ഉ. കൊറിയന്‍ നേതാവ് ചൈന സന്ദര്‍ശിച്ചെന്ന് റിപ്പോര്‍ട്ട്

Posted on: March 28, 2018 6:08 am | Last updated: March 28, 2018 at 12:11 am

ബീജിംഗ്: ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ ചൈനയില്‍ സന്ദര്‍ശനം നടത്തി തിരിച്ചുവരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം അതീവ രഹസ്യമായി അദ്ദേഹം ചൈനയിലെത്തിയതായി ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2011ല്‍ അധികാരത്തിലെത്തിയ കിം നടത്തുന്ന ആദ്യവിദേശ സന്ദര്‍ശനമാണിത്. അതേസമയം, കിം ജോംഗ് ഉന്നിന്റെ ചൈനാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചൈനയോ ഉത്തര കൊറിയയോ ഒന്നും പ്രതികരിച്ചിട്ടില്ല. ഇന്നലെ വൈകുന്നേരം ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗുമായി കൂടിക്കാഴ്ച നടത്താനാണ് ഉത്തര കൊറിയന്‍ നേതാവ് ബീജിംഗിലെത്തിയതെന്ന് ദക്ഷിണ കൊറിയന്‍ മാധ്യമമായ ഹാങ്കിയോരെ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വാര്‍ത്ത എവിടെ നിന്ന് ലഭിച്ചുവെന്ന് വ്യക്തമാക്കിയിട്ടില്ല. അതുപോലെ ദക്ഷിണ കൊറിയയുടെ രഹസ്യാന്വേഷണ ഏജന്‍സിയും വാര്‍ത്ത സ്ഥിരീകരിക്കാന്‍ തയ്യാറായില്ല.

ബീജിംഗിലെ കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ദക്ഷിണ കൊറിയന്‍ നേതാക്കള്‍ അറിയിച്ചു. ഉത്തര കൊറിയയുടെ ഒരു നേതാവ് ബീജിംഗിലുണ്ടായിരുന്നതായും എന്നാല്‍ ആരാണ് അദ്ദേഹമെന്ന് വ്യക്തമല്ലെന്നും ബീജിംഗിലെ നയതന്ത്രപ്രതിനിധികള്‍ വ്യക്തമാക്കി.

ഫിന്‍ലാന്‍ഡില്‍ വെച്ച് ഉത്തര കൊറിയന്‍ നേതാവും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തുന്നുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഉത്തര കൊറിയ മുന്നോട്ടുവെച്ച ചില വാഗ്ദാനങ്ങള്‍ നടപ്പാക്കിയാല്‍ മാത്രമേ ചര്‍ച്ചക്ക് സന്നദ്ധമാകൂ എന്ന് നേരത്തെ വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു.