Connect with us

Gulf

അറബ് മീഡിയ ഫോറത്തിന് ഉജ്വല തുടക്കം

Published

|

Last Updated

അറബ് മീഡിയ ഫോറം ഉദ്ഘാടന വേദിയില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ദുബൈ ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, യു എ ഇ ക്യാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി, സഹമന്ത്രിയും നാഷണല്‍ മീഡിയ കൗണ്‍സില്‍ ചെയര്‍മാനുമായ ഡോ. സുല്‍ത്താന്‍ ബിന്‍ അഹ്മദ് സുല്‍ത്താന്‍ അല്‍ ജാബിര്‍, അറബ് മീഡിയ ഫോറം സംഘാടക സമിതി ചെയര്‍പേഴ്‌സണ്‍ മുന ഗാനിം അല്‍ മര്‍റി എന്നിവര്‍

ദുബൈ: പതിനേഴാമത് അറബ് മീഡിയ ഫോറത്തിന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ സാന്നിധ്യത്തില്‍ ദുബൈ മദീനത് ജുമൈറയില്‍ യില്‍ ഉജ്വല തുടക്കം. ദുബൈ പ്രസ് ക്ലബ്ബാണ് സംഘാടകര്‍. ദുബൈ പ്രസ് ക്ലബ്ബ് പ്രസിഡന്റും അറബ് മീഡിയ ഫോറം സംഘാടക സമിതി ചെയര്‍പേഴ്‌സണുമായ മുന ഗാനിം അല്‍ മര്‍റി ആമുഖ പ്രഭാഷണം നടത്തി.

ഉദ്ഘാടനച്ചടങ്ങില്‍ അതിഥിയായി എത്തിയ ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് അല്‍ ഖലീഫയെ ശൈഖ് മുഹമ്മദ് സ്വീകരിച്ചു. യു എ ഇയും ബഹ്‌റൈനും തമ്മിലുള്ള ദൃഢ സഹോദര ബന്ധത്തെക്കുറിച്ച് ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് അല്‍ ഖലീഫ സമ്മേളനത്തില്‍ വാചാലനായി. സഊദിയുടെ പ്രവര്‍ത്തനങ്ങള്‍ മേഖലയുടെ ഉയര്‍ച്ചക്ക് കാരണമാകുന്നുണ്ടെന്നും ഖത്വറുമായുള്ള നയതന്ത്ര പ്രതിസന്ധി വലിച്ചുനീട്ടിക്കൊണ്ടുപോകാതെ ഐക്യപ്പെടാന്‍ ഖത്വര്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ശ്രമമുണ്ടാകണമെന്നും ശൈഖ് ഖാലിദ് കൂട്ടിച്ചേര്‍ത്തു. ഇറാന്റെ നീക്കങ്ങള്‍ മേഖലയിലെ സമാധാനം തകര്‍ക്കാനേ ഉപകരിക്കൂ. അയല്‍രാജ്യങ്ങളെക്കൂടി അപകടപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് അവരുടെ ഭാഗത്തുനിന്നുള്ളത്. സ്വന്തം രാജ്യത്തിന്റെ ഭരണവ്യവസ്ഥയെ തന്നെ ഇറാന്‍ ജനത സഹിക്കുകയാണെന്നും ശൈഖ് ഖാലിദ് വ്യക്തമാക്കി. യു എസ്-ജി സി സി ബന്ധത്തെ ശൈഖ് ഖാലിദ് പ്രശംസിച്ചു. മേഖലയുടെ ഉന്നമനത്തിന് മികച്ച ബന്ധമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ദുബൈ ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം നോളജ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, യു എ ഇ ക്യാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി, സഹമന്ത്രിയും നാഷണല്‍ മീഡിയ കൗണ്‍സില്‍ ചെയര്‍മാനുമായ ഡോ. സുല്‍ത്താന്‍ ബിന്‍ അഹ്മദ് സുല്‍ത്താന്‍ അല്‍ ജാബിര്‍ തുടങ്ങി ഉന്നത വ്യക്തിത്വങ്ങളും അറബ് മേഖലയിലെയും മറ്റു വിദേശ രാജ്യങ്ങളിലെയും പ്രമുഖ മാധ്യമ പ്രതിനിധികളും ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിച്ചു.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ 20ലധികം രാജ്യങ്ങളില്‍ നിന്ന് അന്‍പതലധികം പ്രമുഖര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും.

ഇന്ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ പതിനേഴാമത് അറബ് ജേര്‍ണലിസം അവാര്‍ഡ് ജേതാക്കളെ പുരസ്‌കാരം നല്‍കി ആദരിക്കും.

 

“സാമൂഹിക മാധ്യമങ്ങള്‍ യഥാര്‍ഥ
മാധ്യമ പ്രവര്‍ത്തനത്തിന് പകരമാകില്ല”

ഗൂഗിള്‍ പ്രസിഡന്റ് കാര്‍ലോ ബയോന്‍ഡോ
അറബ് മീഡിയ ഫോറത്തില്‍ സംസാരിക്കുന്നു

സാമൂഹിക മാധ്യമങ്ങള്‍ മികച്ച മാധ്യമ പ്രവര്‍ത്തനത്തിന് പകരമാകില്ലെന്ന് ഇന്റര്‍നെറ്റ് ലോകത്തെ അതികായരായ ഗൂഗിളിന്റെ പ്രസിഡന്റ് കാര്‍ലോ ബയോന്‍ഡോ.

ദുബൈയില്‍ അറബ് മീഡിയ ഫോറത്തില്‍ “വാര്‍ത്തകളുടെ മികച്ച ഭാവി ഒരുക്കല്‍” എന്ന സെഷനില്‍ മാധ്യമ പ്രവര്‍ത്തകരോട് സംവദിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക മാധ്യമങ്ങളുടെ ശബ്ദ കോലാഹലങ്ങള്‍ക്കനുസരിച്ച് തിരുത്തലുകള്‍ വരുത്താവുന്നതല്ല മാധ്യമ പ്രവര്‍ത്തന രീതികള്‍. ആധുനിക ഡിജിറ്റല്‍ മാധ്യങ്ങളോട് പരമ്പരാഗത മാധ്യമ പ്രവര്‍ത്തനം പുറംതിരിഞ്ഞു നില്‍ക്കുന്നു എന്ന ധാരണ സമൂഹത്തില്‍ പരന്നിട്ടുണ്ട്. അതേസമയം, സാമൂഹിക മാധ്യമങ്ങളിലൂടെ ചിലയാളുകള്‍ അവ്യക്തമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് അവയുടെ നിജസ്ഥിതി പരിശോധിക്കേണ്ടതില്ല എന്നതിനാല്‍ ലഭ്യമായതെന്തും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ്. എന്നാല്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് മികച്ചതായ ഗുണ ഗണങ്ങളും ഉണ്ടെന്നുള്ളത് വിസ്മരിച്ചുകൂട.

മികവുറ്റ മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തകളിലെ യാഥാര്‍ഥ്യത്തെ ഉറപ്പ് വരുത്തിയിരിക്കും. വസ്തുനിഷ്ഠത, വിശ്വാസ്യത, രാഷ്ട്രീയ ലക്ഷ്യത്തോടെയാണെങ്കില്‍ അവയില്‍ വാര്‍ത്തക്കുള്ള പങ്ക് തുടങ്ങിയവ മാധ്യമ പ്രവര്‍ത്തനത്തിന്റെ മര്യാദകള്‍ പാലിച്ചു തയാറാക്കുന്ന വാര്‍ത്തകളില്‍ വ്യക്തമാകും. എന്നാല്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നവക്ക് ഇത്തരത്തിലുള്ള ഗുണഗണങ്ങള്‍ പാലിക്കപ്പെടണമെന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Latest