Connect with us

Kerala

ഹയര്‍സെക്കന്‍ഡറി ഫിസ്‌ക്‌സ് ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന ഹയര്‍ സെക്കന്‍ഡറി ഫിസിക്‌സ് ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് ഡി ജി പി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി. വാട്‌സ് ആപ്പ് വഴി പ്രചരിച്ചത് വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ചോദ്യാവലിയാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. പഠനത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ചോദ്യാവലി മാത്രമാണ് പ്രചരിച്ചതെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് പരീക്ഷക്ക് മുമ്പ് തയ്യാറാക്കിയ 40ഓളം ചോദ്യപേപ്പറില്‍ നിന്ന് തിരഞ്ഞെടുത്ത പ്രധാനപ്പെട്ട ചോദ്യങ്ങള്‍ മാത്രമായി ചോദ്യപേപ്പറിന് രൂപം നല്‍കിയിരുന്നു. ഇതില്‍ നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്.

ഹയര്‍ സെക്കന്‍ഡറി ഫിസിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ പരീക്ഷക്ക് മുമ്പ് തന്നെ പ്രചരിച്ചിരുന്നു. പത്ത് ചോദ്യങ്ങള്‍ അടങ്ങിയ വാട്‌സ് ആപ്പ് സന്ദേശം ഒരാഴ്ച മുമ്പ് തന്നെ ലഭിച്ചിരുന്നതായി അന്വേഷണ സംഘത്തിന് മൊഴി ലഭിച്ചു. എന്നാല്‍, വാട്‌സ് ആപ്പിന്റെ ഉറവിടം കണ്ടെത്താനാകാത്തതിനാല്‍ ചോര്‍ച്ച സ്ഥിരീകരിക്കാനായില്ല. ഫിസിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി ആശങ്കയുയര്‍ന്നെങ്കിലും ചോദ്യങ്ങളടങ്ങിയ സന്ദേശം പ്രചരിച്ചത് പരീക്ഷക്ക് മുമ്പാണോ ശേഷമാണോ എന്നാണ് പ്രധാനമായി അന്വേഷിച്ചത്.

21ന് നടന്ന പരീക്ഷയുടെ ചോദ്യങ്ങള്‍ 16 മുതല്‍ തന്നെ വാട്‌സ് ആപ്പില്‍ ലഭിച്ചതായി ഏതാനും അധ്യാപകരും വിദ്യാര്‍ഥികളും അന്വേഷണ സംഘത്തിന് മൊഴി നല്‍കി. പരീക്ഷക്കു വന്ന 25 ചോദ്യങ്ങളില്‍ 10 ചോദ്യങ്ങളാണ് വാട്‌സ് ആപ്പ് സന്ദേശത്തിലുണ്ടായിരുന്നത്. ആകെ 21 മാര്‍ക്കിന്റേതായിരുന്നു ഈ ചോദ്യങ്ങള്‍. പ്രധാന ചോദ്യങ്ങള്‍ ശ്രദ്ധിക്കുക എന്ന തലക്കെട്ടോടെയാണ് സന്ദേശങ്ങള്‍ പ്രചരിച്ചത്.

എന്നാല്‍, സന്ദേശങ്ങളില്‍ വിദ്യാര്‍ഥികളും മാതാപിതാക്കളും ആശങ്ക രേഖപ്പെടുത്തിയിരുന്നു. ചോദ്യങ്ങള്‍ തയ്യാറാക്കിയ തൃശൂരിലെ എയ്ഡഡ് സ്‌കൂളിലെ വിദ്യാര്‍ഥികളെ അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ചോദ്യം നേരത്തേ പ്രചരിച്ചത് ഗൗരവമാണെങ്കിലും ഇതിന്റെ മാത്രം അടിസ്ഥാനത്തില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന് സ്ഥിരീകരിക്കാനാവില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിയത്. ചോദ്യപേപ്പര്‍ മാതൃകയിലോ പരീക്ഷക്ക് വന്ന ക്രമത്തിലോ അല്ല ചോദ്യങ്ങള്‍ പ്രചരിച്ചത്.

ഇതോടെ, ഫിസിക്‌സ് പരീക്ഷ വീണ്ടും നടത്തുമോ എന്ന ആശങ്കയിലായിരുന്ന വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമേകുന്നതാണ് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്. കുട്ടികള്‍ എഴുതി തയ്യാറാക്കിയ നിലയില്‍ പ്രചരിച്ച ചോദ്യപേപ്പര്‍ വാട്ട്‌സ് ആപ്പ് വഴി തൃശൂര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ക്ക് ലഭിക്കുകയും തുടര്‍ന്ന് അദ്ദേഹം അത് ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ക്ക് തുടര്‍ നടപടിക്കായി അയച്ചു നല്‍കുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.

മതിലകം സെന്റ് ജോസഫ് എച്ച് എസ് എസില്‍ പരിശോധന

കൊടുങ്ങല്ലൂര്‍: പ്ലസ്ടു ചോദ്യപ്പേപ്പര്‍ ചോര്‍ന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് മതിലകം സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പോലീസ് പരിശോധന നടത്തി. ക്രൈം ബ്രാഞ്ചും സൈബര്‍ സെല്ലും ഉള്‍പ്പെടെയുള്ള സംഘമാണ് പരിശോധനക്കെത്തിയത്. രേഖകള്‍ പരിശോധിക്കുകയും വിദ്യാര്‍ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.

വര്‍ഷങ്ങളായുള്ള ചോദ്യപേപ്പറുകളില്‍ നിന്ന് പ്രധാന ചോദ്യങ്ങള്‍ എടുത്ത് വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ നല്‍കിയിരുന്നു. ഈ ചോദ്യങ്ങള്‍ വിദ്യാര്‍ഥികള്‍ വാട്‌സ് ആപ്പിലൂടെ കൈമാറുകയാണ് ഉണ്ടായതെന്നും ചോദ്യപേപ്പര്‍ ചോര്‍ത്തിയിട്ടില്ലെന്നും അധ്യാപകര്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.

ചോദ്യപ്പേപ്പറുകള്‍ ചോര്‍ന്നതായുള്ള ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് വിശദമായ പരിശോധനക്കു ശേഷം പോലീസ് സംഘം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ക്രൈം ബ്രാഞ്ച് ഐ ജി. സാബു മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

---- facebook comment plugin here -----

Latest