുകയറി.

അതേസമയം, ഫ്രാന്‍സിലെ മുന്‍നിര ക്ലബ്ബായ ഒളിംപിക് മാഴ്‌സെയ്ക്ക് അപ്രതീക്ഷിത പരാജയം നേരിട്ടു.

ഹോംഗ്രൗണ്ടായ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ റഷ്യന്‍ ക്ലബ്ബായ സിഎസ്‌കെഎ മോസ്‌കോയെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കു പീരങ്കിപ്പട തകര്‍ത്തു വിടുകയായിരുന്നു. ഗണ്ണേഴ്‌സിന്റെ നാലു ഗോളും ഒന്നാംപകുതിയിലായിരുന്നു.

ആരോണ്‍ റാംസിയുടെയും അലെക്‌സാണ്ട്രെ ലക്കാസറ്റെയുടെയും ഇരട്ടഗോളുകളാണ് ആഴ്‌സനലിന്റെ ജയത്തിന് കൂടുതല്‍ ആധികാരികത നല്‍കിയത്. ഒമ്പത്, 28 മിനിറ്റുകളിലായിരുന്നു റാംസിയുടെ ഗോളുകളെങ്കില്‍ 23, 35 മിനിറ്റുകളിലാണ് ലക്കാസറ്റെ സ്‌കോര്‍ ചെയ്തത്. ആസ്‌ത്രേലിയന്‍ ക്ലബ്ബായ റെഡ്ബുള്‍ സാല്‍സ്ബര്‍ഗിനെതിരേയായിരുന്നു ലാസിയോയുടെ തകര്‍പ്പന്‍ വിജയം. ഹോം മാച്ചില്‍ 4-2ന് ലാസിയോ എതിരാളികളെ തുരത്തി. മറ്റൊരു കളിയില്‍ പോര്‍ച്ചുഗലില്‍ നിന്നുള്ള സ്‌പോര്‍ട്ടിംഗ് ലിസ്ബണിനെയാണ് അത്‌ലറ്റികോ 2-0നു പരാജയപ്പെടുത്തിയത്. കോക്കെയും അന്റോണിയോ ഗ്രീസ്മാനും ഗോളുകള്‍ നേടി. മാഴ്‌സെയെ ജര്‍മന്‍ ക്ലബ്ബായ ലൈപ്ഷിഷ് ഹോം മാച്ചില്‍ 1-0നു പരാജയപ്പെടുത്തി.