Connect with us

Kerala

കിനാവില്‍ കണ്ണീര് വീണ് കണ്ണൂര്‍ മെഡി. കോളജ് വിദ്യാര്‍ഥികള്‍

Published

|

Last Updated

ചക്കരക്കല്‍ (കണ്ണൂര്‍): മെഡിക്കല്‍ പഠനം സ്വപ്‌നം കണ്ട് പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ കണ്ണീരിന് സാക്ഷിയാവുകയാണ് കണ്ണൂര്‍ മെഡിക്കല്‍ കോളജ്. മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതിയുടെ അന്തിമ വിധി ഇന്നലെ വന്നതോടെയാണ് വിദ്യാര്‍ഥികള്‍ ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നില്‍ പകച്ച് നില്‍ക്കുന്നത്. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ 2016 -17 വര്‍ഷത്തെ എം ബി ബി എസ് ബാച്ചിലെ 137 വിദ്യാര്‍ഥികളുടെ ഭാവിയാണ് സുപ്രീം കോടതി വിധിയോടെ അവതാളത്തിലായിരിക്കുന്നത്.

രണ്ട് വര്‍ഷം നഷ്ടമായതിനൊപ്പം വന്‍ സാമ്പത്തിക നഷ്ടവും ഇവര്‍ സഹിക്കേണ്ടി വരുന്നു. തുടക്കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ സ്വാശ്രയ കരാറില്‍ നിന്ന് മാറി നിന്നതോടെയാണ് കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ പ്രവേശനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വമുണ്ടായത്. പിന്നീട് ജെയിംസ് കമ്മിറ്റി പ്രവേശനം റദ്ദ് ചെയ്തു. നടപടി ക്രമങ്ങള്‍ സുതാര്യമല്ലെന്ന് പറഞ്ഞായിരുന്നു നടപടി. ഇതിനെതിരെ ആദ്യം ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലും മാനേജ്മന്റ് അപ്പീല്‍ നല്‍കിയെങ്കിലും വിധി പ്രതികൂലമായിരുന്നു. ഇതേ തുടര്‍ന്ന് വിദ്യാര്‍ഥികളെയും കൂട്ടി മാനേജ്മന്റ് സംസ്ഥാന സര്‍ക്കാറിനെ സമീപിച്ചു.

സര്‍ക്കാര്‍ മാനുഷിക പരിഗണനയുടെ പിന്‍ബലത്തില്‍ പ്രത്യേക ഓര്‍ഡിനന്‍സിലൂടെ വിദ്യാര്‍ഥികളുടെ പ്രവേശനം അംഗീകരിച്ചു. തുടക്കത്തില്‍ 150 പേരാണ് മെഡിക്കല്‍ കോളജില്‍ പ്രവേശനം നേടിയിരുന്നതെങ്കിലും അനിശ്ചിതത്വം കാരണം 13 പേര്‍ ടി സി വാങ്ങി മറ്റു കോളജുകളില്‍ പ്രവേശനം നേടിയിരുന്നു.

ബാക്കിയുള്ളവരില്‍ 19 പേര്‍ എന്‍ ആര്‍ ഐ ക്വാട്ടയില്‍ പ്രവേശനം നേടിയവരായിരുന്നു. ഇവരൊഴിച്ചു 118 പേരുടെ പ്രവേശനമാണ് ഓര്‍ഡിനന്‍സിലൂടെ അംഗീകരിച്ചത്. എന്നാല്‍, ഇത് റദ്ദ് ചെയ്യുമെന്ന സുപ്രീം കോടതി നിലപാട് വീണ്ടും ആശങ്കയുണ്ടാക്കി. ഇതിനെ മറികടക്കാന്‍ ബുധനാഴ്ച നിയമസഭ ക്രമവല്‍കരണ ബില്‍ പാസാക്കിയെങ്കിലും സുപ്രിം കോടതിയുടെ അന്തിമ വിധി വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാറിനും കനത്ത പ്രഹരമാണേല്‍പ്പിച്ചിരിക്കുന്നത്. ഇന്നലെ വരെ പ്രതീക്ഷ വെച്ച് പുലര്‍ത്തിയെങ്കിലും വിധി വന്നതോടെ സര്‍വതും നഷ്ടപ്പെട്ട പ്രതീതിയാണ് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും.

Latest