Connect with us

Kerala

പോലീസിനെതിരായ പരാതികളില്‍ നടപടി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പോലീസിനെതിരെ ഉയര്‍ന്ന പരാതികളില്‍ സര്‍ക്കാര്‍ നടപടി. ആലപ്പുഴയില്‍ ഹെല്‍മറ്റ് പരിശോധനക്കിടെ രണ്ടുപേര്‍ മരിച്ച സംഭവത്തിലും കോട്ടയത്ത് തെറിവിളിച്ചതിനും മലപ്പുറം കോട്ടക്കലില്‍ കാര്‍ യാത്രക്കാരന്റെ മൂക്കിനിടിച്ചെന്ന പരാതിയിലും അച്ചടക്ക നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എ കെ ബാലന്‍ നിയമസഭയെ അറിയിച്ചു.

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്നും സാധാരണക്കാര്‍ക്ക് നേരെ നടക്കുന്ന പോലീസ് അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും ആരോപിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തിരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. അടിയന്തിര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപോയി.

പോലീസുകാര്‍ പ്രതിയായ ചില ഒറ്റപ്പെട്ട സംഭവങ്ങളുണ്ടായെന്ന് സമ്മതിച്ച മന്ത്രി എ കെ ബാലന്‍ സംസ്ഥാനത്തെ ക്രമസമാധാനനില ഭദ്രമാണെന്ന് വ്യക്തമാക്കി. നിയമലംഘനവും മനുഷ്യാവകാശലംഘനവും നടത്തുന്ന പോലീസുകാരെ സര്‍വീസില്‍ വെച്ചുപൊറുപ്പിക്കില്ല. ഇക്കാര്യം മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ്. പോലീസുകാര്‍ പ്രതിയായ കേസുകളില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു വരികയാണ്. പോലീസിന്റെ പെരുമാറ്റം സംബന്ധിച്ച് വ്യക്തമായ ഉത്തരവുണ്ട്. എന്നാല്‍ ചില ഉദ്യോഗസ്ഥര്‍ ആ സ്പിരിറ്റ് ഉള്‍ക്കൊള്ളാതെയാണ് പെരുമാറുന്നത്. കേരളാ പോലീസിന്റെ ആധുനികവത്കരണത്തിനും ജനസൗഹൃദ സമീപനത്തിനും ദേശീയതലത്തില്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിരുന്നു. ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നെന്ന പ്രതിപക്ഷത്തിന്റെ പ്രചാരണം നിര്‍ഭാഗ്യകരമാണെന്നും ബാലന്‍ പറഞ്ഞു.

പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തത് കൊണ്ട് മാത്രം നടപടിയാകില്ലെന്നും അതിക്രമത്തിന് ഇരകളായവര്‍ക്ക് പോലീസില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കി നല്‍കണമെന്ന് അടിയന്തിരപ്രമേയ നോട്ടീസ് അവതരിപ്പിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. പോലീസിനെതിരെ വ്യാപകമായ പരാതികളാണുയരുന്നത്. പോലീസുകാര്‍ നിയമം കയ്യിലെടുക്കുകയും സ്റ്റേഷനില്‍ വരുന്നവരെ തെറിവിളിക്കുകയുമാണ്. തെറി വിളി സര്‍ക്കാറിന്റെ ഔദ്യോഗിക ഭാഷയാക്കി മാറ്റിയോയെന്ന് വ്യക്തമാക്കണം. പോലീസ് തന്നെ അതിക്രമം നടത്തുമ്പോള്‍ സംസ്ഥാന ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമില്ലാത്ത സ്ഥിതിയാണ്. ഇത്തരം സംഭവങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നില്ല.

സംസ്ഥാനത്ത് പോലീസിനെ കയറൂരി വിട്ടിരിക്കുകയാണ്. പോലീസുകാരെ അച്ചടക്കം പഠിപ്പിക്കുന്ന ഡി ജി പി പോലും ഒന്നും കാര്യമായി എടുക്കുന്നില്ലെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.

സര്‍ക്കാറിനും മുഖ്യമന്ത്രിക്കും പോലീസിലുള്ള നിയന്ത്രണം നഷ്ടപ്പെട്ടതാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാക്കൗട്ട് പ്രസംഗത്തില്‍ പറഞ്ഞു. പോലീസിനെ മര്യാദ പഠിപ്പിക്കാന്‍ ഡി ജി പി ട്യൂഷനെടുക്കുകയാണ്.
മലപ്പുറത്ത് യാത്രക്കാരന്റെ മൂക്കിനിടിച്ചിട്ട് മോതിരം തട്ടി മൂക്ക് മുറിഞ്ഞെന്നാണ് പോലീസ് പറയുന്നത്. പോലീസിനെ മര്യാദ പഠിപ്പിക്കാന്‍ ഡി ജി പിക്ക് ട്യൂഷനെടുക്കേണ്ട അവസ്ഥയാണ്. ഈ അവസ്ഥ യു ഡി എഫിന്റെ കാലത്ത് ഡി ജി പിക്ക് ഉണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബി ജെ പി അംഗം ഒ രാജഗോപാലും പോലീസ് നിലപാടില്‍ പ്രതിഷേധിച്ച് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ
യോഗം ചേരുന്നു

തിരുവനന്തപുരം: പോലീസുകാരുടെ അതിക്രമം സംബന്ധിച്ച വിഷയം പരിശോധിക്കാന്‍ ഉന്നതതല പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ഉടന്‍ വിളിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഹന പരിശോധനയുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന വാഹന പരിശോധനകളിലെ അപാകത പരിശോധിക്കും.

ആലപ്പുഴയില്‍ രണ്ട് പേരുടെ മരണത്തിനിടയാക്കിയ വാഹന പരിശോധന നടത്തിയ പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും പോലീസ് മേധാവി കൂട്ടിച്ചേര്‍ത്തു. നിയമ ലംഘനത്തിന്റെയും മറ്റും പേരില്‍ ജനങ്ങള്‍ക്കെതിരെ അതിക്രമം നടത്തുന്ന പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

അടുത്ത ദിവസങ്ങളിലായി സംസ്ഥാനത്ത് നടന്ന സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. അത് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കും. ഇത്തരം സംഭവങ്ങളില്‍ ഒരാള്‍ മാത്രം ശിക്ഷിക്കപ്പെടുന്നതുകൊണ്ട് കാര്യമില്ലെന്നും എന്നാല്‍ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുമെന്നും ഈ പ്രവണത അവസാനിപ്പിക്കാന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.