സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളേക്ക് മാറ്റി

Posted on: April 6, 2018 1:46 pm | Last updated: April 6, 2018 at 2:30 pm

ജോാധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയെന്ന കേസില്‍ തടവ് ശിക്ഷ ലഭിച്ച ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത് രാജസ്ഥാന്‍ ഹൈക്കോടതി നാളത്തേക്ക് മാറ്റിവെച്ചു. സല്‍മാന്‍ ഖാന്റെ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്.
19 വര്‍ഷം പഴക്കമുള്ള കേസില്‍ അഞ്ച് വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് ഇന്നലെ ജോധ്പൂര്‍ റൂറല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വിധിച്ചത്. ശിക്ഷാ വിധിക്ക് പിന്നാലെ സല്‍മാന്‍ ഖാനെ ജോധ്പൂരിലെ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയിരുന്നു. 1998ല്‍ കൃഷ്ണമൃഗത്തെയും ചിങ്കാര മാനിനെയും വേട്ടയാടിയ സംഭവത്തില്‍ നാല് കേസുകളാണ് സല്‍മാന്‍ ഖാനെതിരെ എടുത്തിരുന്നത്. ആ വര്‍ഷം സെപ്തംബറില്‍ രാജസ്ഥാനിലെ ഭവദ് ഗ്രാമത്തില്‍ നിന്ന് രണ്ടും ഒക്ടോബറില്‍ ഘോദയിലെ സര്‍ക്കാര്‍ ഫാമില്‍ നിന്ന് ഒന്നും ചിങ്കാര മാനുകളെ വേട്ടയാടിയതാണ് രണ്ട് കേസുകള്‍. ഒക്ടോബറില്‍ തന്നെ രാജസ്ഥാനിലെ കങ്കണിയില്‍ വെച്ച് രണ്ട് കൃഷ്ണമൃഗങ്ങളെ സല്‍മാന്‍ ഖാന്‍ വേട്ടയാടിയതാണ് മൂന്നാം കേസ്. ഈ രണ്ട് സംഭവങ്ങളുടെ പശ്ചാത്തലത്തില്‍, ലൈസന്‍സ് കാലാവധി തീര്‍ന്ന് അനധികൃത തോക്ക് കൈവശം വെച്ചെന്നതാണ് നടനെതിരായ നാലാമത്തെ കേസ്.
ഇപ്പോള്‍ വിധി വന്നിരിക്കുന്നത് രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടിയെന്ന കേസിലാണ്. മറ്റ് മൂന്ന് കേസുകളിലും സല്‍മാന്‍ ഖാനെ രാജസ്ഥാന്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു.