Connect with us

Gulf

തൊഴില്‍ മാര്‍ക്കറ്റ് ശരാശരി ഒമ്പത് ശതമാനം വളര്‍ച്ച കൈവരിക്കും

Published

|

Last Updated

ദുബൈ: ജി സി സി രാഷ്ട്രങ്ങളിലെ തൊഴില്‍ മാര്‍ക്കറ്റില്‍ ശരാശരി ഒമ്പത് ശതമാനം വളര്‍ച്ച ഈ വര്‍ഷമുണ്ടാകുമെന്ന് പഠന റിപ്പോര്‍ട്ട്. പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലായ ഗള്‍ഫ് ടാലന്റ് നടത്തിയ സര്‍വെയിലാണ് യു എ ഇ ഉള്‍പെടെയുള്ള രാഷ്ട്രങ്ങളുടെ തൊഴില്‍ വളര്‍ച്ചയെ വ്യക്തമാക്കുന്നത്.

യു എ ഇയില്‍ 13 ശതമാനത്തോളം സ്ഥാപനങ്ങളും തൊഴിലാളികളെ വര്‍ധിപ്പിക്കുകയാണ്. 2020 എക്സ്പോ യു എ ഇക്ക് സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. എണ്ണയിതര വരുമാനത്തില്‍ നിന്നാണ് ദുബൈയുടെ വലിയ വളര്‍ച്ച. വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ച യു എ ഇ എണ്ണയിതര വരുമാനത്തിന് വന്‍ കരുത്താണ് നേടിത്തരുന്നത്, ഒമാനില്‍ രണ്ട് ശതമാനമാണ് തൊഴില്‍ വളര്‍ച്ച സൂചിപ്പിക്കുന്നത്. അതേസമയം, സഊദി അറേബ്യയില്‍ രണ്ട് ശതാമനത്തോളം കുറവ് നിലവിലെ സാഹചര്യത്തില്‍ നിന്നുണ്ടാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ജി സി സി രാഷ്ട്രങ്ങളിലെ വിവിധ കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, എക്സിക്യൂട്ടീവ് മാനേജര്‍ തുടങ്ങിയ ഉന്നത തസ്തികയിലിരിക്കുന്ന 1,100 പേരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായിരുന്നു സര്‍വെ. 2016 – 2017 കാലയളവിലുണ്ടായ എണ്ണ വിലയിടിവ് തൊഴില്‍ സാധ്യതകളെ കുറച്ചു. 30 മുതല്‍ 50 ഡോളറിനുള്ളില്‍ എണ്ണവില മാസങ്ങളോളം നിലനിന്നത് തൊഴില്‍ മേഖലയെ ബാധിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍വെ റിപ്പോര്‍ട്ട് പ്രകാരം കുവൈത്തിലാണ് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുക, 18 ശതമാനം. നിലവിലെ എണ്ണവില വര്‍ധന ഈ വര്‍ഷം ഗള്‍ഫ് രാഷ്ട്രങ്ങളില്‍ സാമ്പത്തിക വളര്‍ച്ച സൃഷ്ടിക്കുമെന്നാണ് അന്താരാഷ്ട്ര നാണയ നിധിയുടെ റിപ്പോര്‍ട്ട്.

മുന്‍വര്‍ഷങ്ങളിലെ തൊഴില്‍ സൂചിക പ്രകാരം അയല്‍ രാജ്യങ്ങളേക്കാള്‍ തൊഴില്‍ രംഗത്ത് യു എ ഇയില്‍ വലിയ വളര്‍ച്ചയുണ്ട്. എണ്ണ വരുമാനത്തെ മാത്രം ആശ്രയിക്കാതെ യു എ ഇ ഇതര വരുമാന മാര്‍ഗങ്ങള്‍ വിപുലപ്പെടുത്തിയത് വലിയ തൊഴില്‍സാധ്യതയുണ്ടായിട്ടുണ്ട്. യു എ ഇ വിഷന്‍-2021, ഒമാന്‍ വിഷന്‍-2020, സഊദി വിഷന്‍-2030, ബഹ്റൈന്‍ വിഷന്‍-2030 എന്ന പേരിലുള്ള ജി സി സി രാജ്യങ്ങളുടെ വികസന പദ്ധതികള്‍ എണ്ണയിതര വരുമാനത്തില്‍ വലിയ ഉണര്‍വുണ്ടാക്കുമെന്ന് തീര്‍ച്ചയാണ്.