Connect with us

Kerala

ജീവകാരുണ്യ രംഗത്തെ ഇടപെടല്‍ എല്ലാവരുടെയും ബാധ്യത: സ്പീക്കര്‍

Published

|

Last Updated

തിരുവനന്തപുരം: ജീവകാരുണ്യരംഗത്തെ ഇടപെടല്‍ എല്ലാവിഭാഗം ജനങ്ങളുടെയും ബാധ്യതയാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. സമൂഹത്തിലെ അധഃസ്ഥിത വിഭാഗങ്ങളിലേക്ക് പൂര്‍ണതോതില്‍ സഹായമെത്തിക്കുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പരിമിതികളുണ്ടാകും. ഈ രംഗത്ത് മതസംഘടനകളും സ്വകാര്യ സംരംഭകരും നടത്തുന്ന ഇടപെടല്‍ ശ്ലാഘനീയമാണെന്നും സ്പീക്കര്‍ പറഞ്ഞു. കേരളത്തിലെ മലയോര, ചേരി, തീരപ്രദേശങ്ങളില്‍ അധിവസിക്കുന്ന പിന്നാക്ക അധഃസ്ഥിത ജനവിഭാഗങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യമിടുന്ന പുനരധിവാസ പദ്ധതിയായ ബി വണ്‍ സിറ്റിയുടെ മാസ്റ്റര്‍ പ്ലാന്‍ ലോഞ്ചിംഗ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കര്‍.

കണ്ടുപരിചയിച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തന്നെ മാറ്റിമറിക്കുന്നതാണ് ബി വണ്‍ സിറ്റിയെന്ന് മാസ്റ്റര്‍പ്ലാന്‍ ലോഞ്ചിംഗ് നിര്‍വഹിച്ച തദ്ദേശസ്വയംഭരണ മന്ത്രി ഡോ. കെ ടി ജലീല്‍ പറഞ്ഞു. ഭവന നിര്‍മാണ പദ്ധതികളും മറ്റു ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമേറെയുണ്ടെങ്കിലും സേവന പ്രവര്‍ത്തനങ്ങള്‍ പുതിയ രീതിയിലേക്ക് മാറുന്നതിന്റെ പ്രഖ്യാപനമാണ് ബി വണ്‍ സിറ്റി. നഗരസമാനമായ നിരവധി പട്ടണങ്ങള്‍ നമ്മുടെ നാട്ടിലും സൃഷ്ടിച്ചിട്ടുണ്ട്. എല്ലാവിധ സൗകര്യങ്ങളുമുള്ള അതിസമ്പന്നരുടെ വാസസ്ഥലങ്ങളാണിതെല്ലാം. എന്നാല്‍, നിരാശ്രയരായവരെയാണ് ബി വണ്‍ സിറ്റി ലക്ഷ്യമിടുന്നത്. പാവപ്പെട്ടവര്‍ക്ക് പാര്‍പ്പിടവും തുടര്‍ജീവിത സാഹചര്യവും ഒരുക്കുന്ന നൂതന പദ്ധതി പ്രശംസനീയമാണെന്നും മന്ത്രി വ്യക്തമാക്കി. കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ ലോഗോ പ്രകാശനം നിര്‍വഹിച്ചു.

ബിവണ്‍ സിറ്റി ജനറല്‍സെക്രട്ടറി മാളിയേക്കല്‍ സുലൈമാന്‍ സഖാഫി അധ്യക്ഷത വഹിച്ചു. സി ഇ ഒ. ഇ വി അബ്ദുര്‍റഹ്മാന്‍ പദ്ധതി വിശദീകരിച്ചു. എം എല്‍ എമാരായ എ പി അനില്‍കുമാര്‍, പി വി അന്‍വര്‍, പി ടി എ റഹീം, എ എം ആരിഫ്, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ സൈഫുദ്ദീന്‍ ഹാജി, നേമം സിദ്ദീഖ് സഖാഫി പ്രസംഗിച്ചു.

പിന്നാക്ക ജനവിഭാഗങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യമിടുന്ന ബി വണ്‍ സിറ്റി മലപ്പുറം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദാറുല്‍ ഇസ്‌ലാം അല്‍ ബദ്‌രിയ്യ ആണ് നടപ്പാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടം നാളെ മലപ്പുറം കാളികാവില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നാടിന് സമര്‍പ്പി ക്കും.