Connect with us

Kerala

ലഹരി മാഫിയ വിദ്യാര്‍ഥി വേഷം കെട്ടുന്നു

Published

|

Last Updated

തിരുവനന്തപുരം: സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന വ്യാപകമാകുന്നതായി നിയമസഭാ സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ട്. മിഠായി, പശ, ഗുളികകള്‍ തുടങ്ങിയ രൂപത്തില്‍ സ്‌കൂള്‍ പരിസരങ്ങളിലെ കടകളില്‍ ലഹരി സുലഭമായി വിറ്റഴിക്കപ്പെടുകയാണ്. ഈ ഗുരുതര സാഹചര്യം കണക്കിലെടുത്ത് പോലീസും എക്‌സൈസും സ്‌കൂള്‍ പരിസരങ്ങളിലെ കടകളില്‍ മിന്നല്‍ പരിശോധന നടത്തണമെന്ന് സമിതി ശിപാര്‍ശ ചെയ്തു. സ്‌കൂള്‍ പരിസരങ്ങളില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിന് ഏര്‍പ്പെടുത്തിയ ദൂരപരിധി നൂറ് മീറ്ററില്‍ നിന്ന് 500 മീറ്റര്‍ ആയി ഉയര്‍ത്തണമെന്നും നിയമസഭയില്‍ സമര്‍പ്പിച്ച വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അധ്യക്ഷനായ സബ്ജക്ട് കമ്മറ്റിയുടെ റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു.

രാവിലെയും ഉച്ചക്കും വൈകുന്നേരവുമാണ് ലഹരി കൈമാറ്റവും ഉപയോഗവും നടക്കുന്നതെന്നാണ് സമിതിയുടെ കണ്ടെത്തല്‍. ഈ സമയങ്ങളില്‍ യൂണിഫോമിലുള്ള പോലീസ് സാന്നിധ്യം സ്‌കൂള്‍ പരിസരങ്ങളില്‍ ഉറപ്പുവരുത്തണം. സ്‌കൂള്‍, കോളജ് കലോത്സവങ്ങളും കായിക മേളകളും നടക്കുമ്പോള്‍ ലഹരി ഉപയോഗം കൂടുന്നു. ഈ സമയങ്ങളില്‍ മഫ്തിയില്‍ പോലീസ്, എക്‌സൈസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കണം. എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ കോളജ് ഹോസ്റ്റലുകള്‍ പരിശോധിക്കണം. മയക്കുമരുന്ന് വില്‍പ്പന വ്യാപിപ്പിക്കാന്‍ മാഫിയകളുമായി ബന്ധമുള്ളവര്‍ കോളജുകളില്‍ പ്രവേശനം നേടുന്നുണ്ടെന്നാണ് സമിതിയുടെ കണ്ടെത്തല്‍. വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന പരിരക്ഷ കവചമാക്കി ഇവര്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുകയാണ്.

മുന്തിയ മൊബൈല്‍ ഫോണ്‍, ബൈക്ക് തുടങ്ങിയവ നല്‍കിയാണ് കുട്ടികളെ വശീകരിക്കുന്നത്. ഇത് കണക്കിലെടുത്ത് മയക്കുമരുന്നുമായി പിടിയിലാകുന്ന കുട്ടികള്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഉടമകള്‍ക്കെതിരെയും കേസെടുക്കണം. ലഹരി മരുന്ന് വില്‍പ്പന നടത്തുന്നവര്‍ക്കൊപ്പം ഇത് ഉപയോഗിക്കുന്നവര്‍ക്ക് കൂടി ശിക്ഷ ഉറപ്പുവരുത്താന്‍ നിയമനിര്‍മാണം നടത്തണം. നിശ്ചിത അളവില്‍ കുറഞ്ഞ മയക്കുമരുന്ന് പിടിച്ചാല്‍ നിലവില്‍ നടപടിയെടുക്കാന്‍ വ്യവസ്ഥയില്ല. ഇത് മാറ്റി എത്ര കുറഞ്ഞ അളവിലാണെങ്കിലും നടപടിയും ഉയര്‍ന്ന പിഴയും ഉറപ്പാക്കണം. കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ഏഴ് വര്‍ഷത്തെ ജയില്‍ ശിക്ഷ നടപ്പാക്കാന്‍ എക്‌സൈസ് വകുപ്പിന് കൂടി അധികാരം നല്‍കണം. കേസുകള്‍ വേഗം തീര്‍പ്പാക്കുന്നതിന് പ്രത്യേക കോടതികള്‍ സ്ഥാപിക്കണം. ഇളംതലമുറയെ മദ്യം, മയക്കുമരുന്ന് എന്നിവയില്‍ നിന്ന് അകറ്റാന്‍ മാനസിക പ്രതിരോധം വളര്‍ത്തിയെടുക്കണം. ലഹരിയുടെ ദൂഷ്യവശങ്ങള്‍ ഒന്നാം ക്ലാസ് മുതല്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം. സ്‌കൂള്‍ സമയങ്ങളില്‍ പുസ്തകവും പേനയും മറ്റും വാങ്ങാന്‍ കടയില്‍ പോകുന്ന സാഹചര്യം ഒഴിവാക്കണം. ഇതിനായി സ്‌കൂളുകളില്‍ തന്നെ സ്റ്റോര്‍ സംവിധാനം ഏര്‍പ്പെടുത്തണം. ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് ഒന്നിലധികം തവണ പിടിക്കപ്പെടുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് തദ്ദേശ സ്ഥാപനങ്ങള്‍ റദ്ദാക്കണം. ബോധവത്കരണത്തിനൊപ്പം ലഭ്യത ഇല്ലാതാക്കാന്‍ കൂടി നടപടി വേണം. അല്ലെങ്കില്‍ ബോധവത്കരണം ജലരേഖയാകും. വിദ്യാര്‍ഥികളുടെ ജീവിത സാഹചര്യം മനസ്സിലാക്കി അധ്യാപകര്‍ അവരുമായി ഇടപഴകണം. വിദ്യാര്‍ഥികളുടെ പെരുമാറ്റം, മാനസികാവസ്ഥ, വസ്ത്രധാരണം തുടങ്ങിയവയില്‍ നിന്ന് ലഹരി ഉപയോഗത്തെക്കുറിച്ച് മനസ്സിലാക്കാന്‍ അധ്യാപകര്‍ക്ക് കഴിയും.

കുടുംബശ്രീ, തദ്ദേശസ്വയംഭരണം വകുപ്പുകളുടെ സഹകരണത്തോടെ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം ഉറപ്പാക്കി എല്ലാ വിദ്യാലയങ്ങളിലും മാസത്തിലൊരിക്കല്‍ ബോധവത്കരണം സംഘടിപ്പിക്കണം. സ്‌കൂളിന്റെ സല്‍പ്പേര് നിലനിര്‍ത്താന്‍ എന്ന പേരില്‍ വിദ്യാര്‍ഥികളെ ടി സി നല്‍കി വിടുന്ന പ്രവണത അവസാനിപ്പിക്കണം. വിദ്യാര്‍ഥികളില്‍ അനാവശ്യ മത്സരബുദ്ധി സൃഷ്ടിക്കുന്നത് തടയണം. പിരിമുറുക്കം അനുഭവപ്പെടുന്ന കുട്ടികള്‍ക്ക് കൗണ്‍സലിംഗ് ഏര്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.