Connect with us

Kerala

സര്‍ക്കാറിന് മുഖത്തടി, പ്രതിപക്ഷത്തിനും

Published

|

Last Updated

തിരുവനന്തപുരം: രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ നടത്തിയ ക്രമവിരുദ്ധ പ്രവേശനം സാധൂകരിക്കാനുള്ള നീക്കം സുപ്രീം കോടതി തടഞ്ഞത് സര്‍ക്കാറിന് വന്‍ തിരിച്ചടി. ഏകകണ്ഠമായി ബില്‍ പാസാക്കാന്‍ പിന്തുണച്ച പ്രതിപക്ഷവും ബി ജെ പിയും ഇക്കാര്യത്തില്‍ സര്‍ക്കാറിനൊപ്പം പ്രതിക്കൂട്ടിലാണ്. കുട്ടികളുടെ ഭാവിയെന്ന ഒറ്റവാദത്തിലൂന്നിയാണ് കോടതി വിധി മറികടക്കാനുള്ള നിയമനിര്‍മാണത്തിന് എല്ലാവരും ഒരുമിച്ച് നിന്നത്. ഓര്‍ഡിനന്‍സ് റദ്ദാക്കി പ്രവേശനം അസാധുവാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടതോടെ രണ്ട് മെഡിക്കല്‍ കോളജുകളിലുമായി പ്രവേശനം നേടിയ 180 വിദ്യാര്‍ഥികളില്‍ ഇപ്പോഴും തുടരുന്നവരുടെ നിലവിലുള്ള കോഴ്‌സിലെ പഠനം അനിശ്ചിതത്വത്തിലായി.

പാലക്കാട് കരുണ, കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജുകളില്‍ 2016-17 വര്‍ഷം നടത്തിയ എം ബി ബി എസ് പ്രവേശനത്തില്‍ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയത് ജസ്റ്റിസ് ജയിംസ് അധ്യക്ഷനായിരുന്ന പ്രവേശന മേല്‍നോട്ട കമ്മിറ്റിയാണ്. ഇരു മെഡിക്കല്‍ കോളജുകളിലെയും പ്രവേശനം കമ്മിറ്റി റദ്ദാക്കിയതോടെ മാനേജ്‌മെന്റുകള്‍ ആദ്യം ഹൈക്കോടതിയെയും പിന്നീട് സുപ്രീം കോടതിയെയും സമീപിച്ചു. പ്രവേശനത്തില്‍ ക്രമക്കേടുണ്ടെന്ന ജയിംസ് കമ്മിറ്റി നിലപാട് അംഗീകരിച്ചായിരുന്നു കോടതി ഉത്തരവ്. ഇതോടെ പഠനം അനിശ്ചിതത്വത്തിലായ വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും മാനേജ്‌മെന്റുകളും ഒരുമിച്ച് സര്‍ക്കാറിനെയും പ്രതിപക്ഷത്തെയും സമീപിക്കുകയായിരുന്നു. തുടക്കത്തില്‍ വഴങ്ങാതിരുന്ന സര്‍ക്കാര്‍ അഭിപ്രായ ഐക്യമുണ്ടായതോടെയാണ് പ്രവേശനം ക്രമീകരിക്കാന്‍ സമ്മതിച്ചത്. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കുകയും ചെയ്തു.

ഈ ഓര്‍ഡിനന്‍സിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രീംകോടതിയെ സമീപിച്ചതോടെ കാര്യങ്ങള്‍ വീണ്ടും കീഴ്‌മേല്‍ മറിഞ്ഞു. ഹരജി ആദ്യം പരിഗണിച്ച ഘട്ടത്തില്‍ തന്നെ പ്രവേശനം സാധൂകരിക്കുന്നതിനെതിരെ കോടതി നിലപാടെടുത്തിരുന്നു. ഇത് വകവെക്കാതെയാണ് ഓര്‍ഡിനന്‍സിന് പകരമായുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് കഴിഞ്ഞദിവസം പാസാക്കിയത്. കോണ്‍ഗ്രസിലെ വി ടി ബല്‍റാം ക്രമപ്രശ്‌നവും പി ടി തോമസ് വിയോജിപ്പും രേഖപ്പെടുത്തിയത് ഒഴിച്ചാല്‍ ബില്ലിനെ മറ്റാരും എതിര്‍ത്തില്ല. ബല്‍റാമിന്റെ നിലപാട് പൂര്‍ണമായി തള്ളുന്ന സമീപനമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വീകരിച്ചത്.

ഇങ്ങനെയൊരു നിയമ നിര്‍മാണം വേണമെന്ന ആവശ്യം ആദ്യം സഭയില്‍ ഉയര്‍ത്തിയത് തന്നെ പ്രതിപക്ഷമായിരുന്നു. ബില്‍ പാസാക്കാന്‍ കൈ ഉയര്‍ത്തിയതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ രണ്ടഭിപ്രായം ഉയര്‍ന്നിട്ടുമുണ്ട്.

Latest