Connect with us

International

ബ്രിട്ടന്റെ 50 നയതന്ത്രപ്രതിനിധികളെ കൂടി റഷ്യ പുറത്താക്കി

Published

|

Last Updated

മോസ്‌കോ: പാശ്ചാത്യന്‍ രാജ്യങ്ങളുമായുള്ള നിലപാട് റഷ്യ വീണ്ടും കര്‍ക്കശമാക്കുന്നു. തങ്ങളുടെ പ്രതിനിധികളെ പുറത്താക്കിയതിന് മറുപടിയായി 50 ബ്രിട്ടീഷ് നയതന്ത്രപ്രതിനിധികളെ കൂടി റഷ്യ പുറത്താക്കാന്‍ തീരുമാനിച്ചു. നേരത്തെ 23 ബ്രിട്ടീഷ് നയതന്ത്രപ്രതിനിധികളെ പുറത്താക്കി റഷ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപാലിനും മകള്‍ക്കും ലണ്ടനില്‍ വെച്ച് വിഷപ്രയോഗമേറ്റതിന് പിന്നില്‍ റഷ്യയാണെന്നും ഇതുസംബന്ധിച്ച കാര്യങ്ങള്‍ റഷ്യ വ്യക്തമാക്കണമെന്നും നേരത്തെ ബ്രിട്ടനും അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ ആവശ്യത്തെ അവഗണിച്ച റഷ്യ, പിന്നില്‍ പ്രവര്‍ത്തിച്ചത് ബ്രിട്ടനാണെന്ന് സംശയിക്കുന്നതായും തിരിച്ചടിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് യൂറോപ്യന്‍ യൂനിയനിലെ രാജ്യങ്ങളും ബ്രിട്ടനും അമേരിക്കയും റഷ്യന്‍ നയതന്ത്രപ്രതിനിധികളെ പുറത്താക്കിയത്.

ബ്രിട്ടന്റെ അമ്പത് നയതന്ത്രപ്രതിനിധികളെ പുറത്താക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് മറിയ സക്കാറാവോ അറിയിച്ചു. കഴിഞ്ഞ ദിവസം 23 രാജ്യങ്ങളില്‍ നിന്നായി 59 നയതന്ത്രപ്രതിനിധികളെയും റഷ്യ പുറത്താക്കിയിരുന്നു. ഇതിന് പുറമെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ യു എസ് കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനാനുമതിയും റദ്ദാക്കിയിട്ടുണ്ട്.