വീണ്ടും ഫലസ്തീന്‍ കൂട്ടക്കുരുതി

Posted on: April 7, 2018 6:00 am | Last updated: April 6, 2018 at 10:48 pm

ഫലസ്തീന്‍ പൗരന്‍മാരുടെ ചോര കൊണ്ട് ഇസ്‌റാഈല്‍ അതിര്‍ത്തി ഒരിക്കല്‍ കൂടി ചുവന്നിരിക്കുന്നു. അതിര്‍ത്തി പ്രദേശത്ത് പ്രതിഷേധ പ്രകടനം നടത്തിയ ഫലസ്തീന്‍ യുവാക്കള്‍ക്ക് നേരെ ഇസ്‌റാഈല്‍ പ്രതിരോധ സേന (ഐ ഡി എഫ്)നടത്തിയ വെടിവെപ്പില്‍ 18 പേരാണ് മരിച്ചു വീണത്. നൂറ് കണക്കിന് പേര്‍ക്ക് പരുക്കേറ്റു. യു എന്നടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികളും വിവിധ രാഷ്ട്ര നേതാക്കളും കൂട്ടക്കുരുതിയെ ശക്തമായി അപലപിക്കുമ്പോഴും ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൊലയാളി സൈനികരെ അഭിനന്ദിക്കുകയാണ് ചെയ്തത്. അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ഇസ്‌റാഈലിന്റെ സൃഷ്ടിപ്പ് തന്നെ ബലാത്കാരത്തിലൂടെയാണെന്നതും ഇക്കാലമത്രയും ആ രാജ്യം നിലനിന്നത് ഇത്തരം കുരുതികളിലൂടെയാണെന്നതും ലോകത്തിന് നന്നായറിയാം. ഇടക്കിടക്ക് ഇത്തരം സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയും അത് വ്യാപിപ്പിക്കുകയും ചെയ്യുകയെന്നത് ഇസ്‌റാഈലിന്റെ പൊതു നയമാണ്. ഇസ്‌റാഈല്‍ ഒരു അരക്ഷിത രാഷ്ട്രമാണെന്ന് വരുത്തി തീര്‍ക്കാനും അതുവഴി കൂടുതല്‍ അക്രമാസക്തമാകാനുമുള്ള തന്ത്രമാണത്. 2014ലെ ഗാസാ ആക്രമണത്തിന്റെ ചോരയുണങ്ങിയിട്ടില്ല. 2500ലധികം ഫലസ്തീന്‍ പൗരന്‍മാരെയാണ് അന്ന് കൊന്നു തള്ളിയത്. ആശുപത്രികളും സ്‌കൂളുകളും വരെ ബോംബിട്ട് തകര്‍ത്തു. വീടുകളും നഗര സമുച്ചയങ്ങളും തകര്‍ന്നടിഞ്ഞു. മരിച്ചു വീണ പിഞ്ചു കുഞ്ഞുങ്ങളുടെ മയ്യിത്തുകള്‍ ലോകത്തിന്റെ ഉറക്കം കെടുത്താന്‍ പോന്നതായിരുന്നു. ആഗോള പ്രതിഷേധത്തില്‍ ഒറ്റപ്പെട്ട ഇസ്‌റാഈല്‍ അല്‍പ്പമൊന്നടങ്ങി. ഇപ്പോഴിതാ യുദ്ധോത്സുകനായ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ബന്ധുബലത്തില്‍ ഒരിക്കല്‍ കൂടി കൂട്ടക്കുരുതിക്ക് കളമൊരുക്കുകയാണ് ജൂത രാഷ്ട്രം.

1948ല്‍ പാശ്ചാത്യ ശക്തികളുടെ നടത്തിപ്പില്‍ ഇസ്‌റാഈല്‍ രാഷ്ട്രം സാധിച്ചെടുത്തത് തന്നെ ആയിരക്കണക്കിന് മനുഷ്യരെ സ്വന്തം ഭൂമിയില്‍ നിന്ന് ആട്ടിയോടിച്ചു കൊണ്ടാണ്. നഖ്ബയെന്ന് ഫലസ്തീനികള്‍ വിശേഷിപ്പിക്കുന്ന ആ ആട്ടിയോടിക്കലില്‍ ചെറുത്തു നിന്നവരെ പച്ചക്ക് കൊല്ലുകയാണ് ചെയ്തത്. ആ ദുരന്തദിനങ്ങളെ അനുസ്മരിക്കാനാണ് കഴിഞ്ഞ ദിവസം പ്രക്ഷോഭകര്‍ അതിര്‍ത്തിയില്‍ അഞ്ചിടത്ത് സമ്മേളിച്ചത്. നഖ്ബയില്‍ ചിതറിപ്പോയവര്‍ക്ക് മടങ്ങി വരാന്‍ അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുകയായിരുന്നു സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഗാസക്കാര്‍. ഇവര്‍ക്ക് നേരെയാണ് ഇസ്‌റാഈല്‍ സൈന്യം വെടിയുതിര്‍ത്തത്. 1976ല്‍ ഭൂമിക്കൊള്ള ചെറുക്കാന്‍ ശ്രമിച്ച ആറ് പ്രക്ഷോഭകരെ ഇസ്‌റാഈല്‍ വകവരുത്തിയിരുന്നു. ആ സംഭവത്തെ അനുസ്മരിച്ചും എല്ലാ വര്‍ഷവും മാര്‍ച്ചില്‍ ഫലസ്തീനികള്‍ ലാന്‍ഡ് ഡേ ആചരിക്കാറുണ്ട്. ഇതൊന്നും പുതിയ കാര്യമല്ല. പ്രകോപനമുണ്ടാക്കുന്ന ഒന്നും ഇവയിലില്ല. ഓര്‍മകള്‍ മാത്രമാണ് ഇവരുടെ ആയുധം. ഇവരെ ചൂണ്ടിയാണ് സര്‍വായുധ വിഭൂഷിതരായ സൈനികര്‍ ‘അരക്ഷി’തരായിരുന്നുവെന്ന് നെതന്യാഹു പറയുന്നത്.

മനുഷ്യത്വരഹിതമായ പ്രവൃത്തിയാണ് ഇസ്‌റാഈലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറയുന്നു. ഇസ്‌റാഈല്‍ സൈന്യം നടത്തിയ കുരുതി ഞെട്ടിക്കുന്നതാണെന്നും ഇക്കാര്യത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഉടന്‍ ശബ്ദമുയര്‍ത്തണമെന്നും യു കെ പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്‍ വ്യക്തമാക്കി. ജോര്‍ദാന്‍ സര്‍ക്കാറും സമാനമായ പ്രസ്താവനയിറക്കി. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും ഇറാനും സംഭവത്തെ ശക്തമായി അപലപിച്ചു. സംഭവത്തില്‍ യു എന്‍ അടിയന്തരമായി ഇടപെടണമെന്ന് യൂറോപ്യന്‍ യൂനിയനും ആവശ്യപ്പെട്ടു. സംയുക്ത പ്രസ്താവനയിറക്കാനുള്ള നീക്കം അമേരിക്ക ഇടപെട്ട് പൊളിച്ചെങ്കിലും കുവൈത്തിന്റെ ആവശ്യപ്രകാരം യു എന്‍ രക്ഷാ സമിതി അടിയന്തര യോഗം ചേര്‍ന്ന് ഗാസാ കൂട്ടക്കൊല ചര്‍ച്ച ചെയ്തു. അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിക്കാന്‍ ഇസ്‌റാഈല്‍ സന്നദ്ധമാകണമെന്ന് യു എന്‍ ആഹ്വാനം ചെയ്തു.

പക്ഷേ, ഈ ആഹ്വാനങ്ങളെല്ലാം ബധിര കര്‍ണങ്ങളില്‍ പതിച്ച സ്വരം മാത്രമാണെന്ന് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. 2014ന് ശേഷം സാധ്യമായ വെടിനിര്‍ത്തലിന്റെ ബലത്തില്‍ ഗാസാ സിറ്റി പുനര്‍നിര്‍മിച്ച് വരികയാണ്. ഫലസ്തീനില്‍ ഹമാസ്- ഫതഹ് ഐക്യം ഏറെക്കുറെ യാഥാര്‍ഥ്യമായിരിക്കുന്നു. ഈ ഘട്ടത്തില്‍ ഒരിക്കല്‍ കൂടി ഗാസ ആക്രമിക്കണമെന്നതാണ് ഇസ്‌റാഈലിന്റെ ലാക്ക്. ജറൂസലമിലേക്ക് യു എസ് എംബസി മാറ്റിയും ഇസ്‌റാഈലിന്റെ നിലനില്‍പ്പിന് എന്ത് സഹായവും നല്‍കുമെന്ന് പ്രഖ്യാപിച്ചും ട്രംപ് നല്‍കുന്ന പിന്തുണ ഒരിക്കല്‍ കൂടി ബോംബ് വര്‍ഷിക്കാന്‍ നെതന്യാഹു ഭരണകൂടത്തെ പ്രചോദിപ്പിക്കുന്നുണ്ട്. തനിക്കെതിരെ ആഭ്യന്തരമായി ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളെ അപ്രസക്തമാക്കാനും സൈനിക നടപടി അനിവാര്യമാണെന്ന് നെതന്യാഹു കണക്കു കൂട്ടുന്നു.

ഇസ്‌റാഈലിന് തങ്ങളുടെ മണ്ണില്‍ നിലനില്‍ക്കാന്‍ അര്‍ഹതയുണ്ടെന്ന് പറയുന്നവര്‍ ഈ ചോരക്കൊതിയെ എങ്ങനെ ന്യായീകരിക്കും? 1967ന് മുമ്പുള്ള അതിര്‍ത്തിയോടെ ഫലസ്തീന്‍ യാഥാര്‍ഥ്യമാക്കുകയെന്നത് മാത്രമാണ് മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം. രാഷ്ട്രരാഹിത്യത്തിന്റെ അപകര്‍ഷതയില്‍ കഴിയുന്ന ഫലസ്തീന്‍ യുവാക്കള്‍ നിരായുധരായി നിരന്തരം പ്രക്ഷോഭത്തിനിറങ്ങും. ആ മുദ്രാവാക്യങ്ങളെ പര്‍വതീകരിച്ച് ഐ ഡി എഫ് പീരങ്കികള്‍ തീ തുപ്പും. കൂടുതല്‍ ഫലസ്തീന്‍ മണ്ണ് കവര്‍ന്നെടുക്കും. ഈ തനിയാവര്‍ത്തനങ്ങള്‍ക്ക് അറുതി വരുത്താന്‍ ലോക രാജ്യങ്ങള്‍ക്ക് ത്രാണിയുണ്ടോ? ഇസ്‌റാഈലിന്റെ സൃഷ്ടിപ്പ് തൊട്ട് ഈ ചോദ്യം ഉത്തരമില്ലാതെ അലയുകയാണ്.