Connect with us

National

ഭാരത് ബന്ധിനെതിരെ പ്രതിഷേധം: ജനക്കൂട്ടം ദളിത് വീടുകള്‍ക്ക് തീവെച്ചു

Published

|

Last Updated

രാജസ്ഥാനില്‍ തീയിട്ട് നശിപ്പിച്ച ദളിത് നേതാവിന്റെ വീട്

ജയ്പൂര്‍: പട്ടികജാതി- വര്‍ഗ നിയമത്തിലെ വ്യവസ്ഥകള്‍ ലഘൂകരിച്ച സുപ്രീം കോടതി ഉത്തരവില്‍ പ്രതിഷേധിച്ച് നടന്ന ഭാരത ബന്ദിലെ അക്രമ സംഭവങ്ങള്‍ക്ക് പിന്നാലെ രാജസ്ഥാനില്‍ ദളിതര്‍ക്ക് നേരെ അക്രമം. ദളിത് വിഭാഗത്തില്‍ നിന്നുള്ള സിറ്റിംഗ് എം എല്‍ എയുടെയും മുന്‍ മന്ത്രിയുടെയും വസതികള്‍ക്ക് ജനക്കൂട്ടം തീയിട്ടു. രാജസ്ഥാനിലെ കരൗളി ജില്ലയിലെ ഹിന്ദൗണ്‍ ടൗണിലാണ് നേതാക്കളുടെ വീടിന് നേരെ ആക്രമണമുണ്ടായത്. ജില്ലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. നാല്‍പ്പത് പേരെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയുണ്ടായ അക്രമ സംഭവങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് ജനക്കൂട്ടം തെരുവിലിറങ്ങിയത്. ബി ജെ പി. എം എല്‍ എ രാജ്കുമാരി ജാദവ്, മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭറോസിലാല്‍ ജാദവ് എന്നിവരുടെ വസതികള്‍ക്കാണ് തീവെച്ചത്.

തിങ്കളാഴ്ച വ്യാപകമായ സംഘര്‍ഷമുണ്ടായ രാജസ്ഥാനിലാണ് എതിര്‍ പ്രതിഷേധം ശക്തമായത്. വ്യാപാരി സംഘടനകളും ഉയര്‍ന്ന ജാതി വിഭാഗത്തില്‍പ്പെട്ടവരുമാണ് ഇന്നലെ തെരുവിലിറങ്ങിയത്. രാജസ്ഥാനിലെ ആള്‍വാറില്‍ തിങ്കളാഴ്ചയുണ്ടായ അക്രമ സംഭവങ്ങളില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹം സംസ്‌കരിക്കാതെ പ്രതിഷേധിച്ചു.

അയ്യായിരത്തോളം വരുന്ന ജനക്കൂട്ടം പട്ടികജാതി, വര്‍ഗ വിഭാഗങ്ങള്‍ ധാരാളമായി താമസിക്കുന്ന സ്ഥലങ്ങളിലേക്ക് കടന്നുകയറാന്‍ ശ്രമിക്കുകയായിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. കണ്ണീര്‍വാതക ഷെല്ലുകള്‍ സമീപത്തുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ വീണ് കുട്ടികള്‍ക്ക് പരുക്കേറ്റു.

വിവിധ നഗരങ്ങളിലായി 23 കമ്പനി പോലീസിനെയാണ് വിന്യസിച്ചത്. ഇവിടെ പോലീസ് ഫഌഗ് മാര്‍ച്ച് നടത്തി. സംഘര്‍ഷം, കൊള്ള, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് 172 കേസുകളാണ് രാജസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്തത്.

അതേസമയം, ഭാരത ബന്ദിനിടെ പോലീസ് വെടിവെപ്പിലും മറ്റ് അക്രമ സംഭവങ്ങളിലുമായി മരിച്ചവരുടെ എണ്ണം പതിനൊന്നായി. മധ്യപ്രദേശില്‍ അക്രമ സംഭവങ്ങള്‍ക്കിടെ പരുക്കേറ്റ രണ്ട് പേര്‍ കൂടി ഇന്നലെ മരിച്ചു. മധ്യപ്രദേശില്‍ തിങ്കളാഴ്ച ഒരാള്‍ മരിച്ചത് പോലീസ് വെടിവെപ്പിലാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പത്തിലധികം സംസ്ഥാനങ്ങളിലാണ് ബന്ദിനെ തുടര്‍ന്ന് വ്യാപകമായ സംഘര്‍ഷങ്ങളുണ്ടായത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് വ്യാപകമായ അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്.

Latest