Connect with us

National

കണക്കില്‍ അനിശ്ചിതത്വം

Published

|

Last Updated

സി ബി എസ് ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും പുനഃപരീക്ഷാ തീരുമാനത്തിലും
ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് റദ്ദാക്കിയ സി ബി എസ് ഇ 12ാം ക്ലാസ് ഇക്കണോമിക്സ് പരീക്ഷ അടുത്ത മാസം 25നും പത്താം ക്ലാസ് കണക്ക് പരീക്ഷ ആവശ്യമെങ്കില്‍ ജൂലൈയിലും നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി അനില്‍ സ്വരൂപ പ്രഖ്യാപിച്ചു. ഡല്‍ഹിയിലും ഹരിയാനയിലും മാത്രമാണ് പത്താം ക്ലാസ് പരീക്ഷ നടത്തുക. ഇവിടങ്ങളില്‍ മാത്രമാണ് ചോദ്യപേപ്പര്‍ ചോര്‍ന്നത്. പത്താം ക്ലാസ് പരീക്ഷ വീണ്ടും നടത്തണമോ വേണ്ടയോ എന്നതില്‍ 15 ദിവസങ്ങള്‍ക്കുള്ളില്‍ തീരുമാനമുണ്ടാകും. അന്വേഷണം നടന്നു കൊണ്ടിരിക്കെ സാധ്യമായ തീരുമാനമാണ് കൈക്കൊണ്ടത്. ചോദ്യപേപ്പര്‍ ചോര്‍ത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ, സി ബി എസ് ഇയുടെ പരീക്ഷ റദ്ദാക്കിയ തീരുമാനത്തില്‍ പ്രതഷേധിച്ച് ഇന്നലെയും ഡല്‍ഹിയില്‍ വ്യാപക പ്രതിഷേധങ്ങള്‍ അരങ്ങേറി. ഇതേത്തുടര്‍ന്ന് മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവദേകറിന്റെ വസതിക്ക് സമീപം പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മന്ത്രിയുടെ വസതിക്ക് മുന്നില്‍ വിദ്യാര്‍ഥി സംഘടനകള്‍ മാര്‍ച്ച് ചെയ്ത് എത്തിയെങ്കിലും പോലീസ് തടഞ്ഞു. യൂത്ത് കോണ്‍ഗ്രസിന്റെയും എന്‍ എസ് യുവിന്റെയും നേതൃത്വത്തില്‍ സി ബി എസ് സി ഇ ആസ്ഥാനത്തേക്ക് വിദ്യാര്‍ഥികള്‍ മാര്‍ച്ച് നടത്തി. പാര്‍ലിമെന്റ് സീട്രീറ്റിലും വിദ്യാര്‍ഥികള്‍ ഇന്നലെ പ്രതിഷേധിച്ചു.

ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. അമ്പതും അറുപതും അംഗങ്ങളുള്ള പത്ത് വാട്‌സ്ആപ്പ് ഗ്രൂപ്പുകളാണ് അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലുള്ളത്. ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന വിവരം സി ബി എസ് ഇ ചെയര്‍മാന് വന്ന ഇമെയില്‍ സന്ദേശത്തിന്റെയും റീജ്യനല്‍ ഓഫീസിലേക്ക് വന്ന ഫാക്‌സ് സന്ദേശത്തിന്റെയും ഉറവിടം കണ്ടെത്താന്‍ അന്വേഷണ സംഘം ഗൂഗിളിനെ സമീപിച്ചു. കഴിഞ്ഞ ദിവസം അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു കോച്ചിംഗ് സെന്റര്‍ ഉടമ ഉള്‍പ്പെടെയുള്ള 32 പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. വിവിധ കോച്ചിംഗ് സെന്ററുകളിലെ അധ്യാപകരെയും വിദ്യാര്‍ഥികളെയുമാണ് ചോദ്യം ചെയ്തത്. ഇവരില്‍ പത്തോളം പേരില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ഡല്‍ഹി രജീന്ദര്‍ നഗറിലെ വിദ്യ കോച്ചിംഗ് സെന്റര്‍ ഉടമ വിക്കി വാദ്വ (40) കസ്റ്റഡിയിലാണ്. ഇയാളുടെ ഫോണിലെ വാട്‌സ്ആപ്പില്‍ നിന്ന് ചോദ്യപേപ്പറിന്റെ എഴുതിയ പകര്‍പ്പുകള്‍ കണ്ടെടുത്തു. ഡല്‍ഹിയിലെ 11 സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍, ഏഴ് കോളജ് വിദ്യാര്‍ഥികള്‍, അഞ്ച് അധ്യാപകര്‍, മറ്റ് രണ്ട് പേര്‍ എന്നിവരാണ് പോലീസ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ ഇരുപതോളം വിദ്യാര്‍ഥികളെ ചോദ്യം ചെയ്തു. 5000 മുതല്‍ 35,000 രൂപ വരെ നല്‍കിയാണ് പലരും ചോദ്യപേപ്പര്‍ സ്വന്തമാക്കിയതെന്നാണ് വിവരം. ഇത് വിതരണം ചെയ്ത വാട്‌സ്ആപ് ഗ്രൂപ്പ് അഡ്മിനായ യുവതിയും ക്രൈം ബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണ്. ഡല്‍ഹി നിവാസിയായ ഈ യുവതിയാണ് ചോദ്യപേപ്പര്‍ വിതരണത്തിന് ചുക്കാന്‍ പിടിച്ചത്. യുവതി ചോദ്യപേപ്പര്‍ സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഡല്‍ഹിക്ക് പുറത്തും ചോദ്യക്കടലാസ് ചോര്‍ന്നതായി വിവരമുണ്ട്. ചിലരാകട്ടെ ഉയര്‍ന്ന വില കൊടുത്ത് വാങ്ങിയ ചോദ്യപേപ്പര്‍ മറിച്ചുവില്‍ക്കാന്‍ ശ്രമിച്ചു.

സി ബി എസ് ഇ ഉദ്യോഗസ്ഥര്‍ക്ക് നേരെയും അന്വേഷണം നീളുന്നുണ്ട്. പരീക്ഷക്ക് മേല്‍നോട്ടം വഹിച്ചവരെയും സ്‌കൂള്‍ അധികൃതരെയും കോച്ചിംഗ് സെന്ററുകളെയും ചോദ്യപേപ്പര്‍ പ്രിന്റ് ചെയ്തയിടങ്ങളും കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം. അതിനിടെ അന്വേഷണ സംഘത്തിന് ആവശ്യമായ വിവരങ്ങള്‍ നല്‍കി സഹായിക്കാനായി സി ബി എസ് ഇ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെയും നിയോഗിച്ചു.

ഈ മാസം 28നാണ് പത്താം ക്ലാസിലെ കണക്ക് പരീക്ഷയും പന്ത്രണ്ടാം ക്ലാസിലെ സാമ്പത്തികശാസ്ത്രം പരീക്ഷയും സി ബി എസ് ഇ റദ്ദാക്കിയത്. ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു നടപടി.

 

Latest