പട്ടികജാതി പട്ടിക വര്‍ഗ അതിക്രമം തടയല്‍: നിയമം മന്ത്രിയുടെ നിര്‍ദേശം ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചു

  കേസില്‍ കക്ഷി ചേരാന്‍ അഡ്വക്കറ്റ് ജനറലിന് നിര്‍ദേശം നല്‍കിയെങ്കിലും തുടര്‍ നടപടിഉണ്ടായില്ല
  Posted on: April 6, 2018 6:16 am | Last updated: April 6, 2018 at 12:19 am

  തിരുവനന്തപുരം: പട്ടികജാതി-പട്ടിക വര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമം ദുര്‍ബലമാക്കരുതെന്നു സുപ്രീം കോടതിയോട് ആവശ്യപ്പെടണമെന്ന സംസ്ഥാന നിയമ മന്ത്രി എ കെ ബാലന്റെ നിര്‍ദേശം നിയമ വകുപ്പ് ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചു.

  സുപ്രീം കോടതിയില്‍ കേസ് നടക്കുന്നതിനിടെ ഫെബ്രുവരി രണ്ടിന് കേസില്‍ കക്ഷി ചേരാന്‍ മന്ത്രി അഡ്വക്കറ്റ് ജനറലിന് നിര്‍ദേശം നല്‍കിയെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് കാരണമായ കേസില്‍ നിര്‍ണായക ഇടപെടല്‍ നടത്താനുള്ള അവസരമാണ് നിയമ ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം നഷ്ടമായത്.

  കോടതിയില്‍ ആശങ്ക അറിയിക്കാത്തതിന് പിന്നില്‍ നിയമ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായത്. സി പി എം നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ ഇടപെടല്‍. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതാണ് നിയമത്തിലെ 18-ാം വകുപ്പെന്നും അത് ദുര്‍ബലമാക്കാന്‍ അനുവദിക്കരുതെന്നുമായിരുന്നു നിര്‍ദേശം. കേരളത്തിന്റെ ഈ ആശങ്ക കോടതിയെ ധരിപ്പിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

  എന്നാല്‍ അഡ്വക്കറ്റ് ജനറല്‍ സി പി സുധാകര്‍ പ്രസാദ് ഈ കത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചില്ല. കേസില്‍ ആര്‍ക്കെങ്കിലും നിലപാട് അറിയിക്കാന്‍ ഉണ്ടെങ്കില്‍ അതാകാമെന്ന് വാദത്തിനിടെ ജസ്റ്റിസ് യു യു ലളിത് പറയുകയും ചെയ്തിരുന്നു. പിന്നീട് നിരവധി തവണ കേസില്‍ വാദം കേട്ടപ്പോഴും കേരളത്തിന്റെ അഭിഭാഷകര്‍ കോടതിയില്‍ ഹാജരായില്ല. പരാതി ലഭിച്ചാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള വ്യവസ്ഥകള്‍ ഇളവ് ചെയ്ത് സുപ്രീം കോടതി മാര്‍ഗ രേഖ പുറപ്പെടുവിച്ചത് മാര്‍ച്ച് 20നാണ്. മന്ത്രിയുടെ നിര്‍ദേശം അഡ്വക്കറ്റ് ജനറലും നിയമ ഉദ്യോഗസ്ഥരും നടപ്പാക്കാത്തതിന് പിന്നില്‍ വന്‍ ദുരൂഹതയുണ്ട്. കേസില്‍ കേരളം കക്ഷി ചേര്‍ന്നിരുന്നെങ്കില്‍ ശക്തമായ വാദമുഖങ്ങള്‍ കോടതിയില്‍ ഉന്നയിക്കാമായിരുന്നു.

  ഇപ്പോള്‍ കോടതി വിധിക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെ മുഖം രക്ഷിക്കാന്‍ വിധി പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍ നിയമത്തെ അസ്ഥിരപ്പെടുത്തുന്ന സുപ്രീം കോടതി വിധിക്കെതിരെ നിയമനിര്‍മാണം നടത്തണമെന്ന പ്രമേയം നിയമസഭ ഏകകണ്ഠമായി അംഗീകരിച്ചിരുന്നു.
  പട്ടികജാതി, പട്ടികവര്‍ഗ മന്ത്രി എ കെ ബാലനാണ് പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചത്. വിധിക്കെതിരായി നിയമപരമായി സാധ്യമായ എല്ലാ വഴികളും സ്വീകരിക്കണമെന്ന് വിധിയുടെ ദൂഷ്യഫലങ്ങള്‍ മറികടക്കാന്‍ ആവശ്യമായ നിയമനിര്‍മാണം നടത്തണമെന്നും കേരള നിയമസഭ പാസാക്കിയ പ്രമേയത്തിലൂടെ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.