Connect with us

Kerala

വിഴിഞ്ഞം പദ്ധതിയുടെ കാലാവധി നീട്ടല്‍:  അദാനിയുടെ ആവശ്യം തള്ളി

Published

|

Last Updated

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള കാലാവധി നീട്ടണമെന്ന അദാനി ഗ്രൂപ്പിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി. നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ തന്നെ പദ്ധതി പൂര്‍ത്തിയാക്കണമെന്നും അല്ലെങ്കില്‍ കരാര്‍ പ്രകാരമുള്ള നഷ്ടപരിഹാരം ഈടാക്കുമെന്നും തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഓഖി ദുരന്തത്തില്‍ ഡ്രഡ്ജറുകള്‍ തകര്‍ന്നതും കരിങ്കല്‍ ദൗര്‍ലഭ്യവും ചൂണ്ടിക്കാട്ടി പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നും പതിനെട്ട് മാസം കൂടി സമയം ദീര്‍ഘിപ്പിച്ച് നല്‍കണമെന്നും ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു. പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് ആരോപിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുമ്പോഴാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. ഈ വിഷയം ചൂണ്ടിക്കാട്ടിയുള്ള അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

ഓഖി ചുഴലിക്കാറ്റ് തുറമുഖ നിര്‍മാണത്തെ ബാധിച്ചിട്ടുണ്ടെന്നും ബര്‍ത്ത് നിര്‍മാണത്തിനായുള്ള പ്ലാറ്റ്‌ഫോം തകര്‍ന്നുവെന്നും മന്ത്രി പറഞ്ഞു. രണ്ട് ഡ്രഡ്ജറുകള്‍ക്കും കേടുപാട് സംഭവിച്ചു. നിര്‍മാണ പുരോഗതിക്ക് പ്രധാന തടസ്സമായുള്ളത് പാറയുടെ ദൗര്‍ലഭ്യമാണ്. കൊല്ലത്തെ പാറമടകളില്‍ നിന്ന് പാറ എത്തിക്കാനുള്ള നടപടികള്‍ ജില്ലാ കലക്ടറുമായി ചര്‍ച്ച ചെയ്തു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കാന്‍ ക്രിയാത്മകമായ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തുന്നത്. പദ്ധതി പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായ എംപവേര്‍ഡ് കമ്മിറ്റിയുടെ പ്രവര്‍ത്തനമുണ്ട്. കരാര്‍ സമയത്ത് തന്നെ പദ്ധതി പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. കരാര്‍ കാലാവധി നീട്ടിനല്‍കണമെന്നുള്ള അദാനി ഗ്രൂപ്പിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കില്ല. കരാറില്‍ വീഴ്ച വരുത്തിയാല്‍ അദാനി ഗ്രൂപ്പില്‍ നിന്ന് പിഴ ഈടാക്കുമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു.

വിഴിഞ്ഞം പദ്ധതി എങ്ങനേയും തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് ശ്രീധരനെ ഓടിച്ചുവിട്ടതുപോലെ കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം പദ്ധതിക്കു നേരെയാണ് മറ്റൊരു നീക്കം. 1460 ദിവസം കൊണ്ട് വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാക്കണമെന്നു പറഞ്ഞപ്പോള്‍ അദാനി ഗ്രൂപ്പ് തന്നെ ആയിരം ദിവസം കൊണ്ട് പദ്ധതി നടപ്പാക്കാമെന്ന് തുടക്കത്തില്‍ അറിയിക്കുകയായിരുന്നു. വിഴിഞ്ഞം പദ്ധതിക്കെതിരെ തുടക്കം മുതലേ ഇടതുമുന്നണി എതിരായിരുന്നു. പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരം പോലും നല്‍കിയിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

കരാര്‍ ഇങ്ങനെ

2019ല്‍ വിഴിഞ്ഞം പദ്ധതി നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് കരാര്‍. 2015 ഡിസംബറിലാണ് നിര്‍മാണം തുടങ്ങിയത്. 25 ശതമാനം പോലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. നിര്‍മാണം പൂര്‍ത്തിയായില്ലെങ്കില്‍ പദ്ധതി പൂര്‍ത്തിയാക്കേണ്ട കാലാവധി അവസാനിക്കുന്ന ദിവസം തൊട്ട് പന്ത്രണ്ടര ലക്ഷം രൂപ പ്രതിദിനം സര്‍ക്കാറിന് കമ്പനി നഷ്ടപരിഹാരം നല്‍കണം എന്നാണ് കരാര്‍ വ്യവസ്ഥ. ഈ വ്യവസ്ഥ ഒഴിവാക്കി കിട്ടാനാണ് അദാനി ഗ്രൂപ്പ് സമയം ആവശ്യപ്പെടുന്നത്.

അദാനി ഗ്രൂപ്പിന്റെ നിലപാട്

കാലാവസ്ഥ പ്രതികൂലമായതും ഓഖി ദുരന്തത്തില്‍ ഡ്രഡ്ജറുകള്‍ തകര്‍ന്നതും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായി. ഡ്രഡ്ജിംഗിന് ഉപകരാറെടുത്ത ഹോവൈ ഗ്രൂപ്പ് പിന്മാറിയത് പ്രതിസന്ധി രൂക്ഷമാക്കി. ഡ്രഡ്ജറുകളുടെ അറ്റകുറ്റപ്പണിക്ക് കൂടുതല്‍ സമയം വേണം. കരിങ്കല്ലിന്റെ ലഭ്യതക്കുറവും നിര്‍മാണം തടസ്സപ്പെടുത്തുന്നു.

 

Latest