Connect with us

Gulf

17-ാമത് അറബ് മാധ്യമ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

Published

|

Last Updated

“മീഡിയ പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍” പുരസ്‌കാരം യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമില്‍നിന്ന് നബീല്‍ ബിന്‍ യാഖൂബ് അല്‍ ഹമര്‍ ഏറ്റുവാങ്ങുന്നു

ദുബൈ: പതിനേഴാമത് അറബ് മാധ്യമ പുരസ്‌കാരങ്ങള്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വിതരണം ചെയ്തു. ദുബൈയില്‍ അറബ് മാധ്യമ സമ്മേളനത്തിന്റെ സമാപന വേദിയിലായിരുന്നു പുരസ്‌കാരദാനം.

അറബ് മേഖലയില്‍ നിന്നുള്ള 14 മികച്ച മാധ്യമ പ്രവര്‍ത്തകരെയാണ് പുരസ്‌കാരം നല്‍കി ആദരിച്ചത്. ദിനപത്രം, മാസിക, ഓണ്‍ലൈന്‍ വെബ് പോര്‍ട്ടല്‍, മാധ്യമ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ളവരാണ് വിജയികള്‍.

അല്‍ ഖുദ്‌സിനെ കുറിച്ച് ശൈഖ് മുഹമ്മദ് രചിച്ച ഗാനത്തോടെയായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്. ഇമാറാത്തി ഗായകന്‍ ഹുസൈന്‍ അല്‍ ജാസ്മിയാണ് ഗാനം ആലപിച്ചത്. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ ഓര്‍മകള്‍ തുടിക്കുന്ന ശൈഖ് മുഹമ്മദിന്റെ ഒരു കവിതയും ഹുസൈന്‍ അല്‍ ജാസ്മി ആലപിച്ചു.

ബഹ്‌റൈന്‍ രാജാവിന്റെ മാധ്യമ ഉപദേശകന്‍ നബീല്‍ ബിന്‍ യാഖൂബ് അല്‍ ഹമറാണ് “മീഡിയ പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍” പുരസ്‌കാരം നേടിയത്. അല്‍ അഹ്‌റം മുന്‍ ചീഫ് എഡിറ്ററും മുന്‍ അറബ് ജേര്‍ണലിസ്റ്റ്‌റ്‌സ് ചെയര്‍പേഴ്‌സണുമായ അന്തരിച്ച ഇബ്‌റാഹീം നഫാക്കുള്ള അംഗീകാരമായി പ്രത്യേക പുരസ്‌കാരവും സമ്മാനിച്ചു. കുടുംബാംഗങ്ങളാണ് പുരസ്‌കാരം ശൈഖ് മുഹമ്മദില്‍നിന്ന് സ്വീകരിച്ചത്. ബെസ്റ്റ് കോളം അവാര്‍ഡ് ഈജിപ്ഷ്യന്‍ എഴുത്തുകാരന്‍ സാലിഹ് മുന്‍തസിറിനാണ്. അല്‍ ബയാന്‍ ദിനപത്രം (പൊളിറ്റിക്കല്‍ ജേര്‍ണലിസം അവാര്‍ഡ്), സിദ് അലി മുഹ്ഫദ് (അന്വേഷണാത്മക റിപ്പോര്‍ട്ടിംഗ്, അല്‍ ബിലാദ് ദിനപത്രം), മുഹമ്മദ് റിയാദ് (കള്‍ചറല്‍ ജേര്‍ണലിസം അവാര്‍ഡ്, അല്‍ വതന്‍ ദിനപത്രം ഈജിപ്ത്), അസ്മ ശലാബി (ഹ്യുമാനിറ്റേറിയന്‍ ജേര്‍ണലിസം അവാര്‍ഡ്, അല്‍ യൗം 7 ദിനപത്രം ഈജിപ്ത്), ശാക്കിര്‍ നൂരി (പ്രസ് ഇന്റര്‍വ്യൂ അവാര്‍ഡ്, അശ്ശര്‍ഖ് അല്‍ ഔസത് ദിനപത്രം), മുറാദ് അല്‍ മസ്‌രി (സ്‌പോര്‍ട്‌സ് ജേര്‍ണലിസം അവാര്‍ഡ്, അല്‍ ഇത്തിഹാദ് ദിനപത്രം), അഹ്മദ് ഗര്‍ബലി (ഫോട്ടോ ജേര്‍ണലിസം അവാര്‍ഡ്, ഏജന്‍സ് ഫ്രാന്‍സ്), മാഹിര്‍ റഷ്‌വാന്‍ (ഔട്ട് സ്റ്റാന്‍ഡിംഗ് കാര്‍ട്ടൂണിസ്റ്റ് അവാര്‍ഡ്, അല്‍ ജരീദ ദിനപത്രം കുവൈത്ത്) എന്നിവര്‍ക്കാണ് മറ്റു പുരസ്‌കാരങ്ങള്‍. യുവമാധ്യമ അവാര്‍ഡിന് ഈജിപ്തിലെ അല്‍ വതന്‍ ദിനപത്രത്തിലെ ജിഹാദ് അബ്ബാസും മുഹമ്മദ് അല്ലൈതിയും മസ്‌റവി ദിനപത്രത്തിലെ ദൗവ്വാ അല്‍ ഫൗലിയും അര്‍ഹരായി.

ദുബൈ ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് അല്‍ ഖലീഫ, ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, അറബ് മീഡിയ ഫോറം സംഘാടക സമിതി ചെയര്‍പേഴ്‌സണ്‍ മുന ഗാനിം അല്‍ മര്‍റി, അറബ് മാധ്യമ പുരസ്‌കാര ബോര്‍ഡ് ചെയര്‍മാന്‍ ദിയ റഷ്‌വാന്‍ തുടങ്ങിയ ഉന്നത വ്യക്തിത്വങ്ങളും പ്രസിദ്ധ മാധ്യമ പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു.
അറബ് മേഖലയില്‍ നിന്നാകെ 5,874 അപേക്ഷകളാണ് ഇത്തവണ ലഭിച്ചത്.

---- facebook comment plugin here -----

Latest