ജാതി അധീശത്വത്തിനെതിരെ ഇന്ത്യയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പുകള്‍

പട്ടികജാതി, വര്‍ഗ പീഡന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നു എന്നാരോപിക്കുന്ന ന്യായാധിപന്മാര്‍; ജാതി വ്യവസ്ഥ എന്നത് സ്വാതന്ത്ര്യത്തിനും സാഹോദര്യത്തിനും സമത്വത്തിനും നേരെതിരായ മര്‍ദനാധികാര വ്യവസ്ഥയാണെന്ന കാര്യം എന്തുകൊണ്ടാണ് മറന്നു പോകുന്നത്? നിയമം ശക്തമാണെന്ന തോന്നലും അത് നടപ്പിലാക്കുമെന്ന ധാരണയുമുണ്ടായാല്‍ തന്നെ പല കുറ്റകൃത്യങ്ങളും മുളയിലേ നുള്ളപ്പെടും. അതിനു പകരം നിയമത്തില്‍ വെള്ളം ചേര്‍ത്താല്‍, പിന്നെ അതിന്റെ മൂല്യം നഷ്ടപ്പെടുകയും സമൂഹം പിന്തിരിപ്പന്‍ ശക്തികള്‍ക്ക് കൂടുതല്‍ കീഴ്‌പ്പെടുകയും ചെയ്യും. മുന്‍കൂര്‍ ജാമ്യമില്ലാത്ത അറസ്റ്റാണ്, ഈ നിയമത്തിന്‍ കീഴില്‍ കുറ്റം ചാര്‍ത്തപ്പെട്ട ആളെ കാത്തിരിക്കുന്നത് എന്ന ഘടകത്തിന്മേലാണ് സുപ്രീം കോടതി ഭേദഗതി നിര്‍ദേശിച്ചിരിക്കുന്നത് എന്നത് കാര്യങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു.
Posted on: April 4, 2018 6:00 am | Last updated: April 3, 2018 at 10:03 pm

അഭൂതപൂര്‍വമായ ഒരു ജനകീയ സമരമുന്നേറ്റത്തിനാണ് 2018 ഏപ്രില്‍ രണ്ടാം തീയതി തിങ്കളാഴ്ച ഉത്തരേന്ത്യ സാക്ഷ്യം വഹിച്ചത്. 1989ലെ പട്ടിക ജാതി/പട്ടിക വര്‍ഗ പീഡന നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ ലഘൂകരിച്ചുകൊണ്ട് സുപ്രീം കോടതി നടത്തിയ ചില ഇടക്കാല ഉത്തരവുകളില്‍ പ്രതിഷേധിച്ച് വിവിധ ദളിത് സംഘടനകള്‍ ഭാരത് ബന്ദിന് ആഹ്വാനം നല്‍കിയിരുന്നു. സ്ഥിരം തൊഴില്‍ വ്യവസ്ഥകള്‍ എടുത്തുകളയാന്‍ വേണ്ടി കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ നിയമത്തിനെതിരെ കേരളത്തിലെ വിവിധ ട്രേഡ് യൂനിയന്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്കും അതേ ദിവസം തന്നെയായിരുന്നു. സ്വാഭാവികമായും കേരളത്തില്‍ അതു സംബന്ധിച്ച വാര്‍ത്തകള്‍ക്കാണ് കുറച്ചെങ്കിലും പ്രാമുഖ്യം ലഭിച്ചത്. ഭാരത് ബന്ദ് സംബന്ധിച്ച അധികം വാര്‍ത്തകളൊന്നും പ്രാദേശിക/ദേശീയ മാധ്യമങ്ങളില്‍ ശ്രദ്ധയില്‍ പെടുന്ന വിധത്തില്‍ കാണാനുണ്ടായിരുന്നില്ല. എന്നാല്‍, അടുത്ത കാലത്തായി മിക്കപ്പോഴും ആവര്‍ത്തിക്കുന്നതു പോലെ, മാധ്യമങ്ങളുടെ ഫോക്കസ് ഒരു ഭാഗത്തും മുഖ്യ സംഭവഗതികള്‍ മറ്റൊരു വഴിക്കും എന്ന നിലക്കാണ് കാര്യങ്ങള്‍ നടന്നത്. രോഹിത് വെമുലെയുടെ ആത്മഹത്യയും ഉന, ഭീമ കൊറെഗാവ് മുന്നേറ്റങ്ങളും സൃഷ്ടിച്ച സമരപശ്ചാത്തലത്തില്‍ ഏഴിലധികം മുഖ്യ സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളെ പിടിച്ചു കുലുക്കിയ ഈ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനാണ് പോലീസ് ശ്രമിച്ചത്. ആദ്യ റിപ്പോര്‍ട്ടുകളനുസരിച്ചു തന്നെ എട്ടോ ഒമ്പതോ പോരാളികള്‍ പോലീസ് വെടിവെപ്പുകളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മുഖ്യ മാധ്യമങ്ങളുടെ മുന്‍കൂര്‍ ശ്രദ്ധ ഇല്ലാത്ത സമരങ്ങളായതിനാല്‍, പല കേന്ദ്രങ്ങളില്‍ നിന്നുമുള്ള വാര്‍ത്തകള്‍ സമാഹരിക്കാന്‍ സാധിക്കാത്തതു കൊണ്ട്, കൊലകളും പരുക്കുകളും മറ്റ് അടിച്ചമര്‍ത്തലുകളും മുഴുവനായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ടാവില്ല.

ബിഹാര്‍, രാജസ്ഥാന്‍, പഞ്ചാബ്, ഒഡീഷ, മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, ഡല്‍ഹി, ഗുജറാത്ത്, ഝാര്‍ഖണ്ഡ്എന്നീ സംസ്ഥാനങ്ങളിലെല്ലാം പ്രക്ഷോഭം ശക്തമായിരുന്നു. പലയിടത്തും തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. കേരളത്തിനു പുറത്ത് ബന്ദോ സമരങ്ങളോ ഒന്നും നടക്കാറില്ലെന്നും ചുവന്ന കൊടി കാണണമെങ്കില്‍ റെയില്‍വെ സ്റ്റേഷനില്‍ പേമായി നോക്കണമെന്നും ഉള്ള തരത്തിലുള്ള കമ്യൂണിസ്റ്റ് വിരുദ്ധ ‘തള്ളലുകള്‍’ സാധാരണമാണല്ലോ. ഏപ്രില്‍ രണ്ടിന്റെ സമരത്തെക്കുറിച്ച് എന്‍ ഡി ടി വി അവരുടെ വാര്‍ത്താ പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന മുഖ്യ വാര്‍ത്ത ഈ പശ്ചാത്തലത്തില്‍ ഏറെ ശ്രദ്ധേയമായി. അംബേദ്ക്കറുടെയും ലെനിന്റെയും പടങ്ങളും അരിവാള്‍ ചുറ്റികയും ആലേഖനം ചെയ്ത ചുവന്ന ബാനര്‍ പിടിച്ച് സമരക്കാര്‍ ബിഹാറില്‍ നടത്തുന്ന പ്രതിഷേധ റാലിയുടെ ഫോട്ടോ, ഇന്ത്യയില്‍ മാറ്റത്തിനു വേണ്ടി മാര്‍ക്‌സിസ്റ്റുകളും അംബേദ്കറിസ്റ്റുകളും യോജിക്കേണ്ടതുണ്ടെന്ന വാദത്തിന് പിന്‍ബലമേകുന്നതായിരുന്നു. നീലക്കൊടിയേന്തിയ സമരങ്ങള്‍ മീറത്തിലും അസംഗാഡിലും ഗ്വാളിയറിലും ഭിന്ദിലും അല്‍വാറിലും ജയ്പൂരിലും ബാര്‍മറിലും മുസഫര്‍ നഗറിലും റാഞ്ചിയിലും ജലന്ധറിലും അമൃത്‌സറിലും ഭട്ടിണ്ഡയിലും കപൂര്‍ത്തലയിലും നവന്‍ശഹറിലും ഹോഷിയാര്‍പൂരിലും ചണ്ഡീഗഢിലും മറ്റും മറ്റും സ്‌ഫോടനാത്മകത തന്നെ സൃഷ്ടിച്ചു.

കഴിഞ്ഞ മാര്‍ച്ച് 20നാണ് വിവാദമായ ഉത്തരവ് സുപ്രീം കോടതി പുറത്തു വിട്ടത്. നീതിക്കും ആത്മാഭിമാനത്തിനും വേണ്ടിയാണ് നിയമപ്രകാരം പട്ടികജാതി എന്നും പട്ടികവര്‍ഗം എന്നും വിളിക്കപ്പെടുന്ന ദളിതുകളും ആദിവാസികളും പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്നത്. നൂറ്റാണ്ടുകള്‍ പിന്നിട്ട സുശക്തമായ ജാത്യധീശത്വ വ്യവസ്ഥയാണ് ഇന്ത്യയിലുള്ളത്. മനുസ്മൃതി അടക്കമുള്ള ലിഖിതമായ ആധാരങ്ങളനുസരിച്ച് ജാതിവ്യവസ്ഥ അലംഘനീയമാണെന്ന തോന്നല്‍ സാമാന്യജനങ്ങളുടെ പൊതുബോധത്തില്‍ അതിശക്തമായി നിലനില്‍ക്കുന്നു. ഈ ജാത്യധീശത്വം തന്നെയാണ് ഇന്ത്യന്‍ ഫാസിസത്തിന്റെ അടിസ്ഥാന പശ്ചാത്തലം എന്ന നിഗമനത്തെ ശരിവെക്കുന്ന തരത്തിലുള്ള സംഭവഗതികളാണ് 21-ാം നൂറ്റാണ്ടിലെ ഇന്ത്യയില്‍ നടമാടുന്നത്. ചത്ത പശുവിന്റെ തോലുരിച്ച് ഉണക്കിയെടുക്കുകയും മാംസം ഭക്ഷിക്കുകയും ചെയ്തു എന്നാരോപിച്ച് ദളിതരെ ജീവനോടെ തൊലിയുരിച്ച് കൊലപ്പെടുത്തുന്ന തരത്തില്‍ അതിക്രൂരവും നിഷ്ഠൂരവുമായ മര്‍ദനങ്ങളാണ് സവര്‍ണ ജാതിഗൂണ്ടകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
മഹാനായ അംബേദ്ക്കറുടെ നേതൃത്വത്തില്‍ തയ്യാര്‍ ചെയ്യപ്പെട്ട ഇന്ത്യന്‍ ഭരണഘടന; ആധുനികവും ജനാധിപത്യപരവും സാമൂഹിക നീതിയിലധിഷ്ഠിതവും സമത്വം പ്രതീക്ഷിക്കുന്നതുമായ ഒരു രാഷ്ട്രത്തെയാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഭരണഘടനയുടെ അന്തസ്സത്തയെ ചോദ്യം ചെയ്യുന്നതും അതിന്റെ ഉറപ്പില്‍ വിള്ളല്‍ വരുത്തുന്നതുമായ നീക്കങ്ങളാണ് പലപ്പോഴും ഭരണകൂടത്തിന്റെയും നീതിന്യായ സംവിധാനത്തിന്റെയും പിന്‍ബലത്തോടെ സവര്‍ണ ജാത്യധികാരികള്‍ നടത്തുന്നത്. അത്തരമൊരു നീക്കമായിരുന്നു മാര്‍ച്ച് 20ന്റെ ഉത്തരവ് എന്ന് ജനാധിപത്യവാദികള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ആ തിരിച്ചറിവാണ് ഏപ്രില്‍ രണ്ടിന്റെ മുന്നേറ്റത്തിന് പ്രേരകമായത്.

ഏറ്റവും പുരോഗമനപരമായ സമൂഹം നിലനില്‍ക്കുന്നു എന്നു കരുതപ്പെടുന്ന കേരളത്തില്‍ കഴിഞ്ഞ മാസം, ദളിത് യുവാവിനെ പ്രണയിച്ച് വിവാഹത്തിന് തയ്യാറായ മകളെ സ്വന്തം പിതാവ് നിഷ്ഠൂരമായി കൊലപ്പെടുത്തുകയുണ്ടായി. ബ്രാഞ്ച് സെക്രട്ടറിയെ പാര്‍ട്ടി സമ്മേളനത്തിലെ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചു തുടങ്ങിയ നിസ്സാര വാര്‍ത്തകള്‍ വെണ്ടക്കയും വഴുതനങ്ങയുമാക്കുന്ന മലയാള മാധ്യമങ്ങള്‍ ഈ വാര്‍ത്തയെ എത്രയും പെട്ടെന്നു തന്നെ ഒതുക്കിതീര്‍ത്തു. ഒ ബി സി വിഭാഗത്തില്‍ പെട്ട ഈഴവ സമുദായക്കാരനാണ് ഈ കൊലപാതകിയായ പിതാവ് എന്നതും ശ്രദ്ധേയമാണ്. കേരള നവോത്ഥാനത്തിന് നേതൃത്വം കൊടുത്ത ശ്രീനാരായണഗുരുവും ഈ സമുദായത്തില്‍ ജനിച്ച് സന്യാസത്തിലേക്കും പൊതുജനസേവനത്തിലേക്കും വളര്‍ന്ന മഹാനാണെന്നത് മറക്കാനാവില്ല. അതിനും തൊട്ടു മുമ്പത്തെ മാസമായിരുന്നു മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ആദിവാസി യുവാവായ മധുവിനെ ഒരു പാക്കറ്റ് മുളകു പൊടി മോഷ്ടിച്ചു എന്ന കുറ്റാരോപണം നടത്തി വെളുത്ത തൊലി നിറമുള്ള ഏതാനും ചെറുപ്പക്കാര്‍ അട്ടപ്പാടിയില്‍ തല്ലിക്കൊന്നത്. ഉത്തര്‍പ്രദേശില്‍, ദളിതര്‍ക്ക് പരസ്യപ്പാതകളിലൂടെ വിവാഹഘോഷയാത്ര നടത്താന്‍ താക്കൂര്‍ വിഭാഗത്തില്‍ പെട്ട ഗ്രാമീണര്‍ സമ്മതിക്കുന്നില്ല എന്നു മാത്രമല്ല, ആക്രാമക മാര്‍ഗങ്ങളിലൂടെ ദളിതരെ അടിച്ചമര്‍ത്തുകയും ചെയ്യുന്നു. 1989ലെ പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമത്തിലെ സുപ്രീം കോടതി ഉത്തരവിനെതിരെ അപ്പീലിനു പോയാല്‍ തങ്ങള്‍ അക്രമത്തിലേക്കു തിരിയുമെന്ന് മഹാരാഷ്ട്രയിലെ ഒരു സവര്‍ണ സമുദായ സംഘടന പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നു. ഈ വാര്‍ത്തകള്‍ വേറൊരു രീതിയിലും വായിച്ചെടുക്കാം. ദളിത് യുവാവിനെ വിവാഹം കഴിക്കുന്നില്ലെന്ന് ഈഴവ യുവതിയും തങ്ങളെകൊന്നാലും സാരമില്ലെന്ന് അട്ടപ്പാടിയിലെ ആദിവാസികളും, പൊതുപ്പാതകളിലൂടെ വിവാഹഘോഷയാത്ര നടത്തുന്നില്ലെന്ന് യുപിയിലെ ദളിതരും, സുപ്രീം കോടതിക്കെതിരെ അപ്പീല്‍ പോകുന്നില്ലെന്ന് സര്‍ക്കാറും തീരുമാനിച്ചാല്‍ സമാധാനം നിലനില്‍ക്കുമെന്നതാണാ നിഗമനം. അതായത്, ഇന്ത്യയില്‍ സമാധാനമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍, ദളിതരും ആദിവാസികളും മിണ്ടാതെ എല്ലാം സഹിച്ച് കഴിഞ്ഞുകൂടണമെന്നു ചുരുക്കം.

പട്ടികജാതി, വര്‍ഗ പീഡന നിരോധന നിയമം, ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം, സവര്‍ണരും ഒ ബി സി വിഭാഗത്തില്‍ പെട്ടവരും നിരന്തരമായി ഉന്നയിച്ചുപോരുന്ന ആരോപണമാണ്. വണ്ണിയര്‍ സമുദായക്കാരുടെ പാര്‍ട്ടിയായ പട്ടാളി മക്കള്‍ കച്ചി ഈ നിയമം തന്നെ എടുത്തുകളയണമെന്ന അഭിപ്രായക്കാരാണ്. മറാത്ത പ്രക്ഷോഭകരും ഈ നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന അഭിപ്രായക്കാരാണ്. സത്യത്തില്‍, മിക്ക കേസുകളിലും ദളിതരും ആദിവാസികളും പോലീസ് സ്റ്റേഷനില്‍ പരാതി സമര്‍പ്പിച്ച് എഫ് ഐ ആര്‍ തയ്യാറാക്കുമ്പോഴേക്കും കുറ്റമാരോപിക്കപ്പെട്ടവര്‍ മറു കേസുമായി മുന്നേറിയിട്ടുണ്ടാവും. കൊള്ള നടത്തി എന്നതു പോലുള്ള ഗുരുതരമായ ആരോപണങ്ങളാണ് അവര്‍ ഉന്നയിക്കുക. അതോടെ, ദളിതരും ആദിവാസികളും ചുരുങ്ങിയത് ഒരു മാസമെങ്കിലും അഴികള്‍ക്കുള്ളിലാകും. അവരുടെ തൊഴിലും യാത്രാ സ്വാതന്ത്ര്യവും നഷ്ടപ്പെടുമെന്ന കാര്യം പറയേണ്ടതുമില്ല. നിയമങ്ങള്‍ക്ക് സമൂഹത്തില്‍ പ്രതീകാത്മക പ്രാധാന്യവുമുണ്ടെന്ന യാഥാര്‍ഥ്യം നാം വിസ്മരിക്കരുത്. നിയമം ശക്തമാണെന്ന തോന്നലും അത് നടപ്പിലാക്കുമെന്ന ധാരണയുമുണ്ടായാല്‍ തന്നെ പല കുറ്റകൃത്യങ്ങളും മുളയിലേ നുള്ളപ്പെടും. അതിനു പകരം നിയമത്തില്‍ വെള്ളം ചേര്‍ത്താല്‍, പിന്നെ അതിന്റെ മൂല്യം നഷ്ടപ്പെടുകയും സമൂഹം പിന്തിരിപ്പന്‍ ശക്തികള്‍ക്ക് കൂടുതല്‍ കീഴ്‌പ്പെടുകയും ചെയ്യും. മുന്‍കൂര്‍ ജാമ്യമില്ലാത്ത അറസ്റ്റാണ്, ഈ നിയമത്തിന്‍ കീഴില്‍ കുറ്റം ചാര്‍ത്തപ്പെട്ട ആളെ കാത്തിരിക്കുന്നത് എന്ന ഘടകത്തിന്മേലാണ് സുപ്രീം കോടതി ഭേദഗതി നിര്‍ദ്ദേശിച്ചിരിക്കുന്നത് എന്നത് കാര്യങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഈ ഉത്തരവിനെതിരായ അപ്പീല്‍ പെട്ടെന്നു തന്നെ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല എന്നാണ് ദളിത് പ്രക്ഷോഭകര്‍ ആരോപിക്കുന്നത്. ദളിതര്‍ക്കും ആദിവാസികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരികയും കുറ്റവാളികളെ ശിക്ഷിക്കുന്ന തോത് കുറയുകയും ചെയ്യുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നതിനിടയിലാണ് സര്‍ക്കാറിന്റെ ഈ അനാസ്ഥ എന്നാണാരോപിക്കപ്പെട്ടിരിക്കുന്നത്.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 17 പ്രകാരം അയിത്തവും തൊട്ടുകൂടായ്മയും കുറ്റകൃത്യമായി കണക്കു കൂട്ടുന്ന ഇന്ത്യ എന്ന ആധുനിക മതേതര ജനാധിപത്യ രാഷ്ട്രത്തിലെ വിവിധ നിയമങ്ങള്‍, ദളിതരുടെയും ആദിവാസികളുടെയും സുരക്ഷക്കും സംരക്ഷണത്തിനുമായി രൂപപ്പെടുത്തിയിട്ടുള്ളതാണ്. 1955ലെ അയിത്തോച്ചാടന നിയമം; ഈ നിയമം പരിഷ്‌കരിച്ച് 1974ല്‍ പാസ്സാക്കിയ പൗരാവകാശ സംരക്ഷണ നിയമം; 1989ലെ പട്ടികജാതി, പട്ടിക വര്‍ഗ പീഡന നിരോധന നിയമം എന്നിവയാണക്കൂട്ടത്തില്‍ ഏറ്റവും പ്രധാനമായുള്ളത്. ഈ നിയമം ദുരുപയോഗം ചെയ്യുന്നു എന്നാരോപിക്കുന്ന ന്യായാധിപന്മാര്‍; ജാതി വ്യവസ്ഥ എന്നത് സ്വാതന്ത്ര്യത്തിനും സാഹോദര്യത്തിനും സമത്വത്തിനും നേരെതിരായ മര്‍ദനാധികാര വ്യവസ്ഥയാണെന്ന കാര്യം എന്തുകൊണ്ടാണ് മറന്നു പോകുന്നത്?
കൂടുതല്‍ വായനക്ക്:
By diluting SC/ST tArocities Act, Supreme Court undermines Dalit and Adivasi struggles for digntiy Suryakant Waghmore and Hugo Gorring-e (https://scroll.in/article/873678/ by diluting sc st atrocities act supreme court harms dalitand adivasi struggles for digntiy)