യുവേഫ ചാമ്പ്യന്‍സ് ലീഗ്: ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയം

  • ലിവര്‍പൂളില്‍ സിറ്റി മുങ്ങി
പെപ് ഗോര്‍ഡിയോളയുടെ തന്ത്രങ്ങള്‍ യുര്‍ഗന്‍ ക്ലോപിന്റെ ലിവര്‍പൂളിന് മുന്നില്‍ നിഷ്പ്രഭമായി. ലോംഗ് ബോളുകളിലൂടെ ലിവര്‍പൂള്‍ പ്രത്യാക്രമണ ഗെയിം പുറത്തെടുത്തു
Posted on: April 6, 2018 6:04 am | Last updated: April 6, 2018 at 12:08 am

ലിവര്‍പൂളിനായി പന്ത്രണ്ടാം മിനുട്ടില്‍ ലീഡ് ഗോള്‍ നേടിയ ഈജിപ്ത് സ്‌ട്രൈക്കര്‍ മുഹമ്മദ് സാലയുടെ ആഹ്ലാദം

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ തമ്മിലുള്ള ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ലിവര്‍പൂളിന് മുന്നില്‍ മാഞ്ചസ്റ്റര്‍ സിറ്റി തകര്‍ന്ന് തരിപ്പണം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ തങ്ങളുടെ തട്ടകത്തില്‍ ജയിച്ചു കയറിയത്. ആദ്യ പകുതിയിലായിരുന്നു മൂന്ന് ഗോളുകളും.

ഈജിപ്ത് സ്‌ട്രൈക്കര്‍ മുഹമ്മദ് സാല പന്ത്രണ്ടാം മിനുട്ടില്‍ ലീഡ് ഗോളടിച്ചു. എട്ട് മിനുട്ടിനുള്ളില്‍ ഒക്‌സലാഡെ ചാംബെര്‍ലെയിന്റെ ഗോളില്‍ ലിവര്‍പൂള്‍ 2-0ന് മുന്നില്‍. മുപ്പത്തൊന്നാം മിനുട്ടില്‍ സാദിയോ മാനെയുടെ ഗോളില്‍ സിറ്റിയുടെ പതനം പൂര്‍ണം.
രണ്ടാം പകുതിയില്‍ സാല പരുക്കേറ്റ് പുറത്തായതാണ് ലിവര്‍പൂളിനേറ്റ ഏക തിരിച്ചടി. സീസണില്‍ തന്റെ മുപ്പത്തെട്ടാം ഗോളായിരുന്നു സാല നേടിയത്. സാദിയോ മാനെ നേടിയ ഗോളിന് വഴിയൊരുക്കിയും സാല താരമായി.

പെപ്പിനെ കീഴടക്കി ക്ലോപ്

ഈ മത്സരത്തിന് ഇറങ്ങുന്നതിന് മുമ്പ് പന്ത്രണ്ട് തവണയാണ് പെപ് ഗോര്‍ഡിയോളയും യുര്‍ഗന്‍ ക്ലോപും പരസ്പരം ഏറ്റുമുട്ടിയത്. ആറ് ജയവുമായി ക്ലോപ്പിനായിരുന്നു മുന്‍തൂക്കം.

അത് ഏഴ് ജയമായി ക്ലോപ് ഉയര്‍ത്തിയിരിക്കുന്നു. പ്രീമിയര്‍ ലീഗ് കിരീടം ഉറപ്പാക്കിയ മാഞ്ചസ്റ്റര്‍ സിറ്റിയെ ലീഗ് സീസണില്‍ തോല്‍പ്പിച്ച ടീം ലിവര്‍പൂളാണ്.

ആ മികവ് ചാമ്പ്യന്‍സ് ലീഗിലും ആവര്‍ത്തിക്കാന്‍ യുര്‍ഗന്‍ ക്ലോപിന്റെ ചെമ്പടക്ക് സാധിച്ചു.
സിറ്റിയുടെ പാസിംഗ് ഗെയിമിന് സ്ഥലം അനുവദിക്കാതെ ലിവര്‍പൂള്‍ കളിക്കാര്‍ കഠിനാധ്വാനം ചെയ്തു. ലോംഗ് ബോള്‍ തന്ത്രങ്ങളിലൂടെ ലിവര്‍പൂള്‍ എതിര്‍ഗോള്‍ മുഖം ആക്രമിച്ചു.

സെല്‍ഫ് ഗോളില്‍ ബാഴ്‌സ..

നൗകാംപില്‍ ബാഴ്‌സലോണ 4-1ന് റോമയെ തുരത്തി. പിക്വെയും ലൂയിസ് സുവാരസുമാണ് ഗോള്‍ നേടിയ ബാഴ്‌സ താരങ്ങള്‍.
മറ്റ് രണ്ട് ഗോളുകള്‍ റോമ താരങ്ങളുടെ അബദ്ധമായിരുന്നു. മുപ്പത്തെട്ടാം മിനുട്ടില്‍ ഡി റോസിയും അമ്പത്തഞ്ചാം മിനുട്ടില്‍ മനോളാസും സ്വന്തം വലയില്‍ പന്തെത്തിച്ച് വില്ലന്‍മാരായി.

അമ്പത്തൊമ്പതാം മിനുട്ടില്‍ ജെറാര്‍ഡ് പീക്വെ ബാഴ്‌സക്ക് മൂന്ന് ഗോള്‍ ലീഡ് നല്‍കി. എണ്‍പതാം മിനുട്ടില്‍ സെക്കോയിലൂടെ റോമ ഒരു ഗോള്‍ മടക്കിയെങ്കിലും ഏഴ് മിനുട്ടിനുള്ളില്‍ സുവാരസിലൂടെ ബാഴ്‌സ നാലാം ഗോള്‍ അടിച്ചു.

2014 ന് ശേഷം ചാമ്പ്യന്‍സ് ലീഗ് സെമി ലക്ഷ്യമിടുന്ന ബാഴ്‌സക്ക് ആദ്യപാദത്തിലെ ജയം വ്യക്തമായ മുന്‍തൂക്കം നല്‍കുന്നു.

ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം സുവാരസ് ചാമ്പ്യന്‍സ് ലീഗില്‍ ഗോള്‍ കണ്ടെത്തിയെന്നതും ബാഴ്‌സയുടെ കുതിപ്പിന് ആത്മവിശ്വാസമേകും.