Connect with us

National

കോണ്‍ഗ്രസ് കേംബ്രിജ് അനലിറ്റിക്കയുടെ സേവനം തേടിയുട്ടുണ്ടാകാമെന്ന് മുന്‍ റിസര്‍ച്ച് ഡയറക്ടര്‍

Published

|

Last Updated

ലണ്ടന്‍: ഫെയ്‌സ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തി വിവാദത്തിലായ കേംബ്രിജ് അനലറ്റിക്കയുമായി കോണ്‍ഗ്രസ് സഹകരിച്ചിട്ടുണ്ടാകാമെന്ന് കമ്പനിയുടെ മുന്‍ റിസര്‍ച്ച് ഡയറക്ടര്‍ ക്രിസ്റ്റഫര്‍ വെയ്‌ലി. കേംബ്രിജ് അനലറ്റിക്കക്ക് ഇന്ത്യയില്‍ ഓഫീസും ഇന്ത്യന്‍ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നതായും അതിനാല്‍ ഒരുപക്ഷെ ഇന്ത്യയില്‍ കോണ്‍ഗ്രസ് കേംബ്രിജ് അനലറ്റിക്കയുടെ സേവനം തേടിയിട്ടുണ്ടാകാമെന്നാണ് വെയ്‌ലി ഇംഗ്ലീഷ് പാര്‍ലിമെന്റില്‍ പറഞ്ഞത്.

വെയ്‌ലിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശവുമായി ബി ജെ പി രംഗത്തെത്തി. വിവരങ്ങള്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ഇതുവരെ പറഞ്ഞുവന്നിരുന്നതെല്ലാം പച്ചക്കള്ളമാണെന്ന് തെളിഞ്ഞതായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. രാജ്യത്തെ തെറ്റിദ്ധരിപ്പിച്ച കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും മാപ്പു പറയണമെന്നും രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പു വിജയത്തിനു വേണ്ടി ഫെയ്‌സ്ബുക് ഡേറ്റ ശേഖരിച്ച് ഉപയോഗപ്പെടുത്തിയെന്നു ലോകത്തെ ആദ്യം അറിയിച്ചത് ക്രിസ്റ്റഫര്‍ വെയ്‌ലിയാണ്. ഈ സംഭവത്തില്‍ ഫെയ്‌സ്ബുക്കിനെതിരെ നടപടിയെടുക്കുന്നതിനു മുന്നോടിയായാണു വെയ്‌ലിയെ യു കെ പാര്‍ലമെന്റിലേക്കു വിളിച്ചു വരുത്തി വിശദീകരണം തേടിയത്.

“ഇന്ത്യയില്‍ കമ്പനിയുടെ സേവനം തേടിയിരുന്നത് കോണ്‍ഗ്രസ് ആണെന്നാണു താന്‍ വിശ്വസിക്കുന്നത്. അവര്‍ അവിടെ എല്ലാ തരത്തിലുള്ള പ്രോജക്ടുകളും നടപ്പാക്കിയിരുന്നുവെന്നത് ഉറപ്പാണ്. ദേശീയ തലത്തില്‍ നടപ്പിലാക്കുന്ന പദ്ധതികളെപ്പറ്റി വ്യക്തതയില്ലെന്നും പക്ഷേ പ്രാദേശിക തലത്തില്‍ അവര്‍ പദ്ധതികള്‍ നടപ്പാക്കിയിരുന്നുവെന്നും വെയ്‌ലി അറിയിച്ചു. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ അവിടുത്തെ ഒരു സംസ്ഥാനം തന്നെ ചിലപ്പോള്‍ ബ്രിട്ടനോളം വരും. പക്ഷേ അര്‍ക്ക് അവിടെയെല്ലാം ഓഫിസുകളുണ്ടായിരുന്നു, ജീവനക്കാരും” വെയ്‌ലി വ്യക്തമാക്കി.

ഫെയ്‌സ്ബുക്കിനോട് വിശദീകരണം തേടാന്‍ പാര്‍ലിമെന്റ് സമിതി തീരുമാനിച്ചിട്ടുണ്ട്. കമ്പനി സ്ഥാപകന്‍ മാര്‍ക് സക്കര്‍ബര്‍ഗിനു പകരം സാങ്കേതികവിഭാഗം തലവനായിരിക്കും പാര്‍ലമെന്റിനുമുമ്പില്‍ ഹാജരാവുക.