എതിരാളികള്‍ ബെംഗളൂരു; സൂപ്പറാകാന്‍ കേരളം

സൂപ്പര്‍ കപ്പില്‍ ഗോകുലം- ബെംഗളൂരു മത്സരം ഇന്ന് വൈകീട്ട് അഞ്ചിന് സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം
Posted on: April 1, 2018 6:23 am | Last updated: March 31, 2018 at 11:44 pm

ഭുവനേശ്വര്‍: പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ ഐ ലീഗ് ടീമായ ഗോകുലം കേരള എഫ് സി ഇന്നിറങ്ങും. കലിംഗ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഐഎസ്എല്‍ റണ്ണേഴ്‌സപ്പുകളായ ബെംഗളൂരു എഫ് സിയാണ് കേരളത്തിന്റെ എതിരാളികള്‍. രാത്രി എട്ടിനാണ് മത്സരം. നോക്കൗട്ട് തീയിലാണ് മത്സരമെന്നതിനാല്‍ ആവേശപ്പോരാട്ടത്തിനാകും മൈതാനം സാക്ഷ്യം വഹിക്കുക. വൈകീട്ട് നടക്കുന്ന മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം.

കേരളത്തിന് നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്ന് കേരള കോച്ച് ബിനോ ജോര്‍ജ് മത്സര തലേന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഐ ലീഗ് പകുതി പിന്നിട്ടപ്പോള്‍ വമ്പന്‍ ടീമുകളെ അട്ടിമറിച്ച് ഗോകുലം കരുത്തു കാട്ടിയിരുന്നു. ഇത് ടീമിന് വലിയ ആത്മവിശ്വാസം നല്‍കിയെന്ന് കോച്ച് പറയുന്നു. സൂപ്പര്‍ കപ്പില്‍ പ്രധാന റൗണ്ടിലെത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. ബെംഗളൂരു എഫ് സി ഇന്ത്യയിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ്. നഷ്ടപ്പെടാന്‍ ഞങ്ങള്‍ക്ക് ഒന്നുമില്ലാത്തതിനാല്‍ ഞങ്ങള്‍ നന്നായി കളിക്കും. സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഹെന്‍ട്രി കിസേക്ക മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് ബിനോ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഐഎസ്എല്ലില്‍ ഫൈനല്‍ തോല്‍വിയില്‍ നിന്ന് ഏറെ പാഠം ഉള്‍ക്കൊണ്ടെന്നും സൂപ്പര്‍ കപ്പില്‍ ടീം കൂടുതല്‍ മികവാര്‍ന്ന പ്രകടനം കാഴ്ചവെക്കുമെന്നും ബെംഗളൂരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രി പറഞ്ഞു. ഗോകുലം മികച്ച ടീമാണ്. അതിനാല്‍ മത്സരം എളുപ്പമാകില്ല. പ്രീ സീസണില്‍ തങ്ങള്‍ ഗോകുലത്തെ നേരിട്ടിട്ടുണ്ട്. അതുകൊണ്ട് ടീമിനെ അറിയാം. അന്നത്തേതില്‍ നിന്നും ഗോകുലം ഇപ്പോള്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും ചേത്രി കൂട്ടിച്ചേര്‍ത്തു.

മിക്കുവും ഛേത്രിയും ഉദാന്ത സിംഗും ഉള്‍പ്പെടുന്ന ബെംഗളൂരു മുന്നേറ്റ നിര ഏറെ ശക്തമാണ്. കിസേക്കയും അല്‍അജ്മിയും സല്‍മാനുമായിരിക്കും കേരളത്തിന്റെ ആക്രമണത്തെ നയിക്കുക. ഐ ലീഗില്‍ ഏഴാം സ്ഥാനത്ത് അവസാനിപ്പിച്ച ഗോകുലം പ്ലേ ഓഫീസില്‍ ഐസ്എല്‍ ടീമായ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ കീഴടക്കിയാണ് സൂപ്പര്‍കപ്പിന് യോഗ്യത നേടിയത്.

ഗോകുലം എഫ് സിക്ക്
തകര്‍പ്പന്‍ ജയം

ഷില്ലോംഗ്: ഐ ലീഗ് വനിതാ ഫുട്‌ബോളില്‍ ഗോകുലം കേരള എഫ് സിക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് ഇന്ദിരാ ഗാന്ധി അക്കാദമിയേയാണ് ഗോകുലം തകര്‍ത്തത്.

അഞ്ച് ഗോളുകള്‍ നേടിയ ഉഗാണ്ടന്‍ താരം ഇഖ്‌വാപൂത് ഫാസിലയാണ് കേരളത്തിന്റെ വിജയശില്‍പ്പി. 32, 44, 45+2, 58, 76 മിനുട്ടുകളിലാണ് ഫസീല സ്‌കോര്‍ ചെയ്തത്. 81ാം മിനുട്ടില്‍ അനിതാ റാവത് പട്ടിക പൂര്‍ത്തിയാക്കി. ഇന്ദിരാ ഗാന്ധി അക്കാദമിക്കായി സുമിത്ര ആശ്വാസ ഗോള്‍ നേടി.

ഗോകുലം കേരള ടീമിന്റെ ആദ്യ ജയമാണിത്. ലീഗിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഗോകുലം പരാജയപ്പെട്ടിരുന്നു. ഇനി ലീഗില്‍ മൂന്ന് മത്സരങ്ങള്‍ ശേഷിക്കുന്നുണ്ട്.