സ്വാശ്രയ ബില്ലിന് പിന്തുണ: കോണ്‍ഗ്രസില്‍ ഭിന്നത

  • പ്രതിപക്ഷ പ്രവര്‍ത്തനത്തിലെ കറുത്ത ദിനമെന്ന് സുധീരന്‍, ബല്‍റാമിന് കൈയടി
  • വിദ്യാര്‍ഥികളുടെ ഭാവി ഓര്‍ത്തെന്ന് രമേശും ഉമ്മന്‍ ചാണ്ടിയും
Posted on: April 6, 2018 6:18 am | Last updated: April 6, 2018 at 12:20 am

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ മെഡിക്കല്‍ പ്രവേശനം ക്രമീകരിക്കാന്‍ കൊണ്ടുവന്ന ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ ഭിന്നത. പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് വി എം സുധീരനും ബെന്നി ബഹ്‌നാനും രംഗത്തുവന്നു. ഏകകണ്ഠമായി ബില്‍ പാസാക്കാന്‍ സഹകരിച്ച പ്രതിപക്ഷ നടപടിയെ യൂത്ത് കോണ്‍ഗ്രസും വിമര്‍ശിച്ചു.
വിദ്യാര്‍ഥികളുടെ ഭാവി ഓര്‍ത്താണ് ബില്ലിനെ പിന്തുണച്ചതെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും പ്രതികരണം. അതേസമയം, ബില്‍ അവതരണ വേളയില്‍ എതിര്‍പ്പുയര്‍ത്തി ക്രമപ്രശ്‌നം ഉന്നയിച്ച വി ടി ബല്‍റാമിന് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ കൈയടി ലഭിച്ചു.

ആരോഗ്യമന്ത്രി കെ കെ ശൈലജ ബില്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ പ്രതിപക്ഷത്ത് നിന്ന് വി ടി ബല്‍റാമാണ് ക്രമപ്രശ്‌നത്തിലൂടെ എതിര്‍പ്പ് ഉന്നയിച്ചത്. പിന്നീട് പി ടി തോമസും ബില്ലിനോട് വിയോജിപ്പ് രേഖപ്പെടുത്തി.

എന്നാല്‍, സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് വേണ്ടി ഒത്തുകളിക്കുന്നുവെന്നത് വെറും പ്രചാരണമാണെന്നും വിദ്യാര്‍ഥികളുടെ ഭാവിക്ക് വേണ്ടി പ്രതിപക്ഷം പൂര്‍ണ മനസോടെ ബില്ലിനെ പിന്തുണക്കുമെന്ന നിലപടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വീകരിച്ചത്. ബില്‍ ഐക്യകണ്‌ഠേന സഭ പാസാക്കുകയും ചെയ്തു. സ്വാശ്രയ കോളേജുകളുടെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സാധൂകരിക്കുന്ന ബില്ലിന് പ്രതിപക്ഷം പിന്തുണ കൊടുത്ത് ഏകകണ്ഠമായി പാസാക്കിയത് തെറ്റായ നടപടിയാണെന്ന് വി എം സുധീരന്‍ പ്രതികരിച്ചു. നാടിനും ജനങ്ങള്‍ക്കും നന്മവരുന്ന കാര്യങ്ങളില്‍ ഭരണകക്ഷിയും പ്രതിപക്ഷവും യോജിക്കണം. കൊള്ളലാഭത്തിനായി എന്തും ചെയ്യാന്‍ മടിക്കാത്ത ഈ സ്വാശ്രയക്കാരുടെ രക്ഷക്കായി നിയമം കൊണ്ടുവന്ന സര്‍ക്കാര്‍ നടപടിയെ തുറന്നുകാണിക്കുന്നതിനു പകരം അതിനെ പിന്തുണച്ച് ആ പാപഭാരം ഏറ്റെടുക്കുന്നതില്‍ പങ്കാളിയായ പ്രതിപക്ഷ നടപടി സ്വയം വഞ്ചിക്കുന്നതായി.

സ്വാശ്രയ കൊള്ളക്കാര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസും യു ഡി എഫ് എം എല്‍ എമാരും നടത്തിയ സമരത്തെ ഇതോടെ നിരര്‍ഥകമാക്കിയിരിക്കുകയാണ്. വിദ്യാര്‍ഥികളെ തന്നെ തുറുപ്പ് ശീട്ടാക്കിയാണ് ഈ കള്ളക്കളികളെല്ലാം അരങ്ങേറിയതെന്നത് വിചിത്രമാണ്.
നിയമ വിരുദ്ധ കാര്യങ്ങള്‍ക്ക് വെള്ളപൂശുന്നതിലെ ഈ ‘ഐക്യം’ പരിഹാസ്യവും ആപല്‍ക്കരവുമാണ്. ഒരിക്കലും ആവര്‍ത്തിക്കാന്‍ പാടില്ലാത്തതുമാണെന്നും സുധീരന്‍ പറഞ്ഞു.

എന്നാല്‍, കുട്ടികളുടെ ഭാവി ഓര്‍ത്ത് തികച്ചും മാനുഷിക പരിഗണന വച്ചാണ് ബില്ലിനെ പിന്തുണക്കാന്‍ തീരുമാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യു ഡി എഫ് കക്ഷിനേതാക്കള്‍ ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണിത്. സ്വാശ്രയ മാനേജ്‌മെന്റുകളുടെ കൊള്ളക്ക് ഒരു കാരണവശാലും കൂട്ടുനില്‍ക്കില്ല.

ആത്മഹത്യയിലേക്ക് പോകുന്ന കുട്ടികളുടെ കണ്ണീരിന് മുന്നില്‍ മനുഷ്യത്വത്തിന് മുന്‍ഗണന നല്‍കേണ്ടി വന്നതുകൊണ്ടു മാത്രമാണ് ബില്ലിനെ പിന്തുണച്ചത്. ഈ കോളജുകളിലെ മാനേജ്‌മെന്റുകള്‍ നടത്തിയ നിയമ ലംഘനത്തെ ഒരിക്കലും ഞങ്ങള്‍ അംഗീകരിച്ചിരുന്നില്ല. ഏതായാലും സുപ്രീംകോടതിയുടെ തീരുമാനം വന്നിരിക്കുന്നു. അതിനെ അംഗീകരിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിദ്യാര്‍ഥികളുടെ ഭാവി മുന്‍നിര്‍ത്തിയാണ് ബില്ലിനെ പിന്തുണച്ചതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാറിനെ കുറ്റപ്പെടുത്താനില്ലെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

അതേസമയം, ബില്ലിനെ എതിര്‍ത്ത വി ടി ബല്‍റാമിനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തുവന്നു. സമൂഹ മാധ്യങ്ങളിലെല്ലാം ബല്‍റാമിന്റെ നിയമസഭാ പ്രസംഗം ഷെയര്‍ ചെയ്താണ് പിന്തുണക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളും പ്രതിപക്ഷ നിലപാടിനെതിരെ രംഗത്തുവന്നു. ബില്ലിന് പിന്നില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹ്‌നാന്‍ ആരോപിച്ചു.