Connect with us

National

കാവേരി തര്‍ക്കം: തമിഴ്നാട് കേന്ദ്രത്തിനെതിരെ കോടതീയലക്ഷ്യം ഫയല്‍ ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി: കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപവത്കരിക്കുന്നതില്‍ കോടതിയലക്ഷ്യം ചൂണ്ടിക്കാണിച്ച് തമിഴ്‌നാട് കേന്ദ്രത്തിനെതിരെ സുപ്രീംകോടതയിയില്‍ ഹരജി നല്‍കി. പതിറ്റാണ്ടുകള്‍ നീണ്ട കാവേരി നദീജലതര്‍ക്കം തീര്‍പ്പാക്കി സുപ്രിംകോടതി അന്തിമവിധി പുറപ്പെടുവിച്ചത് ഫെബ്രുവരി 16നാണ്. നദീജലം കൈകാര്യം ചെയ്യുന്നതിനായി കാവേരി ബോര്‍ഡ് ആറാഴ്ചയ്ക്കുള്ളില്‍ രൂപവത്കരിക്കണമെന്നും അന്തിമവിധിയില്‍ സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നിശ്ചയിച്ച കാലാവധിക്കുള്ളില്‍ സര്‍ക്കാര്‍ ബോര്‍ഡ് രൂപവത്കരിച്ചില്ലെന്നും ഇത് ഫെബ്രുവരി 16ലെ കോടതി ഉത്തരവിന്റെ ലംഘനമാണെന്നും തമിഴ്നാട് ചൂണ്ടിക്കാട്ടി. കാബിനറ്റ് സെക്രട്ടറി പി കെ സിന്‍ഹ, കേന്ദ്രജലവിഭവ സെക്രട്ടറി യു പി സിംഗ് എന്നിവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിനു നടപടിയെടുക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.

അതേസമയം, കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപവത്കരണത്തിനുള്ള കാലാവധി മൂന്നുമാസം കൂടി നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബോര്‍ഡ് രൂപവത്കരണവുമായി ബന്ധപ്പെട്ട നടപടികള്‍ മുന്നോട്ടുകൊണ്ടുപോവാന്‍ തടസ്സമുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദിച്ചത്.

ബോര്‍ഡ് രൂപവത്കരിക്കാനുള്ള ആറ് മാസ കാലാവധി മാര്‍ച്ച് 29ന് അവസാനിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ വീണ്ടും കോടതിയെ സമീപിച്ചത്. കാവേരി ബോര്‍ഡ് രൂപവത്കരിക്കാനുള്ള പദ്ധതി എന്താണെന്നു വ്യക്തമാക്കണമെന്നും സര്‍ക്കാര്‍ നല്‍കി സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാവേരി പദ്ധതിയും കാവേരി മാനേജ്മെന്റ് ബോര്‍ഡും രണ്ടാണെന്നും ഇതില്‍ വ്യക്തത വേണമെന്നുമാണ് കേന്ദ്രത്തിന്റെ ആവശ്യം.

എന്നാല്‍, കാവേരി തര്‍ക്കത്തില്‍ കര്‍ണ്ണാടക തിരഞ്ഞെടുപ്പിന് മുമ്പ് എന്തു തീരുമാനം എടുത്താലും തിരഞ്ഞെടുപ്പില്‍ അത് ബി ജെ പിയെ ബാധിക്കുമെന്നതിനാലാണ് കേന്ദ്ര സര്‍ക്കാര്‍ കേസ് നീട്ടികൊണ്ടുപോകുന്നതെന്നാണ് സൂചന.
***

Latest