മുസ്‌ലിം സംഘടനകള്‍ക്കിടയിലെ വഖ്ഫ് തര്‍ക്കം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കും: മന്ത്രി ജലീല്‍

അടുത്ത മാസം ഒമ്പതിന് കോഴിക്കോട് അദാലത്ത്
Posted on: March 21, 2018 6:04 am | Last updated: March 21, 2018 at 1:08 am

തിരുവനന്തപുരം: വഖഫ് സ്വത്ത് സംബന്ധിച്ച് സംസ്ഥാനത്തെ മുസ്‌ലിം സംഘടനകളിലെ പ്രധാന കക്ഷികള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണന്നും ഇതിന്റെ ഭാഗമായി ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയെന്നും മന്ത്രി കെ ടി ജലീല്‍ നിയമസഭയില്‍ പറഞ്ഞു. ധനാഭ്യര്‍ഥന ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

ഇതിന്റെ ഭാഗമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് വഖഫ് ബോര്‍ഡ് മുന്‍കൈയെടുത്ത് അദാലത്ത് നടത്തുന്നു. ഇതിന്റെ ആദ്യഘട്ടം അടുത്ത മാസം ഒമ്പതിന് നടക്കും. മദ്‌റസാധ്യാപക ക്ഷേമനിധിയില്‍ ഇതുവരെ 16,106 പേരാണ് അംഗങ്ങളായത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 2,000ത്തിലധികം പേര്‍ പുതുതായി അംഗങ്ങളായി പ്രവര്‍ത്തിക്കുന്ന 17 മൈനോറിറ്റി കോച്ചിംഗ് സെന്ററിലൂടെ കഴിഞ്ഞവര്‍ഷം മാത്രം 20 ശതമാനം ഉഗ്യോഗാര്‍ഥികള്‍ക്ക് ജോലി ഉറപ്പാക്കാനായി. വഖഫ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനാണ് വഖഫ് ബോര്‍ഡില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ വഖഫ് ആക്ട് ഭേദഗതി സംസ്ഥാന സര്‍ക്കാറിന് സാധ്യമല്ലെന്ന് പ്രതിപക്ഷത്തെ അഡ്വ. ഉമര്‍ ചൂണ്ടിക്കാട്ടി. വഖഫ് നിയമനങ്ങള്‍ക്കുള്ള അധികാരം സര്‍ക്കാറിനുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇതുവരെ വഖഫ് ബോര്‍ഡിലേക്ക് എംപ്ലോയ്‌മെന്റ് വഴിയായിരുന്നു നിയമനങ്ങള്‍ നടത്തിയിരുന്നത്. എന്നാല്‍, ഈ നിയമനങ്ങള്‍ പി എസ് സിക്ക് വിട്ടതുവഴി കഴിവും കാര്യക്ഷമതയുമുള്ള മുസ്‌ലിം യുവ ജനങ്ങളെ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ട നഴ്‌സിംഗ്, പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകള്‍ക്കും സര്‍ക്കാര്‍, എയ്ഡഡ് പോളിടെക്‌നിക്കുകളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌റ്റൈപന്‍ഡ് നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി. നഴ്‌സിംഗ്, പാരമെഡിക്കല്‍ കോഴ്‌സ് ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് 10,000 രൂപയും പോളിടെക്‌നിക്ക് കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക് 6,000 രൂപയുമാണ് സ്‌റ്റൈപന്റായി നല്‍കുക. ന്യൂനപക്ഷവകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ഇമ്പിച്ചിബാവ ഹൗസ് ഇന്നവേഷന്‍ പ്രോജക്ടിലൂടെ അര്‍ഹരായ 1,000 ഗുണഭോക്താക്കള്‍ക്ക് അരലക്ഷം രൂപ വീതം ഭവനപുനരുദ്ധാരണത്തിന് നല്‍കും. ഇതിനായുള്ള ഗുണഭോക്തൃ പട്ടിക തയാറായി. മതാധ്യാപകര്‍ക്കും മതപ്രഭാഷകര്‍ക്കും സൈക്കോളജിക്കല്‍ ഇന്റലക്ച്വല്‍ ക്ലാസുകള്‍ നല്‍കാന്‍ ഉതകുന്ന തരത്തിലുള്ള മൈനോറിറ്റി ഡെവലപ്‌മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കും.