ബഹളത്തിനൊടുവില്‍ പാര്‍ലിമെന്റ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

Posted on: April 7, 2018 6:09 am | Last updated: April 6, 2018 at 11:47 pm

ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ട ബഹളത്തിന് പിന്നാലെ പാര്‍ലിമെന്റിന്റെ ഇരുസഭകളും ഇന്നലെ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. 250ല്‍പരം മണിക്കൂറുകളാണ് ഈ സമ്മേളത്തില്‍ ഇരു സഭകളിലുമായി ബഹളത്തെ തുടര്‍ന്ന് നഷ്ടമായത്. 169.5 കോടിയാണ് സഭാ നടപടികള്‍ തടസ്സപ്പെട്ടതിലൂടെ പൊതുഖജനാവിന് നഷ്ടമായത്. രാജ്യസഭയില്‍ 19 ചോദ്യങ്ങള്‍ക്കും ലോക്‌സഭയില്‍ 580 ചോദ്യങ്ങള്‍ക്കും സര്‍ക്കാര്‍ വാക്കാല്‍ മറുപടി നല്‍കി.

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ടി ഡി പിയും കാവേരി പ്രശ്‌നത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള എം പിമാരും പ്രതിഷേധവുമായെത്തിയതാണ് സഭാ നടപടികള്‍ തടസ്സപ്പെടുത്തുന്നതിലേക്ക് നയിച്ചത്. ബേങ്ക് തട്ടിപ്പ് വാര്‍ത്തകളും സഭയെ പ്രക്ഷുബ്ധമാക്കി. ആന്ധ്രക്ക് പ്രത്യേക പദവി ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാതിരുന്നതോടെ മുന്നണി വിട്ട ടി ഡി പി അവിശ്വാസ പ്രമേയം കൊണ്ടുവന്നെങ്കിലും എ ഡി എം കെയുടെ ബഹളം ചൂണ്ടിക്കാണിച്ച് സ്പീക്കര്‍ പരിഗണിച്ചില്ല. അതിനിടെ, ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് വൈ എസ് ആര്‍ കോണ്‍ഗ്രസിലെ അഞ്ച് എം പിമാര്‍ രാജിവെച്ചു. സഭ തുടര്‍ച്ചയായി സ്തംഭിച്ചതിനെ തുടര്‍ന്ന് എന്‍ ഡി എ സര്‍ക്കാറിനെതിരെ കൊണ്ടുവന്ന അവിശ്വാസപ്രമേയം ചര്‍ച്ചക്കെടുക്കാന്‍ കഴിയാതെ വന്നതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ ഇവര്‍ വ്യക്തമാക്കി.

പാര്‍ലിമെന്റ് സ്തംഭനത്തില്‍ പ്രതിഷേധിച്ച് ഈ മാസം പന്ത്രണ്ടിന് ബി ജെ പി. എം പിമാര്‍ ഉപവാസം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ ഭിന്നിപ്പ് രാഷ്ട്രീയമാണ് ഇതിന് കാരണമെന്നും ബി ജെ പി ആരോപിക്കുന്നു. ദളിത് പ്രക്ഷോഭങ്ങള്‍ക്ക് സര്‍ക്കാറിനെ പഴിചാരുന്ന പ്രതിപക്ഷത്തിന് മറുപടിയായി ഈ മാസം പതിനാല് മുതല്‍ മെയ് അഞ്ച് വരെ ബ ിജെ പി. എം പിമാര്‍ ഇരുപതിനായിരത്തോളം ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുന്നതിനും പദ്ധതിയിട്ടുണ്ട്. ജനസംഖ്യയില്‍ അമ്പത് ശതമാനമെങ്കിലും ദളിതരുള്ള ഗ്രാമങ്ങളിലാകും നേതാക്കള്‍ സന്ദര്‍ശനം നടത്തുക. ദളിതരുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ നടത്തുന്ന പദ്ധതികളെക്കുറിച്ച് ബോധവത്കരണം നടത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.