മരണം കൊണ്ട് കളിക്കരുത്; സഊദിക്ക് ഇറാന്റെ മുന്നറിയിപ്പ്

Posted on: April 1, 2018 6:10 am | Last updated: March 31, 2018 at 11:09 pm

തെഹ്‌റാന്‍: സഊദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനെ അതിരൂക്ഷമായി ഭാഷയില്‍ വിമര്‍ശിച്ച് ഇറാന്‍. ഇറാനെതിരെ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ പത്തോ പതിനഞ്ചോ വര്‍ഷത്തിനുള്ളില്‍ ആ രാജ്യവുമായി ഒരു യുദ്ധത്തിന് സാധ്യതയുണ്ടെന്ന് സല്‍മാന്‍ രാജാവ് നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഇറാന്‍. മരണം കൊണ്ട് കളിക്കരുതെന്നും ഇറാനെ പഠിപ്പിക്കാനിറങ്ങിയ ഇറാഖിലെ സദ്ദാം ഹുസൈന് സംഭവിച്ചതെന്താണെന്ന ചരിത്രം സഊദി ഉദ്യോഗസ്ഥര്‍ രാജകുമാരന് പഠിപ്പിച്ചുകൊടുക്കണമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ബഹ്‌റം ഖാസിമി ഓര്‍മപ്പെടുത്തി. അദ്ദേഹത്തിന് യുദ്ധം എന്താണെന്ന് അറിയില്ല. അദ്ദേഹം ചരിത്രം പഠിച്ചിട്ടുമില്ല. അതുമല്ലെങ്കില്‍ നല്ലൊരു വ്യക്തിയോട് ഇതുസംബന്ധിച്ച് സംസാരിച്ചിട്ടുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാനുമായി സൈനിക നടപടി ഒഴിവാക്കാന്‍ ആ രാജ്യത്തിന് മേല്‍ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തണം. അതില്‍ പരാജയപ്പെട്ടാല്‍ പത്തോ പതിനഞ്ചോ വര്‍ഷത്തിനുള്ളില്‍ ഒരു യുദ്ധത്തിന് സാധ്യതയുണ്ടെന്നായിരുന്നു വാള്‍ സ്ട്രീറ്റ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ സല്‍മാന്‍ രാജാവ് വ്യക്തമാക്കിയിരുന്നത്.

പശ്ചിമേഷ്യന്‍ മേഖലയില്‍ ഇറാന് വര്‍ധിച്ചുവരുന്ന സ്വാധീനത്തെ കുറിച്ച് നേരത്തെ തന്നെ സഊദി മുന്നറിയിപ്പ് നല്‍കിയിരുന്നു. 2015ല്‍ നടന്ന ഇറാന്‍ ആണവ കരാറിനെ സഊദി അതിശക്തമായി എതിര്‍ത്തിരുന്നു.