പെട്രോള്‍- ഡീസല്‍ വില വര്‍ധനയിലൂടെ നികുതി കൊള്ള

കേന്ദ്രത്തിനും സംസ്ഥാനത്തിനും കൊയ്ത്ത്
Posted on: April 3, 2018 6:22 am | Last updated: April 3, 2018 at 9:53 am

തിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില പകുതിയോളം താഴ്ന്നിട്ടും പെട്രോള്‍- ഡീസല്‍ വില കുതിച്ചുയരുന്നതിന് പിന്നില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ നികുതി കൊള്ള. ഇന്ധന വില വര്‍ധനക്കൊപ്പം എക്‌സൈസ് ഡ്യൂട്ടിയും സംസ്ഥാന നികുതിയും കൂടിയതോടെ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ വരുമാനം കുതിക്കുകയാണ്. പണപ്പെരുപ്പവും തൊഴിലില്ലായ്മയും കാര്‍ഷികവിളകളുടെ വിലയിടിവും മൂലം നട്ടം തിരിയുന്ന സാധാരണ ജനങ്ങളെ പിഴിയുന്നതാണ് ഈ നികുതി വര്‍ധന. ഒരു ലിറ്റര്‍ ഡീസലിന് 27.78 രൂപയും പെട്രോളിന് 34.12 രൂപയുമാണ് നിലവില്‍ നികുതി ചുമത്തുന്നത്.
2014ല്‍ യു പി എ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ക്രൂഡ് ഓയില്‍ വില 112 ഡോളര്‍ ആയിരുന്നു. പിന്നീട് ഇത് 135 ഡോളര്‍ വരെ ഉയര്‍ന്നു. ഇപ്പോള്‍ ക്രൂഡ് ഓയില്‍ വില 70 ഡോളറിലേക്ക് താഴ്ന്നിരിക്കുമ്പോള്‍ എങ്ങനെ ഇന്ധന വില കൂടുന്നുവെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് നികുതിയിലെ ഈ കൊള്ള. ക്രൂഡ് ഓയില്‍ വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് നികുതി പല മടങ്ങ് വര്‍ധിപ്പിക്കുകയായിരുന്നു.

രാജ്യത്തെ പെട്രോള്‍ ഡീസല്‍ വിലയുടെ പകുതിയോളം നികുതിയാണ്. ഡീസലിന്റെ വില സര്‍വകാല റെക്കോര്‍ഡിട്ട് 70.08 രൂപയിലെത്തി നില്‍ക്കുമ്പോള്‍ ഇതിലെ 27.78 രൂപയും നികുതിയാണ്. പെട്രോള്‍ വില നിലവില്‍ 77 രൂപയാണ്. ഇതില്‍ 19.48 രൂപയാണ് കേന്ദ്രത്തിനുള്ള നികുതി. 14.64 രൂപ സംസ്ഥാനത്തിനും. മൊത്തം നികുതി 34.12 രൂപ. ഡീസലിന്റെ കാര്യത്തില്‍ കേന്ദ്ര നികുതി 15.33 രൂപയാണ്. സംസ്ഥാന നികുതി 12.45 രൂപയും. പൊതുജനങ്ങള്‍ പെട്രോളിനും ഡീസലിനും കൊടുക്കുന്ന വിലയുടെ പകുതിയോളം വിവിധ നികുതികളായി സര്‍ക്കാറിനുള്ള വരുമാന മാര്‍ഗമായി മാറുന്നുവെന്ന് സാരം.

ബി ജെ പി അധികാരത്തിലെത്തിയ ശേഷം ഒമ്പത് തവണയാണ് എക്‌സൈസ് ഡ്യൂട്ടി കൂട്ടിയത്. യു പി എ സര്‍ക്കാറിന്റെ കാലത്ത് പെട്രോളിന് എക്‌സൈസ് ഡ്യൂട്ടി 11 രൂപയായിരുന്നെങ്കില്‍ ഇപ്പോഴത് 21.48 രൂപയാണ്. അതായത് പെട്രോളിന് മാത്രം 10.48 രൂപ അധികം ഈടാക്കുന്നു. ഡീസലിന് എക്‌സൈസ് ഡ്യൂട്ടി 5.10 രൂപയായിരുന്നതാണ് ഇപ്പോള്‍ 17.33 രൂപയായിരിക്കുന്നത്. 12.33 രൂപ അധികം. 2016-17ല്‍ 2,42,000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാറിന്റെ വരുമാനം. കഴിഞ്ഞ ജൂണിന് ശേഷം ഓരോ ദിവസവും വില വര്‍ധനയെ തുടര്‍ന്ന് ഒമ്പത് മാസം കൊണ്ട് ഡീസലിന് പത്ത് രൂപയും പെട്രോളിന് ഏഴ് രൂപയും വില വര്‍ധിച്ചു.

പ്രതിമാസം 650 കോടിയോളം രൂപയാണ് ഇന്ധന നികുതിയില്‍ നിന്ന് മാത്രം സംസ്ഥാന ഖജനാവിലെത്തുന്നത്. കിഫ്ബിയിലേക്ക് മുതല്‍ കൂട്ടാനും ആദ്യം കണ്ട വഴി ഇന്ധനം തന്നെ. ഒരു ലിറ്ററിന് ഒരു രൂപ സെസ് ചുമത്തി. കേന്ദ്ര നികുതികള്‍ ചുമത്തിയ ശേഷമുള്ള തുകക്ക് മേല്‍ പെട്രോളിന് 17.24ഉം ഡീസലിന് 11.91 ശതമാനവും നികുതിയാണ് സംസ്ഥാനം ഈടാക്കുന്നത്. ഇന്ധനവില കൂടുന്തോറും ആനുപാതികമായി വരുമാനം കൂടുന്നു. സംസ്ഥാനത്തിന് ഏറ്റവും കൂടുതല്‍ നികുതി വരുമാനം ഉണ്ടാക്കിക്കൊടുക്കുന്നതില്‍ രണ്ടാം സ്ഥാനത്താണ് ഇന്ധനവും മദ്യവും. ജി എസ് ടി പിരിക്കാനുള്ള ബുദ്ധിമുട്ടുകളൊന്നും ഇന്ധന, മദ്യ നികുതികള്‍ പിരിക്കാന്‍ വേണ്ടെന്നതും ഈ മേഖലയെ പരമാവധി പിഴിയാന്‍ പ്രേരിപ്പിക്കുന്നു.

യു പി എ ഭരണകാലത്ത് ഇന്ധന വില വര്‍ധിപ്പിച്ച ആദ്യഘട്ടങ്ങളില്‍ അന്ന് യു ഡി എഫ് സര്‍ക്കാര്‍ വര്‍ധിപ്പിച്ച വിലയുടെ നികുതി വേണ്ടെന്ന് വെച്ചിരുന്നു. നാല് തവണ ഇന്ധന വില കൂട്ടിയപ്പോള്‍ നികുതി വര്‍ധന ഉപേക്ഷിച്ചെങ്കിലും ധനവകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്നീട് നിലപാട് മാറ്റി. 619.17 കോടി രൂപയുടെ വരുമാന നഷ്ടം ചൂണ്ടിക്കാട്ടിയാണ് ഈ നീക്കം ഉപേക്ഷിച്ചത്. ഒരു ലിറ്റര്‍ പെട്രോളിന്റെ ഉത്പാദനച്ചെലവ് 23.77 രൂപ മാത്രമാണ്. ഇതിന്റെ കൂടെ എണ്ണക്കമ്പനികളുടെ ചെലവ്, ശുദ്ധീകരണച്ചെലവ്, വിതരണച്ചെലവ് എന്നിവ കൂടി കണക്കിലെടുത്താല്‍പോലും ന്യായമായ വില ഉള്‍പ്പെടെ ഒരു ലിറ്റര്‍ പെട്രോള്‍ 45 രൂപക്കും ഡീസല്‍ 40 രൂപക്കും നല്‍കാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു.
പെട്രോളും ഡീസലും ജി എസ് ടിക്ക് കീഴില്‍ കൊണ്ടുവന്നാല്‍ സംസ്ഥാന സര്‍ക്കാറിന് നികുതി വരുമാനം ഗണ്യമായി കുറയും.

പെട്രോള്‍, ഡീസല്‍ എന്നിവയില്‍ നിന്ന് സംസ്ഥാനത്തിനു കിട്ടുന്ന നികുതി വരുമാനം ഒറ്റയടിക്ക് പകുതിയാകും. ഇതാണ് പെട്രോളും ഡീസലും ജി എസ് ടിയുടെ പരിധിയില്‍ വരുന്നതിനെ സംസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി എതിര്‍ക്കുന്നത്.