എസ് സി- എസ് ടി നിയമത്തിന് മാര്‍ഗനിര്‍ദേശം; നിലപാടിലുറച്ച് കോടതി

സ്റ്റേ ആവശ്യം സുപ്രീം കോടതി തള്ളി
Posted on: April 3, 2018 5:14 pm | Last updated: April 4, 2018 at 12:33 pm

ന്യൂഡല്‍ഹി: പട്ടികജാതി, വര്‍ഗ പീഡനം തടയല്‍ നിയമത്തിന്റെ ദുരുപയോഗം തടയുന്നതിന് സുപ്രീം കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശം സ്റ്റേ ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. എസ് സി- എസ് ടി നിയമത്തിലെ സുപ്രീം കോടതി മാര്‍ഗനിര്‍ദേശത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധനാ ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ യു യു ലളിത്, ആദര്‍ശ് കുമാര്‍ ഗോയല്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഹരജി പരിഗണിച്ചത്. പട്ടികജാതി, വര്‍ഗത്തിന് കോടതി വിധി എതിരല്ലെന്നും നിരപരാധികള്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണ് നിര്‍ദേശം നല്‍കിയതെന്നും കോടതി വ്യക്തമാക്കി. പരാതിയുടെ വിശ്വാസ്യത ആദ്യം പരിഗണിക്കുന്നതില്‍ എന്താണ് തെറ്റെന്നും സുപ്രീം കോടതി ചോദിച്ചു.

കോടതി വിധി തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്ന് അറ്റോര്‍ണി ജനറല്‍ ആരോപിച്ചു. എന്നാല്‍, ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുന്നതോ അതിക്രമത്തിന് ഇരയാകുന്ന പട്ടികജാതി- വര്‍ഗക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതോ ഉത്തരവ് വിലക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മാര്‍ച്ച് ഇരുപതിലെ ഉത്തരവ് വായിക്കാത്തവരാണ് രാജ്യവ്യാപക പ്രതിഷേധം നടത്തുന്നതെന്ന് നിരീക്ഷിച്ച കോടതി, കേന്ദ്ര സര്‍ക്കാറിന്റെ പുനഃപരിശോധനാ ഹരജി പരിഗണിക്കുന്നത് പത്ത് ദിവസത്തേക്ക് മാറ്റി.

പട്ടികജാതി, വര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ ചെറുക്കുന്നതിനുള്ള നിയമം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് ഇത്തരം പരാതികളില്‍ പ്രാഥമിക അന്വേഷണം നടത്തണമെന്നും അറസ്റ്റിന് മുമ്പ് ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് അനുമതി വാങ്ങണമെന്നുമായിരുന്നു സുപ്രീം കോടതി ഉത്തരവ്. കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശം നിയമത്തിന്റെ ഉദ്ദേശ്യശുദ്ധിയെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ വാദിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ ഏഴ് ദിവസത്തിനകം പ്രാഥമിക അന്വേഷണം നടത്തി പരാതി വ്യാജമല്ലെന്ന് ഉറപ്പ് വരുത്തണമെന്നാണ് മാര്‍ഗരേഖ പറയുന്നതെന്നും അത് നിയമത്തെ ദുര്‍ബലപ്പെടുത്തുന്നില്ലെന്നും ജസ്റ്റിസ് എ കെ ഗോയല്‍ വ്യക്തമാക്കി.

ഏതെങ്കിലും പരാതിക്കോ നിയമത്തിനോ തങ്ങള്‍ എതിരല്ല. അവകാശങ്ങള്‍ സംരക്ഷിക്കാനും നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനുമാണ് മാര്‍ഗനിര്‍ദേശങ്ങളെന്ന് ബഞ്ച് വ്യക്തമാക്കി. നിയമം ദുരുപയോഗം ചെയ്യുമെന്ന് പറഞ്ഞത് എസ് സി- എസ് ടി വിഭാഗങ്ങളെക്കുറിച്ചല്ലെന്നും പോലീസ് ഉദ്യോഗസ്ഥരോ മറ്റോ ചില സ്ഥാപിത താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതെന്നാണ് ഉദ്ദേശിച്ചതെന്നും ബഞ്ച് പറഞ്ഞു.
പുനഃപരിശോധനാ ഹരജിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ വാദം കേട്ട കോടതി, നിലപാട് അറിയിക്കാനായി മഹാരാഷ്ട്ര സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്ക് രണ്ട് ദിവസത്തെ സമയം നല്‍കി. കേന്ദ്രത്തിന്റെ ഹരജിയില്‍ തീര്‍പ്പ് പറഞ്ഞതിന് ശേഷം മാത്രമേ മറ്റ് പുനഃപരിശോധനാ ഹരജികള്‍ പരിഗണിക്കുകയുള്ളൂവെന്നും കോടതി ഇന്നലെ വ്യക്തമാക്കി.

സുപ്രീം കോടതി മാര്‍ഗനിര്‍ദേശത്തിനെതിരെ കഴിഞ്ഞ ദിവസം ദളിത് സംഘടനകള്‍ നടത്തിയ പ്രക്ഷോഭത്തില്‍ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു.