Connect with us

Gulf

ദുബൈ വിമാനത്താവളത്തില്‍ പാസ്‌പോര്‍ട്ടില്‍ പതിപ്പിച്ചത് ഹാപ്പിനസ് സ്റ്റാമ്പ്

Published

|

Last Updated

ദുബൈ വിമാനത്താവളത്തില്‍ യാത്രക്കാരെ ദുബൈ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നു. ഇന്‍സൈറ്റില്‍ ദുബൈ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍
നടപടികള്‍ക്കായി ഉപയോഗിച്ച ഹാപ്പിനസ് സ്റ്റാമ്പ്‌

ദുബൈ: ലോക സന്തോഷദിനത്തില്‍ ദുബൈ രാജ്യന്തര വിമാനത്താവളത്തില്‍ യാത്രക്കാരുടെ പാസ്‌പോര്‍ട്ടില്‍ എമിഗ്രേഷന്‍ നടപടികളുടെ ഭാഗമായി പതിപ്പിച്ചത് ഹാപ്പിനസ് സ്റ്റാമ്പുകള്‍. ഇന്നലെ പുഞ്ചിരിയുടെ മുഖമണിഞ്ഞ മുദ്രണമാണ് എമിഗ്രേഷന്‍ നടപടികള്‍ക്കായി ഉപയോഗിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

സന്തോഷദിനത്തില്‍ ദുബൈയില്‍ എത്തുന്ന യാത്രക്കാരെ സ്വീകരിക്കാന്‍ ദുബൈ വിമാനത്താവളങ്ങളിലും ഹത്ത അതിര്‍ത്തിയിലും വിപുലമായ പരിപാടികളാണ് താമസ കുടിയേറ്റ വകുപ്പ് (ദുബൈ എമിഗ്രേഷന്‍) ഒരുക്കിയിരുന്നത്. സഞ്ചാരികള്‍ക്ക് ഉജ്വല വരവേല്‍പാണ് ദുബൈ എമിഗ്രേഷന്‍ വകുപ്പ് നല്‍കിയത്. ലോക സന്തോഷ സന്ദേശ കാര്‍ഡും മധുരപലഹാരങ്ങളും വിലപിടിപ്പുള്ള സമ്മാനങ്ങളും നല്‍കിയാണ് യാത്രക്കാരെ ദുബൈയിലേക്ക് വരവേറ്റത്. ദുബൈ വിമാനത്താവളത്തിലെ ഒരോ പാസ്പോര്‍ട്ട് ചെക്കിംഗ് കൗണ്ടറിലും സന്തോഷ ദിനത്തിന്റെ വരവറിയിക്കുന്ന സന്തോഷ മുദ്രകളും പതിപ്പിച്ചിരുന്നു. വിമാനത്താവളത്തില്‍ എത്തിയ ഒരേ യാത്രക്കാര്‍ക്കും സന്തോഷത്തിന്റെ വൈവിധ്യമാര്‍ന്ന അനുഭവങ്ങളാണ് ദുബൈ എമിഗ്രേഷന്‍ വകുപ്പ് ഈ ദിനത്തില്‍ സമ്മാനിച്ചത്.

അതിനിടെ വകുപ്പിന്റെ വിവിധ ഉപഭോക്തൃ സന്തുഷ്ടി കേന്ദ്രങ്ങളില്‍ വൈവിധ്യമാര്‍ന്ന ചടങ്ങുകളാണ് സംഘടിപ്പിച്ചത്. വകുപ്പിന്റെ ഓഫീസില്‍ എത്തിയ ഉപയോക്താക്കള്‍ക്ക് നിരവധി സമ്മാനങ്ങളും ചോക്ലേറ്റുകളും നല്‍കിയാണ് സ്വീകരിച്ചത്.

മുഖ്യകാര്യാലയമായ ജാഫ്‌ലിയയിലെ ഓഫീസില്‍ വിവിധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. ജീവനക്കാര്‍ക്ക് ജോലിയില്‍ പ്രവേശിക്കാനുള്ള വിരല്‍ പഞ്ചിംഗ് ഇന്നലെ ഇല്ലായിരുന്നു. സന്തോഷ ദിനത്തിന്റെ പ്രസക്തി ഉളവാക്കുന്ന സന്ദേശ ഫഌക്‌സില്‍ ജീവനക്കാര്‍ തങ്ങളുടെ ഹാപ്പിനസ് മുദ്ര ആലേഖനം ചെയ്തു സന്ദേശമറിയിച്ചു. ഓഫീസുകള്‍ തോറും വിവിധ സമ്മാനങ്ങളും പര്‍ച്ചേസ് കൂപ്പണുകളും നല്‍കി. 200ലേറെ രാജ്യക്കാര്‍ ഏറെ സൗഹൃദത്തോടെയും സന്തോഷത്തോടെയും അധിവസിക്കുന്ന രാജ്യമാണ് യു എ ഇ. എല്ലാവര്‍ക്കും സന്തോഷ ജീവിതത്തിന്റെ മഹത്തായ മാത്യക ജീവിതം പ്രധാന്യം നല്‍കനാണ് രാജ്യത്തെ ഭരണാധികാരികള്‍ എപ്പോഴും ആഗ്രഹിക്കുന്നത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ഈ രംഗത്തെ കാഴ്ചപ്പാടുകള്‍ ഏറെ പ്രസക്തമാണ്. താമസ കുടിയേറ്റ വകുപ്പ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി സന്തോഷദിന സന്ദേശത്തില്‍ അറിയിച്ചു