സമുദായം തന്നെയാണ് പ്രശ്‌നം

Posted on: March 25, 2018 4:26 pm | Last updated: March 25, 2018 at 4:26 pm

കര്‍ണാടക ജനസംഖ്യയിലെ 17 ശതമാനം വരുന്ന ലിംഗായത്ത് വിഭാഗത്തിന് പത്യേക മത ന്യൂനപക്ഷ പദവി നല്‍കാന്‍ തീരുമാനിച്ചതാണ് പോയ വാരം സംസ്ഥാന രാഷ്ട്രീയത്തെ ശ്രദ്ധേയമാക്കിയത്. വീരശൈവ മഹാസഭയുടെയും ബി ജെ പി, ജനതാദള്‍ എസ് എന്നീ പ്രതിപക്ഷ കക്ഷികളുടെയും ശക്തമായ എതിര്‍പ്പിനെ അതിജീവിച്ചാണ് ലിംഗായത്ത് വിഭാഗത്തിന് മത പദവി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ലിംഗായത്തിന് അനുകൂലമായ തീരുമാനത്തിലൂടെ ഈ വിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കുക എന്ന സര്‍ക്കാറിന്റെയും കോണ്‍ഗ്രസിന്റെയും തന്ത്രമാണ് ഫലിച്ചിരിക്കുന്നത്. പ്രത്യേക മത പദവി സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാറാണ്. ഇക്കാര്യത്തില്‍ കേന്ദ്രം കൈക്കൊള്ളുന്ന ഏത് തീരുമാനവും ബി ജെ പിയെയായിരിക്കും ബാധിക്കുക. തീരുമാനം അനുകൂലമായാലും പ്രതികൂലമായാലും തിരഞ്ഞെടുപ്പില്‍ നേട്ടമാവുക കോണ്‍ഗ്രസിനും.

ഇതുവരെ ബി ജെ പിയുടെ വോട്ടുബേങ്ക് എന്ന് കണക്കാക്കിയിരുന്നവരാണ് ലിംഗായത്തുകള്‍. ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി എസ് യെദ്യൂരപ്പ ലിംഗായത്തുകളുടെ അനിഷേധ്യ നേതാവാണ്. അതേസമയം, ലിംഗായത്തിന് മതപദവി നല്‍കിയതില്‍ വീരശൈവ മഹാസഭ പ്രതിഷേധത്തിലാണ്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മഹാസഭയുടെ സംസ്ഥാന പ്രസിഡന്റുമായ ഷാമന്നൂര്‍ ശിവശങ്കരപ്പ ഇക്കാര്യത്തില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് രംഗത്തെത്തി. സര്‍ക്കാറിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം. വീരശൈവരും വീരശൈവ- ലിംഗായത്തും ഒന്നാണെന്നും സമുദായത്തെ വിഭജിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തിയതെന്നും ശിവശങ്കരപ്പ ആരോപിക്കുന്നു. അദ്ദേഹം ബി ജെ പിയില്‍ ചേരാന്‍ പോകുന്നുവെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് വിടാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ബി ജെ പി നേതാക്കള്‍ക്ക് വേണമെങ്കില്‍ കോണ്‍ഗ്രസില്‍ ചേരാമെന്നുമാണ് ശിവശങ്കരപ്പ ഒടുവില്‍ പറഞ്ഞത്.

കൊടവ സമുദായവും
ലിംഗായത്തിന് മത ന്യൂനപക്ഷ പദവി അനുവദിച്ചതിന് പിന്നാലെ ഇതേ ആവശ്യവുമായി കൊടവ സമുദായവും രംഗത്തെത്തി. കര്‍ണാടകയിലെ കാപ്പി കൃഷി മേഖലയായ കുടകിലാണ് കൊടവ സമുദായം കൂടുതലായും അധിവസിക്കുന്നത്. മത പദവി വേണമെന്ന ആവശ്യവുമായി സമുദായ നേതാക്കളായ എം എം ബന്‍സി, വിജയ് മുത്തപ്പ എന്നിവര്‍ സംസ്ഥാന ന്യൂനപക്ഷ വകുപ്പിന് നിവേദനം നല്‍കി. കുടക് മേഖലയില്‍ ഒന്നര ലക്ഷത്തോളം വരുന്ന കൊടവ സമുദായക്കാര്‍ തിരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായക ഘടകമാണ്. തങ്ങള്‍ ഹിന്ദുമതാചാരങ്ങളല്ല അനുവര്‍ത്തിക്കുന്നതെന്നും വസ്ത്രധാരണത്തിലും മറ്റും വ്യത്യാസമുണ്ടെന്നും അതുകൊണ്ട് പ്രത്യേക മതപദവി വേണമെന്നും കൊടവ സമുദായം ആവശ്യപ്പെടുന്നു.
ആയാറാം ഗയാറാം
നേതാക്കളുടെ കൂടുമാറ്റം തുടരുകയാണ്. ജനതാദള്‍- എസിലെ ഏഴ് എം എല്‍ എമാര്‍ രാജിവെച്ചു. സമീര്‍ അഹമ്മദ് ഖാന്‍, എ ബി രമേഷ് ഗൗഡ, അഖണ്ഡ ശ്രീനിവാസ മൂര്‍ത്തി, എസ് ഭീമനായ്ക്ക്, ഇക്ബാല്‍ അന്‍സാരി, എന്‍ ചെലുവരായ സ്വാമി, എച്ച് സി ബാലകൃഷ്ണ എന്നിവരാണ് രാജിവെച്ചത്. മൈസൂരുവില്‍ ഇന്ന് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ ഇവര്‍ കോണ്‍ഗ്രസില്‍ ചേരും. 2016ലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തതിന് ഏഴ് എം എല്‍ എമാരെ ജെ ഡി എസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവരുടെ പിന്തുണയിലാണ് കഴിഞ്ഞ ദിവസം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റിലും കോണ്‍ഗ്രസ് വിജയിച്ചത്.

ബെംഗളൂരു കോര്‍പറേഷന്‍ മുന്‍ മേയറും ബി ജെ പി നേതാവുമായ വെങ്കടേഷ് മൂര്‍ത്തി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചു കഴിഞ്ഞു. മൂര്‍ത്തിയെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരുന്നതിന് മുഖ്യമന്ത്രി സിദ്ധരാമയ്യയും മറ്റു നേതാക്കളും അനുകൂലമായ നിലപാടാണ് കൈക്കൊണ്ടത്. കഴിഞ്ഞ ദിവസം വെങ്കടേഷ് മൂര്‍ത്തി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തി. അധികം വൈകാതെ കെ പി സി സി ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ വെങ്കടേഷ് കോണ്‍ഗ്രസില്‍ അംഗത്വമെടുക്കും. ബെംഗളൂരുവില്‍ ഏറ്റവും കൂടുതല്‍ കാലം മേയറായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് വെങ്കടേഷ് മൂര്‍ത്തി. 2013ല്‍ ശാന്തിനഗര്‍ മണ്ഡലത്തില്‍ നിന്ന് ബി ജെ പി ടിക്കറ്റില്‍ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കോണ്‍ഗ്രസില്‍ ചേരുന്ന മൂര്‍ത്തിയെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുമോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പത്മനാഭ നഗറില്‍ നിന്ന് മൂര്‍ത്തിയെ മത്സരിപ്പിക്കണമെന്ന ആവശ്യം ഇദ്ദേഹത്തിന്റെ അനുയായികള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട എ എസ് പാട്ടീല്‍ എം എല്‍ എ കഴിഞ്ഞദിവസം ബി ജെ പിയില്‍ ചേര്‍ന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുദ്ദെബിഹല്‍ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം മത്സരിക്കും. നിലവില്‍ ദേവര്‍ഹിപ്പരാഗി മണ്ഡലത്തിലെ എം എല്‍ എയാണ് പാട്ടീല്‍. മുന്‍ എം എല്‍ എ ഗംഗഹനുമയ്യ, പാവഗഡ ജില്ലാ പഞ്ചായത്ത് അംഗം കുമാരസ്വാമി എന്നിവരും ബി ജെ പിയില്‍ ചേര്‍ന്നു.

ചെറുതൊന്നും ചെറുതല്ല
സമീപകാലത്ത് നാല് പുതിയ പാര്‍ട്ടികളാണ് പിറന്നത്. മുന്‍ ഡി വൈ എസ് പി അനുപമ ഷേണായിയുടെ ഭാരതീയ ജനശക്തി കോണ്‍ഗ്രസ്, യോഗേന്ദ്ര യാദവിന്റെ സ്വരാജ് ഇന്ത്യ, സ്വതന്ത്ര എം എല്‍ എ വര്‍ത്തൂര്‍ പ്രകാശിന്റെ അഹിന്ദ പാര്‍ട്ടി, നടന്‍ ഉപേന്ദ്രയുടെ പാര്‍ട്ടി എന്നിവ. ഇത് കൂടാതെ സി പി എം, സി പി ഐ, ഓള്‍ ഇന്ത്യ മജ്‌ലിസെ പാര്‍ട്ടി, വനിത എംപവര്‍മെന്റ് പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി, ബി എസ് പി, എന്‍ സി പി എന്നീ പാര്‍ട്ടികളും പോര്‍ക്കളത്തിലിറങ്ങും. ബി എസ് പിയും എന്‍ സി പിയും ജനതാദള്‍- എസുമായി സഖ്യത്തിലാണ്. സി പി എം 26 സീറ്റിലും സി പി ഐ 15 സീറ്റിലും മത്സരിക്കും. മജ്‌ലിസെ പാര്‍ട്ടി 26 മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നത്. ആം ആദ്മി പാര്‍ട്ടി 70 സീറ്റുകളില്‍ മത്സരിക്കുന്നുണ്ട്. സംസ്ഥാനത്തെ 224 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് നടന്‍ ഉപേന്ദ്രയുടെ തീരുമാനം. പുതിയ പാര്‍ട്ടികള്‍ സ്വരൂപിക്കുന്ന വോട്ടുകള്‍ ക്ഷീണമുണ്ടാക്കുക കോണ്‍ഗ്രസിനും ബി ജെ പിക്കും ജനതാദള്‍- എസിനുമായിരിക്കും. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക കഴിഞ്ഞദിവസം പുറത്തിറക്കി. 18 സ്ഥാനാര്‍ഥികളാണ് പട്ടികയിലുള്ളത്.
കര്‍ണാടകയില്‍ അഴിമതിക്കാരായ രാഷ്ട്രീയക്കാരോടും മാഫിയ സംഘങ്ങളോടും സന്ധിയില്ലാ യുദ്ധം പ്രഖ്യാപിച്ചതിന് സിവില്‍ സര്‍വീസില്‍ നിന്ന് രാജിവെച്ച് പുറത്തുപോകേണ്ടി വന്ന മുന്‍ പോലീസ് ഓഫീസര്‍ അനുപമ ഷേണായി രൂപവത്കരിച്ച ഭാരതീയ ജനശക്തി കോണ്‍ഗ്രസ് (ബി ജെ സി) 15 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. ഉഡുപ്പി ജില്ലയിലെ കാപ്പ് നിയോജക മണ്ഡലത്തില്‍ നിന്ന് ജനവിധി തേടാനാണ് അനുപമയുടെ തീരുമാനം. മികച്ച നേതൃപാടവം ഉള്ളവര്‍ക്ക് നേതാക്കളായി വളരാനുള്ള പ്ലാറ്റ്‌ഫോം ആയിരിക്കും തന്റെ പാര്‍ട്ടിയെന്ന് അനുപമ പറയുന്നു. ബെല്ലാരി ജില്ലയിലെ കുഡ്‌ലിഗി സബ്ഡിവിഷന്‍ ഡി വൈ എസ് പി ആയിരുന്ന അനുപമ ഷേണായ് 2016 ജൂണിലാണ് രാജിവെച്ചത്. അന്നത്തെ തൊഴില്‍മന്ത്രി പരമേശ്വര്‍ നായിക്കുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നുണ്ടായ രാജി സംസ്ഥാനത്ത് രാഷ്ട്രീയ- ഭരണ തലങ്ങളില്‍ ഏറെ വിവാദത്തിനിടയാക്കിയിരുന്നു. 2010ലെ കര്‍ണാടക സിവില്‍ സര്‍വ്വീസ് ബാച്ചിലെ ഓഫീസറായിരുന്നു അനുപമ. ക്വാറി – മണല്‍ മാഫിയക്കെതിരെയുള്ള പോരാട്ടങ്ങള്‍ അനുപമയെ രാഷ്ട്രീയക്കാരുടെ ശത്രുപക്ഷത്ത് നിര്‍ത്തി.

രാഹുലാണ് താരം
തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ, ഭരണത്തുടര്‍ച്ച സാധ്യമാക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രചാരണം കൊഴുപ്പിക്കുകയാണ്. ചാമരാജ് നഗര്‍, മാണ്ഡ്യ, മൈസൂരു മേഖലകളിലായി നാലാംഘട്ട പര്യടനത്തിലാണ് ഇപ്പോള്‍ രാഹുല്‍. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ നേട്ടങ്ങള്‍ വിവരിച്ചും ബി ജെ പി യുടെ വര്‍ഗീയത തുറന്നുകാട്ടിയുമാണ് രാഹുലിന്റെ പ്രസംഗം. ഭരണത്തുടര്‍ച്ചക്ക് സാധ്യത നല്‍കി വിവിധ സര്‍വേ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത് സര്‍ക്കാറിനും കോണ്‍ഗ്രസിനും ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വം കര്‍ണാടകയില്‍ നടത്തിയ സര്‍വേകളില്‍ പാര്‍ട്ടിക്ക് വ്യക്തമായ മുന്‍തൂക്കമാണ് പ്രവചിക്കുന്നത്. സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ 224 മണ്ഡലങ്ങളെയും എ, ബി, സി എന്നിങ്ങനെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. എ വിഭാഗം മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് വിജയം ഉറപ്പിക്കുമ്പോള്‍ സി വിഭാഗത്തില്‍ ബി ജെ പിക്കാണ് മേധാവിത്വം. സര്‍വേ പ്രവചനങ്ങളുടെ കരുത്തിലാണ് രാഹുലിന്റെ പര്യടനം പുരോഗമിക്കുന്നത്.
ശക്തിയേറി കന്നഡ വാദം
കര്‍ണാടകയില്‍ കന്നഡ വാദത്തിന് ദിവസം കഴിയുന്തോറും ശക്തിയേറുന്ന കാഴ്ചയാണ് കാണുന്നത്. പാസ്‌പോര്‍ട്ടിലും കന്നഡ വേണമെന്ന ആവശ്യമാണ് ഇപ്പോള്‍ ശക്തമായിരിക്കുന്നത്. കന്നഡ ഡെവലപ്‌മെന്റ് അതോറിറ്റിയാണ് സംസ്ഥാനത്തെ റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ നിന്ന് വിതരണം ചെയ്യുന്ന പാസ്‌പോര്‍ട്ടുകളില്‍ കന്നഡ ഭാഷ നിര്‍ബന്ധമാക്കണമെന്ന ആവശ്യമുന്നയിച്ചിരിക്കുന്നത്. ആവശ്യവുമായി പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥരെ സമീപിക്കാനാണ് അതോറിറ്റിയുടെ നീക്കം. പൊതുസ്ഥലങ്ങളിലെ അറിയിപ്പ് ബോര്‍ഡുകളിലും റെയില്‍വേ ടിക്കറ്റിലും കന്നഡ ഭാഷ ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഈ നീക്കം. പാസ്‌പോര്‍ട്ടിന്റെ ചട്ടയിലും ഉള്‍പേജുകളിലും അവസാനത്തെ പേജിലും കന്നഡ വേണമെന്നാണ് ആവശ്യം. കന്നഡ സംഘടനകളുടെ ആവശ്യത്തെ തുടര്‍ന്ന് റെയില്‍വേ ടിക്കറ്റില്‍ കന്നഡ ഭാഷ ഉള്‍പ്പെടുത്തിയത് സമീപനാളിലാണ്.

കോണ്‍ഗ്രസില്‍ അപസ്വരം
പാര്‍ട്ടി നയത്തിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ മേധാവിയും നടിയുമായ രമ്യയുടെ മാതാവ് രഞ്ജിത രംഗത്ത് വന്നത് പാര്‍ട്ടിക്ക് തലവേദനയായി. കോണ്‍ഗ്രസ് നേതൃത്വം തന്നെ കാര്യമായി പരിഗണിക്കുന്നില്ലെന്നാണ് ഇവരുടെ ആരോപണം. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റ് ലഭിച്ചില്ലെങ്കില്‍ സ്വതന്ത്രമായി മത്സരിക്കുമെന്നാണ് ഇവരുടെ ഭീഷണി. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകയായ തനിക്ക് പാര്‍ട്ടിയില്‍ നിന്ന് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന് രഞ്ജിത പറയുന്നു. കോണ്‍ഗ്രസിനോട് സീറ്റ് അവശ്യപ്പെടില്ല. അത് ഔദാര്യമല്ല. ഞാന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ താന്‍ കോണ്‍ഗ്രസിന് എതിരായി പ്രവര്‍ത്തിക്കുന്ന ആളല്ലെന്നും അവര്‍ പറഞ്ഞു.

രാജ്യസഭയിലേക്ക് നാല് പേര്‍
കര്‍ണാടകയില്‍ നിന്ന് നാല് പേര്‍ രാജ്യസഭയിലെത്തി. കോണ്‍ഗ്രസില്‍ നിന്ന് മൂന്ന് പേരും ബി ജെ പിയില്‍ നിന്ന് ഒരാളുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. കെ പി സി സി വക്താവ് സയ്യദ് നാസിര്‍ ഹുസൈന്‍, ദളിത് കവി എല്‍ ഹനുമന്തയ്യ, വൊക്കലിംഗ സമുദായ നേതാവ് ജി സി ചന്ദ്രശേഖര്‍ എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്ന് വിജയിച്ചത്. ബി ജെ പിയില്‍ നിന്ന് രാജീവ് ചന്ദ്രശേഖര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇത് മൂന്നാം തവണയാണ് രാജീവ് ചന്ദ്രശേഖര്‍ രാജ്യസഭയിലെത്തുന്നത്. ഹുസൈന് 42 വോട്ടും ഹനുമന്തയ്യക്ക് 44 വോട്ടും ജി സി ചന്ദ്രശേഖറിന് 46 വോട്ടും ലഭിച്ചു. രാജീവ് ചന്ദ്രശേഖറിന് 50 വോട്ട് ലഭിച്ചു. ജെ ഡി എസിലെ ബി എം ഫാറൂഖിന് രണ്ട് വോട്ടാണ് ലഭിച്ചത്.