ഹത്തയിലെ എമിഗ്രേഷന്‍ ഓഫീസ് നാളെ മുതല്‍ വൈകുന്നേരം നാല് വരെ പ്രവര്‍ത്തിക്കും

Posted on: March 31, 2018 10:30 pm | Last updated: March 31, 2018 at 10:30 pm

ദുബൈ: ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് (ദുബൈ എമിഗ്രേഷന്‍)ന്റെ ഹത്തയിലെ കസ്റ്റമര്‍ ഹാപ്പിനസ് സെന്റര്‍ ഏപ്രില്‍ ഒന്ന് (ഞായര്‍) മുതല്‍ വൈകുന്നേരം നാല് വരെ പ്രവര്‍ത്തിക്കുമെന്ന് അധിക്യതര്‍ അറിയിച്ചു.

രാവിലെ 7.30 മുതല്‍ വൈകുന്നേരം നാല് വരെ ഇവിടെ നിന്ന് ഉപഭോക്തസേവനങ്ങള്‍ ലഭിക്കും. നിലവില്‍ ഉച്ചക്ക് 2.30 വരെയായിരുന്നു ഇവിടെത്തെ കസ്റ്റമര്‍ ഓഫീസ് പ്രവര്‍ത്തിസമയം. പൊതുജനങ്ങള്‍ക്ക് മികച്ച ഉപഭോക്തൃസേവനങ്ങള്‍ ലഭ്യമാക്കുന്നതിനാണ് പ്രവര്‍ത്തി സമയം ദീര്‍ഘിപ്പിച്ചതെന്ന് ജി ഡി ആര്‍ എഫ് എ ദുബൈ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാശിദ് അല്‍ മര്‍റി അറിയിച്ചു. ഈ വര്‍ഷം ജനുവരിയില്‍ ദുബൈ കീരിടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഈ ഓഫീസിന് പഞ്ചനക്ഷത്ര പദവി സമ്മാനിച്ചിരുന്നു. അന്താരാഷ്ട്ര നിലവാരത്തില്‍ ഉപഭോക്തൃ സേവനങ്ങള്‍ നല്‍കി ഉപഭോക്താക്കള്‍ക്ക് സന്തോഷകരമായ സേവനം ലഭ്യമാക്കിയതിനായിരുന്നു പദവി സമ്മാനിച്ചത്.

2017ല്‍ ഹത്ത അതിര്‍ത്തി വഴി യാത്ര ചെയ്തത് 2476662 യാത്രക്കാരാണ്. നിയമപരമായ യാത്ര രേഖകളുള്ള ഒരാള്‍ക്ക് ഇവിടെ നിന്ന് എമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാക്കാന്‍ വെറും 20 സെക്കന്റ് മാത്രമാണ് എടുക്കുന്നത്.

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരം ഏര്‍പെടുത്തിയ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളാണ് ഇവിടത്തെ യാത്രാനടപടികള്‍ വേഗത്തിലാക്കുന്നതെന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി വെളിപ്പെടുത്തി.