Connect with us

Sports

അഫ്ഗാന്‍ ലോകകപ്പിന്

Published

|

Last Updated

ഹരാരെ: ഐ സി സി ക്രിക്കറ്റ് ലോകകപ്പിന് അഫ്ഗാനിസ്ഥാന്‍ യോഗ്യത നേടി. നിര്‍ണായക മത്സരത്തില്‍ അയര്‍ലന്‍ഡിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് അഫ്ഗാന്റെ മുന്നേറ്റം. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് ഏഴ് വിക്കറ്റിന് 209 റണ്‍സടിച്ചു. അഫ്ഗാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 213. നായകന്‍ അസ്ഗര്‍ സ്റ്റാനിക്‌സായ് 29 പന്തില്‍ പുറത്താകാതെ നേടിയ 39 റണ്‍സ് അഫ്ഗാനിസ്ഥാനെ ലക്ഷ്യത്തിലെത്തിച്ചു.

അപ്പെന്‍ഡിസൈറ്റിസിന്റെ വേദനയുമായിട്ടാണ് അസ്ഗര്‍ കളിക്കാനിറങ്ങിയത്. അസഹനീയമായ വേദനയുണ്ടായിരുന്നു. എന്നാല്‍, രാജ്യത്തിന് ലോകകപ്പ് യോഗ്യത എന്ന കടമ്പ മുന്നിലുള്ളപ്പോള്‍ ആ വേദന മറന്നു – അസ്ഗര്‍ മത്സരശേഷം പറഞ്ഞു.

ഇംഗ്ലണ്ടിലും വെയില്‍സിലുമായി അടുത്ത വര്‍ഷം മെയ് 30 മുതല്‍ ജൂലൈ 14 വരെയാണ് ലോകകപ്പ്. ആസ്‌ത്രേലിയ, ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ് ടീമുകളാണ് ലോകകപ്പില്‍ മാറ്റുരക്കുക. യോഗ്യതാ റൗണ്ടില്‍ സ്‌കോട്‌ലാന്‍ഡും സിംബാബ്വെയും പുറത്തായി. ടോസ് ജയിച്ച അയര്‍ലന്‍ഡ് ഓപണര്‍ പോള്‍ സ്റ്റിര്‍ലിംഗിന്റെ (55)യും കെവിന്‍ ഒബ്രിയാന്റെയും (41) മികവില്‍ 209 റണ്‍സിലെത്തി. അഫ്ഗാന്‍ ലെഗ് സ്പിന്നര്‍ റാഷിദ് ഖാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് ഐറിഷ് നിരയെ തകര്‍ത്തത്.

അഫ്ഗാന്റെ മറുപടി ബാറ്റിംഗില്‍ ഓപണര്‍ മുഹമ്മദ് ഷഹ്‌സാദ് 50 പന്തില്‍ 54 റണ്‍സടിച്ചു. ഓപണിംഗില്‍ ഗുല്‍ബാദിന്‍ നെയ്ബിനൊപ്പം 86 റണ്‍സിന്റെ സഖ്യമാണ് ഷഹ്‌സാദുണ്ടാക്കിയത്. ഇത് വിജയത്തില്‍ നിര്‍ണായകമായി.