രാജ്ഗുരുവിനെ ഒരു സംഘടനയുമായും ബന്ധിപ്പിക്കേണ്ടെന്ന് ബന്ധുക്കള്‍

Posted on: April 4, 2018 6:22 am | Last updated: April 3, 2018 at 11:51 pm

പൂനെ: ഭഗത്‌സിംഗിന്റെയും സുഖ്‌ദേവിന്റെയും കൂടെ ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റിയ സ്വാതന്ത്ര്യസമര സേനാനി ശിവറാം രാജ്ഗുരുവിനെ സ്വയംസേവക് ആയി അവതരിപ്പിക്കുന്നതില്‍ രോഷം കൊണ്ട് ബന്ധുക്കള്‍. ആര്‍ എസ് എസ് മുന്‍ പ്രചാരകും മാധ്യമപ്രവര്‍ത്തകനുമായ നരേന്ദര്‍ സെഗാള്‍ എഴുതിയ പുസ്തകത്തിലാണ് സുഖ്‌ദേവിനെ ആര്‍ എസ് എസ് സ്വയം സേവക് ആയി അവതരിപ്പിക്കുന്നത്.

രാജ്ഗുരു ആര്‍ എസ് എസ് സ്വയംസേവക് ആയിരുന്നതിന് തെളിവില്ലെന്നും അദ്ദേഹം അങ്ങനെ പറഞ്ഞിരുന്നില്ലെന്നും പേരക്കുട്ടികളായ സത്യശീലും ഹര്‍ഷവര്‍ധന്‍ രാജ്ഗുരുവും പറഞ്ഞു. അതേസമയം, നാഗ്പൂരില്‍ രാജ്ഗുരു വളരെ ചുരുങ്ങിയ കാലം താമസിച്ചപ്പോള്‍ വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കിയത് സംഘ് സ്വയം സേവക് ആയിരുന്നു. രാജ്യത്തിന്റെ മൊത്തം വിപ്ലവകാരിയായിരുന്നു രാജ്ഗുരു. ഏതെങ്കിലും പ്രസ്ഥാനത്തോട് അദ്ദേഹത്തിന്റെ പേര് ചേര്‍ത്തുവെക്കേണ്ടതില്ലെന്നും അവര്‍ മറാത്തി വാര്‍ത്താ ചാനലിനോട് പറഞ്ഞു. നാഗ്പൂരില്‍ രാജ്ഗുരുവിന്റെ താമസത്തിന് സന്നാഹങ്ങള്‍ ഒരുക്കിയത് ഹെഡ്‌ഗേവാര്‍ ആണെന്ന് മുതിര്‍ന്ന ആര്‍ എസ് എസ് നേതാവ് എം ജി വൈദ്യ അവകാശപ്പെട്ടു. സ്വാതന്ത്ര്യ സമരത്തിനിടെ ഒളിവിലായിരുന്നപ്പോള്‍ അരുണ ആസഫ് അലി ഡല്‍ഹിയിലെ ആര്‍ എസ് എസ് നേതാവ് ഹന്‍സ്‌രാജ് ഗുപ്തയുടെ വീട്ടിലാണ് താമസിച്ചതെന്നും വൈദ്യ അവകാശപ്പെട്ടു.