എല്‍ ഡി ക്ലാര്‍ക്ക് റാങ്ക് പട്ടിക ഇന്ന് അര്‍ധരാത്രി വരെ

1500 പേര്‍ക്ക് നിയമനം ലഭിച്ചേക്കും
Posted on: March 31, 2018 6:04 am | Last updated: March 30, 2018 at 11:43 pm
SHARE

തിരുവനന്തപുരം: പി എസ് സിയുടെ നിലവിലുള്ള എല്‍ ഡി ക്ലാര്‍ക്ക് (എല്‍ ഡി സി) റാങ്ക് പട്ടികയുടെ കാലാവധി ഇന്ന് അര്‍ധരാത്രി അവസാനിക്കും. അതേസമയം, സമയപരിധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ 1,500ഓളം ഒഴിവുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യത.

പുതിയ റാങ്ക് പട്ടിക അടുത്ത മാസം രണ്ടിന് പ്രസിദ്ധീകരിക്കും. ഇതോടെ പഴയ റാങ്ക്‌ലിസ്റ്റ് അപ്രസക്തമാകും. മെയിന്‍ ലിസ്റ്റിലുള്ള 4,200 ഓളം പേര്‍ നിയമനം കിട്ടാതെ പുറത്താകും. നിലവില്‍ പഴയ റാങ്ക്് ലിസ്റ്റില്‍ നിന്ന് നിയമനം നല്‍കിയത് 10,377 പേര്‍ക്കാണ്. റാങ്ക് പട്ടിക റദ്ദാകും മുമ്പ് പരമാവധി നിയമനം നടത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്ന് അര്‍ധ രാത്രിവരെ 1,500ഓളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് പി എസ് സി പ്രതീക്ഷിക്കുന്നത്.

മെയ് 31ന് ഓരോ വകുപ്പുകളിലും എത്ര ഒഴിവുണ്ടാകുമെന്ന കണക്ക് സര്‍ക്കാറിന്റെ പക്കലില്ല. പി എസ് സിയും ഇക്കാര്യത്തില്‍ ഇരുട്ടില്‍ തപ്പുകയാണ്. ഏകദേശം 1,500 ഒഴിവുകളിലേക്ക് നിലവിലുള്ള റാങ്ക് പട്ടികയില്‍ നിന്ന് നിയമനം നടത്താനാകുമെന്നാണ് കരുതുന്നത്.

നൂറോളം സര്‍ക്കാര്‍ വകുപ്പുകളില്‍ എല്‍ ഡി സി റാങ്ക് പട്ടികയില്‍ നിന്നാണ് നിയമനം നടത്തുന്നത്. ഇത്രയും വകുപ്പുകളില്‍ മെയ് 31 വരെ എത്രപേര്‍ വിരമിക്കുന്നുണ്ടെന്നും പ്രമോഷന്‍ നല്‍കിയ ശേഷം എത്ര എല്‍ ഡി സി പട്ടിക ഒഴിവു വരുമെന്നും കണക്കാക്കിയിട്ടില്ല. ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒഴിവുകള്‍ പഴയ റാങ്ക് പട്ടികയില്‍ നിന്നാണ് നികത്തുക.

ഇന്ന് വരെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാമെന്നതിനാല്‍ കൂടുതല്‍ ഒഴിവുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇന്ന് രാത്രി 12 വരെ റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകള്‍ കൂടി കണക്കാക്കി നിയമനം നല്‍കാനാകുമെന്നാണ് പി എസ് സി വൃത്തങ്ങള്‍ പറയുന്നത്. അടുത്ത മാസം രണ്ടിന് തന്നെ പുതിയ റാങ്ക് പട്ടിക നിലവില്‍ വന്നേക്കുമെന്നതിനാല്‍ നിലവിലെ പട്ടികയിലുള്ളവര്‍ക്ക് ഈ ഒഴിവുകളില്‍ നിയമനം ലഭിക്കാന്‍ സാധ്യതയില്ല. റാങ്ക്പട്ടികയുടെ കാലാവധി ഇന്ന്് അവസാനിക്കാനിരിക്കെ എല്‍ ഡി ക്ലര്‍ക്ക് തസ്തികയില്‍ നിയമനം പ്രതീക്ഷിച്ചിരിക്കുന്ന ആയിരങ്ങള്‍ ആശങ്കയിലാണ്്്. ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വന്ന വീഴ്ച്ചയാണ് നിയമനത്തിന് തടസമായത്.

നിലവിലെ റാങ്ക്പട്ടികയില്‍ നിന്ന് താരതമ്യേന നിയമനം കുറഞ്ഞെന്ന് ബോധ്യപ്പെട്ടതോടെ സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മടിക്കുന്ന വകുപ്പ് മേധാവികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സര്‍ക്കര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊതുഭരണവകുപ്പ് സര്‍ക്കുലറും ഇറക്കി.

എല്ലാ ജില്ലകളിലെയും എല്‍ ഡി ക്ലാര്‍ക്ക് (വിവിധം) റാങ്ക് ലിസ്റ്റില്‍ നിന്ന് പരമാവധി നിയമനം നടത്താന്‍ ഒഴിവുകളെല്ലാം ഈ മാസം 27ന് മുമ്പ് പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ വകുപ്പ്്് മേധാവിമാര്‍ വീഴ്ച്ച വരുത്തി. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും പൊതുഭരണവകുപ്പ് ഇറക്കിയ സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുന്നു.

ആശ്രിത നിയമനത്തിനോ തസ്തികമാറ്റ നിയമനത്തിനോ നീക്കിവെച്ച ഒഴിവുകളും മറ്റുതരത്തില്‍ മാറ്റിവെച്ച ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, യഥാസമയം ഇക്കാര്യങ്ങള്‍ ചെയ്യാതിരുന്നതാണ് ഉദ്യോഗാര്‍ഥികളുടെ സര്‍ക്കാര്‍ ജോലി എന്ന സ്വപ്‌നത്തിന് മേല്‍ കരിനിഴല്‍ വീഴ്്ത്തിയത്.