കരുണ: കോടതിയെ വെല്ലുവിളിക്കാനില്ലെന്ന് മുഖ്യമന്ത്രി; വിധി മുന്‍വിധിയോടെയുള്ളതെന്ന് കോടിയേരി

Posted on: April 5, 2018 6:20 pm | Last updated: April 5, 2018 at 6:27 pm

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് വിഷയത്തിൽ സുപ്രീം കോടതിയെ വെല്ലുവിളിക്കാനില്ലെന്നും അത് സർക്കാറിൻറെ രീതിയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികളുടെ ഭാവി ഒാർത്താണ് വിഷയത്തിൽ ഇടപെട്ടത്. ഇടപെട്ടില്ലായിരുന്നുവെങ്കിൽ അതാകുമായിരുന്നു ആരോപണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സുപ്രീം കോടതി ഉത്തരവ് മുന്‍വിധിയോടു കൂടിയുള്ളതാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. സര്‍ക്കാരിന്റെ സദുദ്ദേശത്തെ കോടതി മാനിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളിലെ 180 വിദ്യാര്‍ഥികളെയും ഉടന്‍ പുറത്താക്കണമെന്ന സുപ്രീം കോടതി വിധി സംസ്ഥാന സര്‍ക്കാറിന് കനത്ത തിരിച്ചടിയായ സാഹചര്യത്തിലാണ് കോടിയേരിയുടെ പ്രതികരണം. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇന്നലെ കൊണ്ടുവന്ന ഓഡിനന്‍സ് കോടതി സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. ഭരണപക്ഷവും പ്രതിപക്ഷവും ഒത്തൊരുമിച്ചാണ് നിയമസഭയില്‍ ബില്‍ പാസ്സാക്കിയത്.