Connect with us

International

60 റഷ്യന്‍ ഉദ്യോഗസ്ഥരെ യു എസ് പുറത്താക്കി

Published

|

Last Updated

വാഷിംഗ്ടണ്‍/മോസ്‌കോ/ റഷ്യ: മുന്‍ റഷ്യന്‍ ചാരന് ബ്രിട്ടനില്‍ വെച്ച് വിഷപ്രയോഗമേറ്റ സംഭവത്തില്‍ റഷ്യക്കെതിരെ കടുത്ത നടപടികളുമായി അമേരിക്കയും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളും. 12 ഇന്റലിജന്‍സ് ഉദ്യോഗസ്ഥരടക്കം 60 റഷ്യന്‍ പ്രതിനിധികളെ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് പുറത്താക്കാന്‍ ഉത്തരവിട്ടു. ഇതിന് പുറമെ സീറ്റിലെ റഷ്യന്‍ കോണ്‍സുലേറ്റ് അടച്ചുപൂട്ടാനും ട്രംപ് നിര്‍ദേശം നല്‍കി. ബ്രിട്ടന്റെ മണ്ണില്‍ വെച്ച് രാസായുധം പ്രയോഗിച്ച് മുന്‍ ചാരനെതിരെ ചതിപ്രയോഗം നടത്തിയ റഷ്യയുടെ നടപടിയോടുള്ള പ്രതികരണമായാണ് ഈ നടപടിയെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. എന്നാല്‍ യു എസിന്റെ ഈ തീരുമാനം തെറ്റായിപ്പോയെന്നും ചെറിയ നിലക്കെങ്കിലുമുള്ള റഷ്യ- അമേരിക്ക ബന്ധത്തെ തകര്‍ത്തുകളയുന്നതുമാണെന്നും വാഷിംഗ്ടണിലെ റഷ്യന്‍ എംബസി സ്ഥാനപതി അനാട്ടലി അന്റോണോവ് പറഞ്ഞു.

യൂറോപ്യന്‍ യൂനിയനില്‍ അംഗത്വമുള്ള പോളണ്ട്, ലാറ്റ്‌വ്യ, ലിത്വാനിയ എന്നീ രാജ്യങ്ങള്‍ റഷ്യയില്‍ നിന്ന് തങ്ങളുടെ സ്ഥാനപതികളെ തിരിച്ചുവിളിക്കുകയും ചെയ്തു. റഷ്യന്‍ ന്യൂസ് ഏജന്‍സി ആര്‍ ഐ എ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ തിരിച്ചുവിളിക്കുന്നതിനുള്ള കാരണം ഈ രാജ്യങ്ങള്‍ വ്യക്തമാക്കിയിട്ടില്ലെന്നും ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പത്തിലധികം യൂറോപ്യന്‍ രാജ്യങ്ങള്‍ വൈകാതെ അവരുടെ റഷ്യയിലുള്ള നയതന്ത്രപ്രതിനിധികളെ തിരിച്ചുവിളിക്കുമെന്നാണ് സൂചനകള്‍. പോളണ്ട്, അയര്‍ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, നെതര്‍ലാന്‍ഡ്, ഇസ്റ്റോണിയ, ബള്‍ഗേറിയ, ചെക്ക് റിപ്പബ്ലിക്ക്, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങള്‍ അടുത്ത ആഴ്ചയോടെ നയതന്ത്രപ്രതിനിധികളെ തിരിച്ചുവിളിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. കഴിഞ്ഞ ആഴ്ച യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളുടെ ഉച്ചകോടിയില്‍ വെച്ചാണ് നയതന്ത്രപ്രതിനിധികളെ തിരിച്ചുവിളിക്കാന്‍ ധാരണയായിരുന്നത്. ഇതിന് പുറമെ, ബ്രിട്ടനോടുള്ള ഐക്യദാര്‍ഢ്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്കയിലുള്ള റഷ്യന്‍ നയതന്ത്രപ്രതിനിധികളെയും പുറത്താക്കാന്‍ ട്രംപിന് മേല്‍ സമ്മര്‍ദമേറുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ബ്രസല്‍സ് നേരത്തെ തന്നെ തങ്ങളുടെ നയതന്ത്ര പ്രതിനിധിയെ തിരിച്ചുവിളിച്ചിരുന്നു. മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപാലിനും അദ്ദേഹത്തിന്റെ മകള്‍ക്കും ബ്രിട്ടനില്‍ വെച്ച് വിഷപ്രയോഗമേറ്റിരുന്നു. ഇതിന് പിന്നില്‍ റഷ്യയാണെന്നും ഇതിനോടുള്ള പ്രതികരണം ആ രാജ്യം അറിയിക്കണമെന്നും നേരത്തെ ബ്രിട്ടന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും റഷ്യ എല്ലാ ആരോപണങ്ങളും തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് ബ്രിട്ടന്‍ 23 റഷ്യന്‍ നയതന്ത്രപ്രതിനിധികളെ പുറത്താക്കിയിരുന്നു.