ഫലസ്തീനികള്‍ക്ക് നേരെ നടന്നത് കരുതിക്കൂട്ടിയുള്ള കുരുതി: എച്ച് ആര്‍ ഡബ്ല്യൂ

അന്വേഷണത്തോട് സഹകരിക്കേണ്ട ഉത്തരവാദിത്വമില്ല: ഇസ്‌റാഈല്‍
Posted on: April 4, 2018 6:24 am | Last updated: April 3, 2018 at 11:54 pm

ജറൂസലം: ഗാസയില്‍ ഫലസ്തീന്‍ യുവാക്കള്‍ക്ക് നേരെ നടന്ന ഇസ്‌റാഈല്‍ സൈന്യത്തിന്റെ അതിക്രൂരമായ നടപടി നിയമവിരുദ്ധവും മുന്‍കൂട്ടി തീരുമാനിച്ചത് പ്രകാരവുമാണെന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്(എച്ച് ആര്‍ ഡബ്ല്യൂ) റിപ്പോര്‍ട്ട്. അതിര്‍ത്തിയില്‍ ഇസ്‌റാഈല്‍ സൈന്യത്തിന് ഗുരുതരമായി പരുക്കേല്‍ക്കുന്ന വിധത്തില്‍ ഏതെങ്കിലും ഫലസ്തീന്‍ യുവാവ് കല്ലെറിഞ്ഞതിന്റെ തെളിവുകള്‍ ഇല്ലെന്നും ഇസ്‌റാഈല്‍ സൈന്യം തെളിവ് സമര്‍പ്പിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്നലെയാണ് എച്ച് ആര്‍ ഡബ്ല്യൂ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പ്രതിഷേധത്തിന് മുമ്പും ശേഷവും ഇസ്‌റാഈല്‍ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ ഉത്തരവിടുകയായിരുന്നു. അന്താരാഷ്ട്ര മാനദണ്ഡങ്ങളെല്ലാം ലംഘിച്ചാണ് ഫലസ്തീനികള്‍ക്കെതിരെ ഇസ്‌റാഈല്‍ സൈന്യം ആയുധങ്ങള്‍ പ്രയോഗിച്ചതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

1948ലെ യുദ്ധത്തില്‍ ഫലസ്തീനികളില്‍ നിന്ന് ഇസ്‌റാഈല്‍ ഭൂമി പിടിച്ചെടുത്തതിന്റെ ഫലമായി നാട് ഉപേക്ഷിക്കേണ്ടിവന്ന ലക്ഷക്കണക്കിന് ഫലസ്തീനികള്‍ക്ക് തിരിച്ചുവരുന്നതിനുള്ള അവസരമൊരുക്കണമെന്നാവശ്യപ്പെട്ടായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച പ്രതിഷേധം നടന്നത്. എന്നാല്‍ സമാധാനപരമായി പ്രതിഷേധിച്ചിരുന്ന ഫലസ്തീനികള്‍ക്ക് നേരെ ഇസ്‌റാഈല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 18 പേര്‍ കൊല്ലപ്പെട്ടു. 1500ഓളം പേര്‍ക്ക് പരുക്കേറ്റു. ഇവര്‍ ആശുപത്രികളില്‍ ചികിത്സ തുടരുകയാണ്. വേണ്ടത്ര ജീവന്‍രക്ഷാ മരുന്നുകള്‍ ഇല്ലാത്തതിനാല്‍ മരണ സംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്ന് ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വെടിയുണ്ടകള്‍, റബ്ബര്‍ ബുള്ളറ്റുകള്‍, കണ്ണീര്‍വാതകം എന്നിവ ഉപയോഗിച്ചാണ് ഇസ്‌റാഈല്‍ സൈന്യം നിരായുധരായ ഫലസ്തീനികളെ നേരിട്ടിരുന്നത്. സംഭവത്തെ കുറിച്ച് സ്വതന്ത്ര്യവും സത്യസന്ധവുമായ അന്വേഷണം നടത്തണമെന്ന് കഴിഞ്ഞ ദിവസം യു എന്‍ സുരക്ഷാ കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഐക്യരാഷ്ട്ര സഭയുടെ അന്വേഷണവുമായി സഹകരിക്കേണ്ട ഒരു ഉത്തരവാദിത്വവും ഇസ്‌റാഈലിനില്ലെന്ന് ഇസ്‌റാഈല്‍ സുരക്ഷാ മന്ത്രാലയം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. വെടിയുതിര്‍ത്ത സൈനികരെ കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പുകഴ്ത്തി സംസാരിച്ചിരുന്നു.