Connect with us

National

ചീഫ് ജസ്റ്റിസിന്റെ മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍ അധികാരം ചോദ്യം ചെയ്ത് ഹരജി

Published

|

Last Updated

ന്യൂഡല്‍ഹി: കേസുകള്‍ ഏത് ബഞ്ചുകള്‍ക്ക് നല്‍കണമെന്ന് തീരുമാനിക്കുന്നതിന് ചീഫ് ജസ്റ്റിസിനുള്ള മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍ അധികാരത്തിനെതിരെ മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തി ഭൂഷണ്‍ സുപ്രീം കോടതിയില്‍. ഏകപക്ഷീയമായി കേസുകള്‍ ചീഫ് ജസ്റ്റിസ് വിഭജിച്ചു നല്‍കുന്ന രീതി മാറ്റണമെന്നവശ്യപ്പെട്ട് അദ്ദേഹം പൊതുതാത്പര്യഹരജി നല്‍കി. മകനും സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍ വഴിയാണ് ശാന്തി ഭൂഷണ്‍ ഹരജി സമര്‍പ്പിച്ചത്.

മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍ എന്നത് മാര്‍ഗദര്‍ശനമില്ലാത്തതും അനിയന്ത്രിതവുമായ വിവേചനാധികരമാക്കാന്‍ കഴിയില്ലെന്നും ഹരജിയില്‍ വ്യക്തമാക്കുന്നുണ്ട്. കൊളീജിയത്തിലെ അഞ്ച് ജഡ്ജിമാര്‍ ചേര്‍ന്ന സംവിധാനത്തിന് കേസുകള്‍ വിഭജിച്ചു നല്‍കാന്‍ അധികാരം നല്‍കണം. ചീഫ് ജസ്റ്റിസിനെതിരെ ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ സുപ്രീം കോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാരുടെ ആരോപണങ്ങള്‍ക്ക് ശക്തിപകരുന്ന ഹരജിയായതിനാല്‍ വരും ദിവസങ്ങളില്‍ ഇത് വിവാദമാകും.

ചീഫ് ജസ്റ്റിസ് ചട്ടവിരുദ്ധമായും ഏകപക്ഷീയമായും തീരുമാനങ്ങള്‍ എടുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസുമാരായ ചെലമേശ്വര്‍, രഞ്ജന്‍ ഗോഗി, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് കഴിഞ്ഞ ജനുവരിയില്‍ രംഗത്തെത്തിയത്. കേസ് ബഞ്ചുകള്‍ക്ക് വിടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തങ്ങളോട് ആലോചിച്ചില്ലെന്നും ജുഡീഷ്യറിയില്‍ കേന്ദ്ര സര്‍ക്കാര്‍ അവിഹിതമായി ഇടപെടുന്നുവെന്നും കൊളീജിയം തീരുമാനങ്ങള്‍ അവഗണിക്കുന്നുവെന്നും ആരോപിച്ചാണ് ഇവര്‍ രംഗത്തെത്തിയത്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം അടിയറ വെക്കപ്പെടുന്ന സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഴുവന്‍ ജഡ്ജിമാരുടെയും യോഗം വിളിക്കണമെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കുള്ള കത്തില്‍ ജസ്റ്റിസ് ചെലമേശ്വര്‍ ആവശ്യപ്പെട്ടിരുന്നു.

കര്‍ണാടകയിലെ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി. കൃഷ്ണ ഭട്ടിനെ ഹൈക്കോടതി ജഡ്ജിയാക്കണമെന്നു സുപ്രീം കോടതി കൊളീജിയം രണ്ട് തവണ ശിപാര്‍ശ ചെയ്തെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്തില്ല. പകരം, കൃഷ്ണ ഭട്ടിനെതിരെ ഒരു പ്രിന്‍സിപ്പല്‍ സിവില്‍ ജഡ്ജി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ ഈയിടെ കേന്ദ്ര നിയമ മന്ത്രാലയം കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദിനേഷ് മഹേശ്വരിയോട് നേരിട്ട് ആവശ്യപ്പെട്ടു. ആരോപണങ്ങളില്‍ കഴമ്പില്ലെന്നു 2016ല്‍ തന്നെ കര്‍ണാടക ചീഫ് ജസ്റ്റിസ് റിപ്പോര്‍ട്ട് നല്‍കിയതായിരുന്നു. നിയമ മന്ത്രാലയം ഹൈക്കോടതിക്കു നേരിട്ടു നിര്‍ദേശം നല്‍കാന്‍ വ്യവസ്ഥയുമില്ല. ഈ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ചെലമേശ്വര്‍, ചീഫ് ജസ്റ്റിസിനു കത്തെഴുതിയത്. ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിനായി സുപ്രീം കോടതി കൊളീജിയത്തിന് നല്‍കുന്ന ശിപാര്‍ശകളില്‍ സര്‍ക്കാറിന്റെ താത്പര്യത്തിന് വിരുദ്ധമായ വിധി പ്രസ്താവങ്ങളും ഉത്തരവുകളും പുറപ്പെടുവിക്കുന്ന ജഡ്ജിമാരെ ഒഴിവാക്കുന്നു എന്ന് ചെലമേശ്വര്‍ ആരോപിക്കുന്നു. ഇത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്നുണ്ടെന്നും ചെലമേശ്വര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Latest