Connect with us

Kerala

സര്‍ക്കാറിന് തിരിച്ചടി: കണ്ണൂര്‍,കരുണ മെഡിക്കല്‍ പ്രവേശന ഓര്‍ഡിനന്‍സ് സുപ്രീം കോടതി റദ്ദാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിന് കനത്ത തിരിച്ചടി നല്‍കി സുപ്രീം കോടതി വിധി. സംസ്ഥാന സര്‍ക്കാറിന്റെ ഓര്‍ഡിനന്‍സ് സുപ്രീം കോടതി റദ്ദാക്കി.

2016- 17 വര്‍ഷം എംബിബിഎസ് പ്രവേശനം ലഭിച്ച 180 വിദ്യാര്‍ഥികളെയും ഉടന്‍ പുറത്താക്കണമെന്നും കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.പ്രവേശനം നിയമപരമാക്കിയതിനെതിരേ മെഡിക്കല്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി.

കണ്ണൂര്‍ അഞ്ചരക്കണ്ടി, പാലക്കാട് കരുണ മെഡിക്കല്‍ കോളജുകളില്‍ 2016- 17 വര്‍ഷങ്ങളില്‍ നടത്തിയ പ്രവേശനം സാധുകരിക്കുന്നതിനുള്ള കേരള മെഡിക്കല്‍ കോളജ് പ്രവേശനം സാധൂകരിക്കല്‍ ബില്‍ നിയമസഭ കഴിഞ്ഞ ദിവസമാണ് പാസ്സാക്കിയത്. ഓര്‍ഡിനന്‍സ് ചോദ്യം ചെയ്തുള്ള ഹരജിയില്‍ സുപ്രീം കോടതി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇത് മുഖവിലക്കെടുക്കാതെയാണ് ബില്‍ ഏകകണ്ഠമായി ഇന്നലെ സഭ പാസാക്കിയത്. സുപ്രീം കോടതി പരാമര്‍ശം പോലും മാനിക്കാതെ സ്വാശ്രയ കോളജുകളെ സഹായിക്കാനുള്ള നിയമ നിര്‍മാണം ഉപേക്ഷിക്കണമെന്ന് വി ടി ബല്‍റാം തടസ്സവാദം ഉന്നയിച്ചത് ഒഴിച്ചാല്‍ മറ്റ് എതിര്‍പ്പുകളൊന്നും ഇതിനെതിരെ ഉയര്‍ന്നിരുന്നില്ല. വിദ്യാര്‍ഥികളുടെ ഭാവി മുന്‍നിര്‍ത്തിയുള്ള നിയമ നിര്‍മാണം അനിവാര്യമാണെന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സ്വീകരിച്ചത്.