കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യക്ക് രണ്ടാം സ്വര്‍ണം

Posted on: April 6, 2018 9:36 am | Last updated: April 6, 2018 at 11:41 am

ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം. വനിതകളുടെ ഭാരോദ്വഹനത്തില്‍ സഞ്ജിത ചാനുവാണ് സ്വര്‍ണം നേടിയത്. 53 കിലോ വിഭാഗത്തിലാണ് സഞ്ജിത മത്സരിച്ചത്. 2014ലെ ഗ്ലാസ്‌കോ കോമണ്‍വെല്‍ത്ത് ഗെയിംസിലും സഞ്ജിത സ്വര്‍ണം നേടിയിരുന്നു.

192 കിലോ ഭാരം ഉയര്‍ത്തിയാണ് സഞ്ജിത സ്വര്‍ണം നേടിയെടുത്തത്. സ്‌നാചില്‍ ഗെയിംസ് റെക്കോര്‍ഡ് പ്രകടനത്തോടെ 84 കിലോ ഉയര്‍ത്തിയ സഞ്ജിത ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 108 കിലോ ഭാരവും ഉയര്‍ത്തി. 182 കിലോ ഉയര്‍ത്തിയ പാപുവാ ന്യൂഗിനിയുടെ ലോ ഡിക വെള്ളിയും 181 കിലോ ഉയര്‍ത്തി കാനഡയുടെ റാച്ചല്‍ ലെബ്ലാങ്ക് വെങ്കലവും നേടി.

മൂന്ന് മെഡല്‍ നേടിയ ഇന്ത്യ മെഡല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. പുരുഷന്മാരുടെ 56 കിലോ ഭാരോദ്വഹനത്തില്‍ വെള്ളി നേടിയ പി ഗുരുരാജയിലൂടെയാണ് ഇന്ത്യ മെഡല്‍ വേട്ട തുടങ്ങിയത്. ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവിലൂടെ ആദ്യ സ്വര്‍ണം സ്വന്തമാക്കി.