Connect with us

Articles

വീട്ടുമുറ്റത്തെത്തി ഫാസിസവും അക്രമവും

Published

|

Last Updated

അക്രമത്തിനും ഫാസിസത്തിനുമെതിരെയുള്ള ജനമോചന യാത്രക്ക് ഇന്ന് തുടക്കമിടുകയാണ്. രാജ്യവും കേരളവും നേരിടുന്ന ഏറ്റവും വലിയ അപകടങ്ങളായ അക്രമത്തെക്കുറിച്ചും ഫാസിസത്തെക്കുറിച്ചും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും അവക്കെതിരെ ശക്തമായ രീതിയില്‍ ജനങ്ങളെ അണിനിരത്താനുമാണ് ഈ യാത്ര.

ഫാസിസം ഇന്ത്യയിലുണ്ടോ? പലര്‍ക്കും സന്ദേഹമുണ്ട്. നമുക്ക് പരിശോധിക്കാം. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് നേട്ടമുണ്ടാക്കുന്ന രീതിയില്‍ മൂന്നു ഘട്ടമായി പ്രചാരണം നടത്താനും ആവശ്യമെങ്കില്‍ വര്‍ഗീയ കലാപം ഉണ്ടാക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ പടച്ചുവിടാനും പ്രമുഖ മാധ്യമങ്ങള്‍ സന്നദ്ധത അറിയിച്ചതായുള്ള ഒളിക്യാമറ റിപ്പോര്‍ട്ട് കോബ്രാ പോസ്റ്റ് പുറത്തുവിട്ടു. എതിരാളികളെ ഇല്ലാതാക്കാന്‍ ഏതറ്റം വരെയും പോകുന്ന ബി ജെ പിയുടെ ഫാസിസ്റ്റ് മുഖമാണ് കോബ്രാപോസ്റ്റ് അനാവരണം ചെയ്തത്.

ഇന്ത്യന്‍ ദേശീയതയെ മതവിശ്വാസവുമായി കൂട്ടിക്കെട്ടുകയാണ് ബി ജെ പി ചെയ്തിരിക്കുന്നത്. ദേശീയ വിശ്വാസങ്ങള്‍, ദേശീയ മുദ്രകള്‍, ദേശീയ ചിഹ്നങ്ങള്‍ തുടങ്ങിയവയെ മതവുമായി കൂട്ടിക്കലര്‍ത്തുന്നു. മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്നു. മാധ്യമങ്ങളെ പണം കൊടുത്ത് വിടുവേല ചെയ്യിക്കുന്നു. ഗോസംരക്ഷണസേന രംഗത്തിറങ്ങിയപ്പോള്‍ നിരവധി പേര്‍ കൊലക്കത്തിക്ക് ഇരയായി. നിരവധി പേരുടെ വീടുകള്‍ കൊള്ളയടിച്ചു. ആളുകളെ നഗ്നരാക്കി പൊതു വഴിയിലൂടെ നടത്തി അപമാനിച്ചു. സ്ത്രീകളെ മാനഭംഗത്തിന് ഇരയാക്കി. പശുവിന്റെ പേരില്‍ രാജ്യം നീറിപ്പുകഞ്ഞു. അര്‍ധരാത്രിയില്‍ നടപ്പാക്കിയ നോട്ടുനിരോധനം ഫാസിസമല്ലാതെ മറ്റെന്താണ്?

ഫാസിസത്തിന്റെ മറ്റൊരു മുഖമാണ് കേരളത്തില്‍ കാണുന്ന അക്രമരാഷ്ട്രീയം. പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം രാഷ്ട്രീയകൊലപാതകങ്ങളില്‍ കൊല്ലപ്പെട്ടത് 23 പേര്‍. കണ്ണൂര്‍ ജില്ലയില്‍ മാത്രം 10 പേര്‍. ലോകത്തൊരിടത്തും രാഷ്ട്രീയത്തിന്റെ പേരില്‍ ഇതുപോലെ ആളുകള്‍ കൊല്ലപ്പെടുന്നില്ല. ഏറ്റവും കൂടുതല്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ അരങ്ങേറിയ മൂന്നാമത്തെ സംസ്ഥാനം എന്ന സ്ഥാനമാണിപ്പോള്‍ കേരളത്തിന്. നമുക്കു മുകളില്‍ യു പിയും ബിഹാറും മാത്രമേയുള്ളൂ. കുറ്റകൃത്യനിരക്കിലും സ്ത്രീകളോടുള്ള അതിക്രമത്തിലും കേരളം രണ്ടാം സ്ഥാനത്താണ്. കേരളത്തില്‍ നിയമവാഴ്ച തകര്‍ന്നു എന്നതിന് ദേശീയ ക്രൈംറെക്കോര്‍ഡ് ബ്യൂറോയുടെ ഈ പുതിയ കണക്കുകള്‍ സാക്ഷി. ടി പി ചന്ദ്രശേഖരന്‍ കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയേണ്ട പ്രതി കുഞ്ഞനന്തന്‍ രണ്ട് വര്‍ഷമായി വല്ലപ്പോഴും ജയിലില്‍ എത്തുന്ന സന്ദര്‍ശകന്‍ മാത്രം.

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടത് കേരളത്തെ വല്ലാതെ നാണംകെടുത്തി. തന്റെ ചെറുകിട സംരംഭത്തില്‍ കൊടിനാട്ടി വട്ടംകറക്കിയ എ ഐ വൈ എഫിന്റെ നിലപാടില്‍ പ്രതിഷേധിച്ച് പുനലൂരില്‍ പ്രവാസിയായ സുഗതന്‍ ആത്മഹത്യ ചെയ്ത സംഭവവും കേരളത്തെ ഞെട്ടിച്ചു. ഭരിക്കുന്നവര്‍ നിയമം കൈയിലെടുക്കുകയും നിയമവാഴ്ചയെ തകര്‍ക്കുകയും ചെയ്യുന്ന അവസ്ഥയാണു കാണുന്നത്. വയനാട്ടില്‍ സി പി ഐയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഭൂമി തൂക്കിവില്‍ക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും നാം കണ്ടു. സംസ്ഥാനം വീണ്ടും മദ്യത്തില്‍ മുങ്ങിയിരിക്കുന്നു.

രാജ്യവും കേരളവും ഇന്നൊരു ഇരുണ്ട കാലഘട്ടത്തിലൂടെ കടന്നുപോകുകയാണ്. ഇതിനെതിരെ അതിശക്തമായ ജനകീയ പ്രതിരോധം ഉയരേണ്ടിയിരിക്കുന്നു. ജനമോചനയാത്ര ഈ അന്ധകാര ശക്തികളില്‍ നിന്നുള്ള മോചനം ലക്ഷ്യംവെച്ചാണ്.

(കെ പി സി സി പ്രസിഡന്റ്)

Latest