Connect with us

National

ഝാര്‍ഖണ്ഡ് ഗോ രക്ഷാ കൊലപാതകം: ബിജെപി നേതാവ് അടക്കം 11 പേർക്ക് ജീവപര്യന്തം

Published

|

Last Updated

റാഞ്ചി: ഝാര്‍ഖണ്ഡില്‍ ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് യുവാവിനെ തല്ലിക്കൊന്ന കേസില്‍ ബി.ജെ.പി നേതാവ് നിത്യാനന്ദ് മഹാതോ അടക്കമുള്ള പതിനൊന്ന് പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ജാര്‍ഖണ്ഡ് അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.  പതിനൊന്ന് പ്രതികളില്‍ മൂന്ന് പേര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം സംശയാതീതമായി തെളിഞ്ഞതായി കോടതി കണ്ടെത്തി.

അസ്ഗര്‍ അന്‍സാരിയെന്ന അലിമുദ്ദീനാണ് കഴിഞ്ഞ വര്‍ഷം ബീഫിന്റ പേരില്‍ ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് ഇയാളുടെ കാറിന് തീയിടുകയും ചെയ്തിരുന്നു. കേസില്‍ ഝാര്‍ഖണ്ഡിലെ സെഷന്‍സ് കോടതിയാണ് പ്രാദേശിക ബി ജെ പി നേതാവുള്‍പ്പെടെ പതിനൊന്ന് പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇതാദ്യമായാണ് ഗോരക്ഷാ ആക്രമണത്തിന്റെ പേരിലുള്ള കേസില്‍ ശിക്ഷാ വിധി പ്രഖ്യാപിക്കുന്നത്.

തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് അമ്പത് കിലോമീറ്റര്‍ അകലെ രാംഗഢ് ജില്ലയിലെ ബജര്‍ടന്‍ഡ് ഗ്രാമത്തില്‍ കഴിഞ്ഞ ജൂണിലാണ് സംഭവം. മാരുതി വാനില്‍ സഞ്ചരിക്കുകയായിരുന്ന അലിമുദ്ദീനെ (45) ഒരു സംഘമാളുകള്‍ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. വാഹനത്തില്‍ ബീഫ് സൂക്ഷിച്ചുവെന്നാരോപിച്ചായിരുന്നു ആക്രമണം. ഇയാളെ ജില്ലയിലെ ആശുപത്രിയിലും പിന്നീട് റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
മര്‍ദനമേറ്റ അലിമുദ്ദീന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് അലിമുദ്ദീനെ ആക്രമിച്ചതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ആരോപിച്ചിരുന്നു. ഗോരക്ഷയുടെ പേരിലുള്ള ആക്രമണത്തെ ന്യായീകരിക്കാന്‍ സാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദില്‍ പറഞ്ഞതിനു പിന്നാലെയാണ് ഝാര്‍ഖണ്ഡിലെ ആക്രമണം.