Connect with us

Articles

കണ്ണു നനക്കുന്ന കര്‍സേവകള്‍

Published

|

Last Updated

കഴിഞ്ഞ രണ്ടാഴ്ച മക്കയിലും മദീനയിലുമായിരുന്നു. ഉംറ നിര്‍വഹിക്കാനും ഇസ്‌ലാമിന്റെ ഈറ്റില്ലവും പോറ്റില്ലവുമായ സ്ഥലങ്ങളില്‍ ചെന്ന് ചരിത്രശേഷിപ്പുകള്‍ കണ്ട് നിര്‍വൃതിയടയുകയുമായിരുന്നു ലക്ഷ്യം. ആത്മീയത വരണ്ടുണങ്ങിയ വഹാബീ തൗഹീദിന്റെ മണ്ണുമാന്തിയന്ത്രങ്ങള്‍ ഒന്നും ബാക്കി വെച്ചിട്ടില്ല. മക്കയില്‍ ഹിറാ പര്‍വ ത ശിഖിരത്തിലേക്കും ഗാര്‍ സൗറിലേക്കും കയറിപ്പോകാന്‍ മടിച്ചതുകൊണ്ടാകാം അവിടെ കര്‍സേവ നടന്നിട്ടില്ല.

മദീനയിലെ ജന്നത്തുല്‍ ബഖീഇലാണ് കണ്ണ് നനഞ്ഞുപോകുന്ന കാഴ്ചയുള്ളത്. മൂന്നാം ഖലീഫ ഉസ്മാനു ബിന്‍ അഫാന്‍(റ) മുതല്‍ മുത്ത് നബിയുടെ ഭാര്യമാരടക്കം അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് അവരുടെ ഖബറുകള്‍ തിരിച്ചറിയാനുള്ള ഒരടയാളവും ബാക്കിവെച്ചിട്ടില്ല. അവിടെ കുത്തനെ നിര്‍ത്തിയ ചില മുതവ്വമാരുണ്ട്. അവരോട് ചോദിച്ചാല്‍ കമ്പ്യൂട്ടര്‍ ഭാഷയില്‍ പറയും: അല്ലാഹു അഅ്‌ലം. ചരിത്ര ശേഷിപ്പുകളെ തച്ചുടച്ചുകളഞ്ഞും തേച്ചുമാച്ചില്ലാതാക്കിയും സംരക്ഷിക്കപ്പെടുന്ന ഒരു തൗഹീദാണോ മുഹമ്മദ് നബി(സ) ഇവിടെ പഠിപ്പിച്ചത്?

ഇസ്‌റാഅ് മിഅ്‌റാജ് സംഭവത്തെ പഠിക്കുന്നതിന്റെ ഭാഗമായി ചില ഗ്രന്ഥങ്ങള്‍ പരതിയപ്പോള്‍ അനസ് ബിന്‍ മാലിക്(റ)വില്‍ നിന്നും ഇമാം നസാഇയും ശദ്ദാദ്ബിന്‍ ഔസി(റ)ല്‍ നിന്ന് ഇമാം ബസ്സാറും ത്വബ്‌റാനിയുമൊക്കെ റിപ്പോര്‍ട്ട് ചെയ്ത ഹദീസ് കാണാനിടയായി. തിരുനബി(സ)യുടെ ജീവിതത്തില്‍ തന്റെ നാഥനെ നേരില്‍ കാണാന്‍ സൗഭാഗ്യം ലഭിച്ച മിഅ്‌റാജ് സംഭവത്തെക്കാള്‍ സന്തോഷം നല്‍കിയ മറ്റൊരു ദിവസമുണ്ടാകില്ല. ആ യാത്രക്ക് മുന്നോടിയായി നടന്നതാണ് ഇസ്‌റാഅ്. വിശുദ്ധ മക്കാ ഹറമില്‍ നിന്ന് ആരംഭിച്ച ഈ രാപ്രയാണം ഖുദ്‌സ് പട്ടണത്തിലെ ബൈത്തുല്‍ മുഖദ്ദസില്‍ എത്തുന്നതിന് മുമ്പ് നാല് പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും അവിടെ വെച്ച് നബി(സ)തങ്ങള്‍ പ്രാര്‍ഥിക്കുകയും ചെയ്തുവെന്നാണ് ഹദീസുകളില്‍ പറയുന്നത്.

നബി(സ) പറയുന്നു: ബുറാഖിലേറി ഞാനും ജിബ്‌രീല്‍ (അ) ഉം യാത്ര തുടങ്ങി. കുറച്ച് യാത്ര ചെയ്തപ്പോള്‍ ജിബ് രീല്‍ (അ) പറഞ്ഞു. നബിയെ ഇവിടെ ഇറങ്ങി ദുആ ചെയ്യുക. ഞാന്‍ അനുസരിച്ചു. അവിടെ വെച്ചും പ്രാര്‍ഥിച്ചു. തുടര്‍ന്ന് ജിബ്‌രീല്‍ എന്നോട് ചോദിച്ചു. എവിടെ വെച്ചാണ് താങ്കളീ പ്രാര്‍ഥിച്ചതെന്ന് അറിയാമോ? ഇതാണ് ത്വയ്ബ. അങ്ങ് ഹിജ്‌റ വരുന്ന സ്ഥലമാണിത്. (നബി(സ) പിന്നീട് ഹിജ്‌റ വന്ന് വീടെടുത്ത് താമസിച്ചതും വഫാതായി അന്ത്യവിശ്രമം കൊള്ളുന്നതും ഈ സ്ഥലത്താണ്.)

വീണ്ടും യാത്ര തുടര്‍ന്നു. പിന്നെയും ഇറങ്ങി ദുആ ചെയ്യാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ഇറങ്ങി പ്രാര്‍ഥിച്ചു. ജിബ്‌രീല്‍(അ)വിശദീകരിച്ചു. തൂര്‍ സീനാ പര്‍വതമാണത്. ഇവിടെ വെച്ചാണ് മൂസാ(അ)അല്ലാഹുവുമായി സംസാരിച്ചത്. പിന്നെയും യാത്ര തുടര്‍ന്നു. ഇറങ്ങാന്‍ പറഞ്ഞപ്പോള്‍ ഇറങ്ങി ദുആ ചെയ്തു. ഉടനെ ജിബ്‌രീല്‍ (അ) വാചാലനായി. ഇതാണ് ബൈത്ത് ലഹം. ഈസാ നബി(അ)യുടെ ജന്മസ്ഥലം. ബുറാഖ് വീണ്ടും കുതിച്ചു. ഒരിടത്ത് കൂടി ഇറങ്ങാന്‍ പറഞ്ഞു. വെളുത്ത ഭൂപ്രദേശമായിരുന്നു അത്. അവിടെ വെച്ചും പ്രാര്‍ഥിക്കാന്‍ പറഞ്ഞു. ഞാന്‍ പ്രാര്‍ഥിച്ചു. ജിബ്‌രീല്‍ (അ) വിശദീകരിച്ചു തന്നു. ഇതാണ് മദ്‌യന്‍ എന്ന നാട്. ശുഐബ് നബി(അ)മിന്റെ തട്ടകം. (ഫത്ഹുല്‍ ബാരി7/199)

നോക്കുക. മഹാന്മാരുടെ ചരിത്രമുറങ്ങുന്ന, തിരുശേഷിപ്പുകളുള്ള സ്ഥലങ്ങള്‍ക്ക് മഹത്വമുണ്ടെന്നും അത്തരം സ്ഥലങ്ങളില്‍ വെച്ചുള്ള പ്രാര്‍ഥനകള്‍ക്ക് പ്രത്യേകം ഉത്തരം ലഭിക്കുമെന്നും കൃത്യമായി പഠിപ്പിക്കുകയാണ് അല്ലാഹു. ഈസാ നബി(അ)ജനിച്ച ബൈത്തു ലഹ്മില്‍ ചെന്ന് മുത്ത് നബി പ്രാര്‍ഥന നടത്തിയെങ്കില്‍ മക്കയില്‍ കഅ്ബയുടെ നോക്കെത്തും ദൂരത്തുള്ള തിരുദൂതരുടെ ജന്മഗൃഹത്തിനടുത്ത് വെച്ച് മുന്‍ഗാമികളെല്ലാം പ്രാര്‍ഥന നടത്താറുണ്ടായിരുന്നു. കുറച്ചു മുമ്പ് വരെ ആയിരത്തില്‍ പരം ഹാജിമാരോടൊന്നിച്ച് അവിടെ വെച്ച് കൂട്ടുപ്രാര്‍ഥനയില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നു. ഇപ്പോള്‍ ആ അനുഗ്രഹീത സ്ഥലത്ത് ചെല്ലുമ്പോള്‍ ചിലര്‍ വിശ്വാസികള്‍ക്ക് നേരെ കയര്‍ക്കുകയാണ്.

വിശുദ്ധ കഅ്ബയും സംസം കിണറും സ്വഫയും മര്‍വയും ഹജറുല്‍ അസ്‌വദും മഖാം ഇബ്‌റാഹീമുമൊക്കെ തിരുശേഷിപ്പുകളല്ലേ? ഇവരുടെ വരട്ടുവാദങ്ങള്‍ ഇവയെ കൂടി നശിപ്പിക്കുന്നതിന് മുമ്പ് പുണ്യനാടിനെ അല്ലാഹു രക്ഷിക്കട്ടെ.

 

Latest