Connect with us

National

സി പി എം 19 മണ്ഡലങ്ങളില്‍ മത്സരിക്കും

Published

|

Last Updated

ബെംഗളുരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ സി പി എം 19 മണ്ഡലങ്ങളില്‍ തനിച്ച് മത്സരിക്കും. 19 മണ്ഡലങ്ങളിലെയും പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണ കന്നഡയിലെ നാല് മണ്ഡലങ്ങളില്‍ സി പി എം നേരത്തെ തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. സി പി എം ദക്ഷിണ കന്നഡ ജില്ലാ സെക്രട്ടറി വസന്ത് ആചാര്യയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

മംഗളൂരു, മംഗളൂരു സിറ്റി സൗത്ത്, മംഗളൂരു സിറ്റി നോര്‍ത്ത്, മൂടബിദ്രി മണ്ഡലങ്ങളിലാണ് സി പി എം മത്സരിക്കുന്നത്. ബണ്ട്വാള്‍, സുള്ള്യ, പുത്തൂര്‍, ബെല്‍ത്തങ്ങാടി മണ്ഡലങ്ങളില്‍ ആരെ പിന്തുണക്കണമെന്ന കാര്യം പാര്‍ട്ടി പിന്നീട് തീരുമാനിക്കും. മംഗളൂരു സിറ്റി നോര്‍ത്തില്‍ (സൂറത്കല്‍) ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡണ്ട് മുനീര്‍ കാട്ടിപ്പള, മംഗളൂരു സിറ്റി സൗത്തില്‍ സി ഐ ടി യു ജില്ലാ സെക്രട്ടറി സുനില്‍ കുമാര്‍ ബജാല്‍, മംഗളൂരുവില്‍ (ഉള്ളാള്‍) ഡി വൈ എഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. നിതിന്‍ കുത്താര്‍, മൂടബിദ്രിയില്‍ കര്‍ഷക തൊഴിലാളി യൂനിയന്‍ ജില്ലാ സെക്രട്ടറിയും സി പി എം സംസ്ഥാന കമ്മിറ്റി അംഗവുമായ കെ യാദവ് ഷെട്ടി എന്നിവരാണ് ഗോദയിലിറങ്ങുന്നത്.

മംഗളൂരു സിറ്റി നോര്‍ത്തില്‍ പ്രത്യേക സാമ്പത്തിക മേഖല, എം ആര്‍ പി എല്‍ എന്നിവ ഉയര്‍ത്തുന്ന മലിനീകരണമടക്കമുള്ള നിരവധി വിഷയങ്ങളില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആളാണ് ഇവിടെ മത്സരിക്കുന്ന മുനീര്‍ കാട്ടിപ്പള. മംഗളൂരു നഗരത്തില്‍ പാര്‍ട്ടിക്ക് കരുത്തേകുന്നത് ട്രേഡ് യൂനിയനുകളാണ്. ഇവയുടെ അമരക്കാരനായ സുനില്‍ കുമാറിനെ തന്നെയാണ് ഇവിടെ രംഗത്ത് ഇറക്കിയിരിക്കുന്നത്. കര്‍ഷക തൊഴിലാളി യൂനിയന്‍ നേതാവ് യാദവ ഷെട്ടി മത്സരിക്കുന്ന മൂടബിദ്രി കാര്‍ഷിക മേഖലയാണ്.

കര്‍ണാടകയില്‍ ഇടതുപാര്‍ട്ടികള്‍ മത്സരിക്കാത്ത മണ്ഡലങ്ങളില്‍ ബി ജെ പിയെ പരാജയപ്പെടുത്താന്‍ കരുത്തരായ സ്ഥാനാര്‍ഥികളെ പിന്തുണക്കാനാണ് സി പി എം ദേശീയ നേതൃത്വത്തിന്റെ തീരുമാനം. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് കഴിഞ്ഞദിവസം ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ട്ടികളുടെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഇവിടങ്ങളില്‍ കോണ്‍ഗ്രസിനെയോ ജനതാദള്‍- എസിനെയോ ആയിരിക്കും സി പി എം പിന്തുണക്കുകയെന്ന് ഉറപ്പാണ്.

2013 ലെ തിരഞ്ഞെടുപ്പില്‍ 16 സീറ്റുകളിലാണ് സി പി എം മത്സരിച്ചത്. അന്ന് ആകെ പോള്‍ ചെയ്ത വോട്ടിന്റെ ഒരു ശതമാനമാണ് പാര്‍ട്ടിക്ക് ലഭിച്ചത്. 68,775 വോട്ടുകള്‍. ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞില്ല. സി പി ഐക്കും വോട്ട് ഒരു ശതമാനത്തില്‍ കുറവായിരുന്നു, സീറ്റൊന്നും ലഭിച്ചതുമില്ല. എട്ട് സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടിക്ക് 25,450 (0.08 ശതമാനം) വോട്ടുകളാണ് നേടാന്‍ കഴിഞ്ഞത്.

---- facebook comment plugin here -----

Latest