നയതന്ത്ര പ്രതിനിധികളെ പുറത്താക്കാന്‍ യു എസ് ബ്ലാക്‌മെയ്‌ലിംഗ് നടത്തുന്നു: റഷ്യ

Posted on: March 28, 2018 6:10 am | Last updated: March 28, 2018 at 12:12 am

മോസ്‌കോ: വിവിധ രാജ്യങ്ങളില്‍ നിന്ന് തങ്ങളുടെ നയതന്ത്രപ്രതിനിധികളെ പുറത്താക്കുന്ന നടപടി തുടരുന്നതിനിടെ അമേരിക്കയെ വിമര്‍ശിച്ച് റഷ്യ രംഗത്തെത്തി. റഷ്യന്‍ നയതന്ത്രപ്രതിനിധികളെ പുറത്താക്കാന്‍ അമേരിക്ക വിവിധ രാജ്യങ്ങള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുകയാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സര്‍ജി ലാവ്‌റോവ് ചൂണ്ടിക്കാട്ടി. പല രാജ്യങ്ങളെയും അമേരിക്ക ബ്ലാക്‌മെയില്‍ ചെയ്യുകയാണ്. എന്നാല്‍ യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളില്‍ ഇപ്പോഴും ചിലത് സ്വാതന്ത്ര്യത്തോടെ നിലനില്‍ക്കുന്നുണ്ട്. എന്തായാലും തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയ നടപടിയില്‍ റഷ്യയുടെ പ്രതികരണം ഉണ്ടാകും. ഇത്തരം നടപടികളെ റഷ്യ ഒരിക്കലും പൊറുക്കില്ല. ബ്ലാക് മെയില്‍ ചെയ്യുകയെന്നത് അമേരിക്കയുടെ അന്താരാഷ്ട്ര നയമാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളില്‍ 25 രാഷ്ട്രങ്ങളില്‍ നിന്നായി 140 റഷ്യന്‍ നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ പുറത്താക്കല്‍ നടപടിയാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു.

റഷ്യന്‍ മുന്‍ചാരന്‍ സെര്‍ജി സ്‌ക്രിപാലിനും മകള്‍ക്കും വിഷപ്രയോഗമേറ്റ സംഭവത്തിന് പിന്നില്‍ റഷ്യയാണെന്നാരോപിച്ചാണ് അമേരിക്കയും ബ്രിട്ടനും യൂറോപ്യന്‍ രാജ്യങ്ങളും പ്രതികാര നടപടികളുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ എല്ലാ ആരോപണങ്ങളും റഷ്യ നിഷേധിച്ചിരിക്കുകയാണ്.