പാക് ഷെല്ലാക്രമണത്തില്‍ സൈനികന്‍ കൊല്ലപ്പെട്ടു

Posted on: April 4, 2018 6:20 am | Last updated: April 3, 2018 at 11:47 pm

ജമ്മു: ജമ്മു കശ്മീരില്‍ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്‍ സൈനികരുടെ ഷെല്ലാക്രമണത്തില്‍ സൈനികന്‍ കൊല്ലപ്പെട്ടു. ലെഫ്റ്റനന്റ് അടക്കം നാല് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

കൃഷ്ണ ഘാട്ടി സെക്ടറില്‍ രാവിലെയാണ് പാക് സൈന്യം ഷെല്ലാക്രമണം തുടങ്ങിയത്. ഇത് രണ്ട് മണിക്കൂര്‍ നീണ്ടുനിന്നു. ഇതില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ ഒരാള്‍ സൈനിക ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. പരുക്കേറ്റ മറ്റുള്ളവരെ ഉദ്ധംപൂര്‍ ജില്ലയിലെ കമാന്‍ഡ് ആശുപത്രിയിലേക്ക് മാറ്റി. പ്രകോപനമൊന്നുമില്ലാതെയാണ് രാവിലെ ഏഴ് മുതല്‍ പാക് സൈന്യം ആക്രമണം ആരംഭിച്ചതെന്ന് പ്രതിരോധ വക്താവ് ലെഫ്. കേണല്‍ എന്‍ എന്‍ ജോഷി പറഞ്ഞു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.

ഇതോടെ തുടര്‍ച്ചയായ മൂന്നാം ദിവസവും പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചു. പൂഞ്ചിലെയും രജൗറിലെയും സൈനിക പോസ്റ്റുകളും ഗ്രാമങ്ങളുമാണ് പാക്കിസ്ഥാന്‍ ലക്ഷ്യം വെക്കുന്നത്.

നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും പാക് സൈന്യം ഈ വര്‍ഷം 650 തവണ വെടിനിര്‍ത്തല്‍ ലംഘിച്ചിട്ടുണ്ട്.

 

തീവ്രവാദികള്‍ ഒരാളെ തട്ടിക്കൊണ്ടുപോയി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപോറ ജില്ലയില്‍ ഒരാളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. ഇയാളുടെ ബന്ധുക്കളായ മൂന്ന് പേരെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചിട്ടുമുണ്ട്. ഹാജിനിലെ ഫാറൂഖ് അഹ്മദ് പാരെ എന്നയാളുടെ വീട്ടിലേക്ക് ലഷ്‌കറെ ത്വയ്ബ തീവ്രവാദികള്‍ കഴിഞ്ഞ ദിവസം രാത്രി ഇരച്ചുകയറുകയായിരുന്നു. തുടര്‍ന്ന് വെടിവെപ്പ് നടത്തി.

തീവ്രവാദികളുടെ കത്തിയാക്രമണത്തില്‍ ഫാറൂഖിന്റെ ഭാര്യ, മകള്‍, സഹോദരന്‍ എന്നിവര്‍ക്ക് പരുക്കേറ്റു. ഫാറൂഖിന്റെ മരുമകന്‍ മുന്‍തസിര്‍ അഹ്മദ് പാരെയെയാണ് തട്ടിക്കൊണ്ടുപോയത്. ഫാറൂഖിന്റെ മകനെ കഴിഞ്ഞ വര്‍ഷം തീവ്രവാദികള്‍ കൊന്നിരുന്നു.