കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റിനിടെ പന്തില്‍ ക്യത്രിമം കാട്ടിയ സംഭവത്തില്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ പുറത്താക്കണമെന്ന് ഓസ്‌ത്രേലിയന്‍ സര്‍ക്കാര്‍. ക്രിക്കറ്റ് ഓസ്‌ത്രേലിയ സ്മിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും പുറത്താക്കണമെന്ന് ഓസ്‌ത്രേലിയന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍ ആവശ്യപ്പെട്ടു.
ഓസീസ് ടീം രാജ്യത്തെ ചതിച്ചുവെന്ന പൊതുജന വികാരമുയര്‍ന്നതോടെയാണ് ഓസ്‌ത്രേലിയന്‍ സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടത്. സംഭവം ഞെട്ടിച്ചെന്നും ക്രിക്കറ്റ് ഓസ്‌ത്രേലിയ ചെയര്‍മാന്‍ ഡേവിഡ് പീവറുമായി സംസാരിച്ചെന്നും ഇദ്ദേഹത്തെ തന്റെ അത്യപ്തി അറിയിച്ചുവെന്നും ടേണ്‍ബുള്‍ പറഞ്ഞു. പന്തില്‍ സഹതാരം ക്യത്രിമം കാണിച്ച കാര്യം സമ്മതിച്ച സ്മിത്ത് ,പ്രതികൂല സാഹചര്യമുയര്‍ത്തിയ നിരാശയാണ് ഇതിന് പ്രേരിപ്പിച്ചതെന്നും വ്യക്തമാക്കിയിരുന്നു.