മധ്യപ്രദേശില്‍ മാധ്യമപ്രവര്‍ത്തകന്‍ മണല്‍ ലോറിയിടിച്ച് മരിച്ചു; ദുരൂഹതയേറുന്നു

Posted on: March 27, 2018 6:10 am | Last updated: March 27, 2018 at 12:07 am

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭിന്ദില്‍ മണല്‍ മാഫിയയും പോലീസും തമ്മിലുള്ള ബന്ധത്തിന്റെ സാധ്യത സംബന്ധിച്ച് അന്വേഷണം നടത്തുന്ന മാധ്യമപ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ചു. ദേശീയ വാര്‍ത്താ ചാനലിന്റെ ലേഖകനായ സന്ദീപ് ശര്‍മ (35) ആണ് മരിച്ചത്. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ഇത് മനഃപൂര്‍വം ചെയ്തതാണെന്ന ആരോപണങ്ങള്‍ ഉയര്‍ന്നു. ജീവന് ഭീഷണിയുണ്ടെന്ന് നേരത്തെ സന്ദീപ് പോലീസില്‍ പരാതിപ്പെട്ടിരുന്നു. അപകടം സംബന്ധിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന സന്ദീപിന് പിന്നാലെയെത്തിയ മണല്‍ ലോറി പെട്ടെന്ന് ഇടതുവശത്തേക്ക് അസാധാരണമാം വിധം വെട്ടിച്ച് ഇടിച്ചിടുകയായിരുന്നു. തുടര്‍ന്ന് ലോറി ഓടിച്ചുപോയി. രാവിലെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പിന്നീട് പുറത്തായതിനെ തുടര്‍ന്ന് അപകടം മനഃപൂര്‍വമുണ്ടാക്കിയതാണെന്ന പരാതി ഉയരുകയായിരുന്നു. അപകടം നടന്ന സ്ഥലം പോലീസ് സ്റ്റേഷന് സമീപമാണെന്നും പോലീസുകാര്‍ ഉടന്‍ സ്ഥലത്തെത്തുകയും ബന്തവസാക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവും എം പിയുമായ ജ്യോതിരാദിത്യ സിന്ധ്യയാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടത്. പട്ടാപ്പകലാണ് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതെന്നും സി ബി ഐ അന്വേഷണത്തില്‍ കുറഞ്ഞതൊന്നും വേണ്ടെന്നും സിന്ധ്യ പറഞ്ഞു. ജനാധിപത്യത്തിന്റെ നാലാം സ്തംഭമാണ് മാധ്യമങ്ങളെന്നും ബി ജെ പി അധികാരത്തിന് കീഴില്‍ അത് തകര്‍ക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

ബിഹാറില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ അപകടത്തില്‍ മരിച്ചു;
കൊലപാതകമെന്ന് ബന്ധുക്കള്‍
പാറ്റ്‌ന: ബിഹാറിലെ ഭോജ്പൂര്‍ ജില്ലയില്‍ കാറിടിച്ച് രണ്ട് മാധ്യമപ്രവര്‍ത്തകര്‍ മരിച്ചു. ഇത് കൊലപാതകമാണെന്നും മുന്‍ ഗ്രാമമുഖ്യനാണ് പിന്നിലെന്നും കുടുംബം ആരോപിച്ചു. ബൈക്കില്‍ പോകുകയായിരുന്ന നവീന്‍, വിജയ് സിംഗ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

രോഷാകുലരായ നാട്ടുകാര്‍ വാഹനം തടഞ്ഞുവെക്കുകയും കത്തിക്കുകയും ചെയ്തു. ഹിന്ദി ദിനപത്രത്തിലാണ് നവീന്‍ പ്രവര്‍ത്തിച്ചിരുന്നത്. മുന്‍ പഞ്ചായത്ത് മുഖ്യന്‍ ഹര്‍സു എന്ന അഹ്മദ് അലിയും മകന്‍ ദബ്ലൂവും ആണ് ഇതിന് പിന്നിലെന്ന് നവീന്റെ സഹോദരന്‍ രാജേഷ് നല്‍കിയ പരാതിയില്‍ പറയുന്നു. ഹര്‍സുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹര്‍സുവിന്റെതാണ് അപകടമുണ്ടാക്കിയ വാഹനം. ഞായറാഴ്ച വൈകിട്ട് നവീനുമായി ഹര്‍സു വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.